മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.

1931 മാര്‍ച്ച് 11ന് ശൂരനാട് തെന്നല വീട്ടില്‍ എന്‍ ഗോവിന്ദപ്പിള്ളയുടേയും ഈശ്വരിയമ്മയുടേയും പുത്രനായി ജനിച്ചു. മൂന്നു തവണ രാജ്യസഭാ എംപി, രണ്ടു തവണ നിയമസഭാംഗം, രണ്ടു തവണ കെപിസിസി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ച തെന്നല ബാലകൃഷ്ണപിള്ള കൊല്ലം ജില്ലയിലെ ശൂരനാട് സ്വദേശിയാണ്. 1977-ലും 1982-ലും അടൂരില്‍നിന്ന് നിയമസഭയിലെത്തി. 1998ലും 2004ലും കെ.പി.സി.സി അധ്യക്ഷനായിരുന്നു.തിരുവനന്തപുരം എം.ജി. കോളേജില്‍ നിന്ന് ബി.എസ്.സി യില്‍ ബിരുദം നേടി പഠനം പൂര്‍ത്തിയാക്കി. കോണ്‍ഗ്രസിന്റെ പുളിക്കുളം വാര്‍ഡ് കമ്മറ്റി പ്രസിഡന്റായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു. പിന്നീട് കുന്നത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടേയും പ്രസിഡന്റായി പ്രവര്‍ത്തിച്ചു. പിന്നീട് കൊല്ലം ഡി.സി.സി പ്രസിഡന്റായി. 1967, 1980, 1987 വര്‍ഷങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ അടൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.