പുതിയ കോച്ച് കാർലോ ആൻചലോട്ടിക്കു കീഴിൽ സ്വന്തമാക്കുന്ന ആദ്യ ജയത്തോടെയാണ് മഞ്ഞപ്പട അമേരിക്കയിലേക്കുള്ള ടിക്കറ്റെടുത്തത്. 44-ാം മിനുട്ടിൽ വിനിഷ്യസ് ജൂനിയർ നേടിയ ഗോളിലായിരുന്നു ബ്രസീലിന്റെ ജയം. ഇതോടെ, എല്ലാ ഫുട്ബോൾ ലോകകപ്പിനും യോഗ്യത നേടിയ ടീം എന്ന സ്വന്തം റെക്കോർഡ് ബ്രസീൽ നിലനിർത്തി.
അതേസമയം, സ്വന്തം കാണികൾക്കു മുന്നിൽ ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2024 നവംബറിനു ശേഷം ആദ്യമായി സൂപ്പർ താരം ലയണൽ മെസ്സി പ്ലെയിങ് ഇലവനിൽ വന്നെങ്കിലും കൊളംബിയക്കെതിരെ ജയം കാണാൻ കഴിഞ്ഞില്ല. ആദ്യപകുതിയിൽ ലൂയിസ് ഡിയാസ് കൊളംബിയക്കു വേണ്ടിയും രണ്ടാം പകുതിയിൽ തിയാഗോ അൽമാഡ ആതിഥേയർക്കു വേണ്ടിയും ഗോൾ നേടി. രണ്ടാം പകുതിയിൽ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ടത് അർജന്റീനയ്ക്ക് തിരിച്ചടിയായി.
കരുത്തുകാട്ടി ബ്രസീൽ
ഇക്വഡോറിനെതിരെ ഗോൾരഹിത സമനില വഴങ്ങിയ സംഘത്തിൽ കാര്യമായ അഴിച്ചുപണി നടത്തിയാണ് ആൻചലോട്ടി പാരഗ്വായ്‌ക്കെതിരെ ബ്രസീൽ ടീമിനെ ഇറക്കിയത്. പ്രതിരോധനിരക്കാരെയും ഗോൾകീപ്പറെയും അതേപടി നിലനിർത്തിയെങ്കിലും റഫിഞ്ഞ, ഗബ്രിയേൽ മാർട്ടിനെല്ലി, മാത്യൂസ് കുഞ്ഞ എന്നിവരെ ഉൾപ്പെടുത്തി ആക്രമണം ശക്തമാക്കി. തുടക്കം മുതൽ തന്നെ ബ്രസീലിന്റെ നീക്കങ്ങളിൽ കൂടുതൽ ലക്ഷ്യബോധം ദൃശ്യമായിരുന്നു.
മൂന്നാം മിനുട്ടിൽ വാൻഡേഴ്‌സന്റെ പാസിൽ നിന്ന് മാത്യൂസ് കുഞ്ഞക്ക് അവസരം ലഭിച്ചെങ്കിലും മുതലെടുക്കാൻ കഴിഞ്ഞില്ല. എട്ടാം മിനുട്ടിൽ റഫിഞ്ഞയുടെ ഷോട്ട് പാരഗ്വായ് കീപ്പർ പിടിച്ചെടുക്കുകയും ചെയ്തു. 12-ാം മിനുട്ടിൽ വലതുഭാഗത്തു നിന്ന് ഗോളിന് കുറുകെ കുഞ്ഞ നൽകിയ പാസിൽ വിനിഷ്യസ് ടച്ച് നൽകിയെങ്കിലും ഗോളിലേക്കു നയിക്കാൻ കഴിഞ്ഞില്ല.
