ഇന്ന് ഉച്ചയ്ക്ക് 12.01ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്സ് 39എ-യില്‍ നിന്നാണ് ആക്സിയം 4 ദൗത്യം വിക്ഷേപിച്ചത്. ആക്സിയം യാത്രികരെ വഹിച്ച് സ്പേസ് എക്‌സിന്‍റെ ഡ്രാഗണ്‍ പേടകം കരുത്തുറ്റ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ കുതിച്ചുയരുകയായിരുന്നു. സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസ്, നാസയും സ്പേസ് എക്‌സുമായി ചേര്‍ന്നാണ് ഈ ബഹിരാകാശ ദൗത്യം സംഘടിപ്പിച്ചിരിക്കുന്നത്. നാസ, ഐഎസ്ആര്‍ഒ സഹകരണത്തിന്‍റെ ഭാഗമായി യാത്രയില്‍ ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്കും അവസരം ലഭിച്ചു. ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിലുള്ളത്. പരിചയസമ്പന്നയായ പെഗ്ഗിയാണ് ദൗത്യത്തിന്‍റെ കമാന്‍ഡര്‍. ശുഭാംശു ശുക്ല മിഷന്‍ പൈലറ്റിന്‍റെ ചുമതല വഹിക്കുന്നു.
കുതിച്ചുയര്‍ന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ്, ആക്സിയം 4 ദൗത്യം വിക്ഷേപിച്ചു; ശുഭയാത്ര തുടങ്ങി ശുഭാംശു ശുക്ല
കുതിച്ചുയര്‍ന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ്, ആക്സിയം 4 ദൗത്യം വിക്ഷേപിച്ചു; ശുഭയാത്ര തുടങ്ങി ശുഭാംശു ശുക്ല
ആക്‌സിയം 4 ദൗത്യ വിക്ഷേപണം പൂര്‍ത്തിയായതോടെ രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടം ശുഭാംശു ശുക്ല സ്വന്തമാക്കി. നീണ്ട 41 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തെത്തുന്നത്. 1984ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ സന്ദര്‍ശനത്തിന് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശുഭാംശു ശുക്ലയുടെ യാത്ര. എന്നാല്‍ രാകേഷ് ശര്‍മ്മയുടെ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കായിരുന്നില്ല. അതിനാല്‍, ഡ്രാഗണ്‍ പേടകം ഡോക്ക് ചെയ്യുന്നതോടെ ഐഎസ്എസിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം ശുഭാംശു ശുക്ലയുടെ പേരിലാകും.