സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഉച്ചയ്ക്ക് പവന് 480 രൂപ കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഉച്ചയ്ക്ക് പവന് 480 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് സ്വർണത്തിന്റെ വില 72,760 രൂപയായി കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ വില 9095 രൂപയായി. ഇന്ന് രാവിലെ ഒരു പവന് സ്വർണത്തിന് 73,240 രൂപയായിരുന്നു. ഇന്നലെ പവന് 73,840 ആയിരുന്ന സ്വർണം ഇന്ന് രാവിലെ 73,240 രൂപയായി കുറഞ്ഞു. രാവിലെ പവന് 600 രൂപയാണ് കുറവ് വന്നത്. ഇതോടെ ഇന്ന് മാത്രം ഒരു പവന് സ്വർണത്തിന് 1080 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വിലയായ 74,560 രൂപയില്‍ നിന്ന് പവന് 1,320 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഈ കുറവ് കണ്ട് ആഭരണം വാങ്ങാന്‍ കടയിലേക്ക് പോയാല്‍ പെട്ടുപോകും. കാരണം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്വര്‍ണാഭരണം വാങ്ങാന്‍ ഈ തുക മതിയാകില്ല.ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 83,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്‍റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്‍റെ വില നിര്‍ണയിക്കുന്നതിന്‍റെ അടിസ്ഥാന ഘടകങ്ങള്‍. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.

ആഗോള വിപണിയില്‍ സ്വര്‍ണ വില രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇന്നലെ ഔണ്‍സിന് 3,344.48 ഡോളറിലായിരുന്നു. ഇന്ന് നേരിയ വര്‍ധനയോടെ 3,53.46 ഡോളറിലെത്തിയിട്ടുണ്ട്. ക്രൂഡോയില്‍ വിലയും ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ വന്‍തോതില്‍ ഇടിഞ്ഞു.