രാജ്യത്തുടനീളമുള്ള ദേശീയപാതകളിലൂടെ സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര സാധ്യമാക്കുന്നതായിരിക്കും വാർഷിക പാസ് എന്ന് ഗഡ്‍കരി പറഞ്ഞു. ആക്ടിവേഷനും പുതുക്കലിനുമുള്ള ലിങ്ക് ഉടൻ തന്നെ രാജ്മാർഗ് യാത്ര ആപ്പിലും നാഷണൽ ഹൈവേസ് അസോസിയേഷൻ ഓഫ് ഇന്ത്യ, (റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ലഭ്യമാക്കും എന്നും അദ്ദേഹം പറഞ്ഞു.
60 കിലോമീറ്റർ പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസകളെക്കുറിച്ചുള്ള ദീർഘകാല ആശങ്കകൾ പരിഹരിക്കുന്നതിനും താങ്ങാനാവുന്ന വിലയിലുള്ള ഒറ്റ ഇടപാടിലൂടെ ടോൾ പേമെന്‍റുകൾ ലളിതമാക്കുന്നതിനുമാണ് ഈ നയം. കാത്തിരിപ്പ് സമയം കുറയ്ക്കുക, തിരക്ക് കുറയ്ക്കുക, ടോൾ പ്ലാസകളിലെ തർക്കങ്ങൾ കുറയ്ക്കുക തുടങ്ങിയവയിലൂടെ ദശലക്ഷക്കണക്കിന് സ്വകാര്യ വാഹന ഉടമകൾക്ക് വേഗതയേറിയതും സുഗമവുമായ യാത്രാ അനുഭവം നൽകുക എന്നതാണ് വാർഷിക പാസ് ലക്ഷ്യമിടുന്നത് എന്നും ഗഡ്‍കരി വ്യക്തമാക്കി.
ദേശീയപാത യാത്ര കൂടുതൽ സുഗമവും യാത്രക്കാർക്ക് ലാഭകരവുമാക്കാൻ കഴിയുന്ന ഒരു പുതിയ ടോൾ നയത്തിൽ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം ചർച്ചകൾ ഉണ്ടായിരുന്നു. അന്ന് രണ്ട് തരം പുതിയ പാസുകളെക്കുറിച്ചുള്ള കിംവദന്തികൾ ഉണ്ടായിരുന്നു. 3,000 രൂപയ്ക്ക് ഒറ്റത്തവണ ഫാസ്റ്റ് ടാഗ് റീചാർജ് ചെയ്താൽ സ്വകാര്യ വാഹനങ്ങൾക്ക് ദേശീയ പാതകളിലൂടെയും സംസ്ഥാന എക്‌സ്പ്രസ് വേകളിലൂടെയും ഒരു വർഷത്തേക്ക് അധിക ടോൾ നിരക്കുകളില്ലാതെ സഞ്ചരിക്കാൻ കഴിയുന്നതായിരുന്നു ഒരെണ്ണം. വാർഷിക മോഡൽ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കാത്തവർക്ക്, നിലവിലെ ടോൾ പ്ലാസ ഫീസ് ഘടനയ്ക്ക് പകരമായി 100 കിലോമീറ്ററിന് 50 രൂപ എന്ന നിരക്കിൽ ടോൾ ഏർപ്പെടുത്താൻ കഴിയുന്ന ദൂരാധിഷ്‍ഠിത മോഡലായിരുന്നു രണ്ടാമത്തേത്. ഇപ്പോൾ ആദ്യത്തേത് പ്രഖ്യാപിച്ചുകഴിഞ്ഞു. രണ്ടാമത്തെ ഓപ്ഷനും പ്രാബല്യത്തിൽ വരുത്തുമോ എന്ന് വ്യക്തമല്ല. 30,000 രൂപ വിലവരുന്നതും എന്നാൽ 15 വർഷത്തേക്ക് മാത്രം സാധുതയുള്ളതുമായ 'ലൈഫ് ടൈം ഫാസ്റ്റ് ടാഗ്' എന്ന മുൻ നിർദ്ദേശം സർക്കാർ ഒഴിവാക്കിയിരുന്നു എന്നതും ശ്രദ്ധേയമാണ്.