മികച്ച നീക്കങ്ങളുണ്ടായിട്ടും ഗോൾ മാത്രം അകന്നു നിൽക്കുന്നതിനിടെയാണ് 44-ാം മിനുട്ടിൽ വിനിഷ്യസിന്റെ ഗോൾ വന്നത്. ഗോൾകീപ്പർ അലിസൺ ബക്കർ തുടങ്ങിവച്ച നീക്കത്തിനൊടുവിൽ മാത്യുസ് കുഞ്ഞ നൽകിയ പാസ് രണ്ട് പ്രതിരോധക്കാർക്കിടയിലൂടെ വിനിഷ്യസ് വലയിലാക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ലീഡ് വർധിപ്പിക്കാൻ ബ്രസീൽ കിണഞ്ഞു ശ്രമിച്ചെങ്കിലും പാരഗ്വായ് പ്രതിരോധത്തിന്റെ കണിശതയും ഗോൾകീപ്പർ ഗറ്റിറ്റോ ഫെർണാണ്ടസിന്റെ സേവുകളും തടസ്സമായി. കിട്ടിയ അവസരങ്ങളിൽ പാരഗ്വായ് ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും ബ്രസീലിന്റെ ഒത്തൊരുമയ്ക്കും താരപ്പൊലിമയ്ക്കും മുന്നിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
തിരിച്ചുവന്ന് അർജന്റീന
ലിവർപൂൾ താരം ലൂയിസ് ഡിയാസിന്റെ മനോഹരമായ ഒരു സോളോ ഗോളിലാണ് അർജന്റീനയക്കെതിരെ കൊളംബിയ മുന്നിലെത്തിയത്. കൗണ്ടർ അറ്റാക്കിൽ മിഡ്ഫീൽഡർ കസ്താനോയിൽ നിന്ന് പന്ത് സ്വീകരിച്ച് ഇടതുവിംഗിലൂടെ സ്വതന്ത്രനായി കുതിച്ചുകയറിയ ഡിയാസ് നാല് പ്രതിരോധക്കാർക്കിടയിലൂടെ ബോക്‌സിൽ പ്രവേശിച്ച് എമിലിയാനോ മാർട്ടിനസിനെ കീഴടക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ അർജന്റീന സമനില ഗോളിനായി ശ്രമിക്കുന്നതിനിടെ പന്തിനായുള്ള പോരാട്ടത്തിൽ എൻസോ കൊളംബിയൻ താരം കെവിൻ കസ്താനോയുടെ മുഖത്ത് ചവിട്ടിയതോടെ റഫറി ചുവപ്പുകാർഡ് പുറത്തെടുത്തു.
77-ാം മിനുട്ടിൽ പ്രതിരോധക്കാർക്കിടയിലൂടെ വെട്ടിച്ചുകയറിയ മെസ്സിയുടെ ഗോൾശ്രമം കൊളംബിയ വിഫലമാക്കിയതിനു പിന്നാലെ സൂപ്പർ താരത്തെ പിൻവലിച്ച് അർജന്റീന എസിക്വീൽ പലാഷ്യസിനെ കൊണ്ടുവന്നു.
പൂർണമായും പ്രതിരോധത്തിലേക്കു വലിഞ്ഞ കൊളംബിയ ലീഡ് സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 81-ാം മിനുട്ടിലാണ് ഗോൾ വന്നത്. മികച്ച പാസുകളിലൂടെ സമ്മർദം ചെലുത്തിയ ലോകചാമ്പ്യന്മാർക്ക് ഇത്തവണ തുണയായത് യുവതാരം തിയാഗോ അൽമാഡയുടെ വ്യക്തിഗത മികവാണ്. പലാഷ്യസിൽ നിന്ന് പന്ത് സ്വീകരിച്ച് പ്രതിരോധക്കാരെ നിഷ്പ്രഭരാക്കിബോക്‌സിൽ കയറി അൽമാഡ വലങ്കാൽ കൊണ്ടു തൊടുത്ത ഷോട്ട് ഗോൾകീപ്പർക്ക് അവസരം നൽകാതെ ഇടതുബോക്‌സിന്റെ മൂലയിൽ ചെന്നുകയറി. രണ്ട് കൊളംബിയൻ താരങ്ങളുടെ കാലുകൾക്കിടയിലൂടെ ചെന്നാണ് പന്ത് ലക്ഷ്യം കണ്ടത്.