പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണം. 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍. അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പറാണ് പിടിയിലായത്. ക്ഷേത്ര വിജിലന്‍സ് ആണ് ഇയാളെ പിടികൂടിയത്. അതേസമയം മോഷണം മറച്ചുവെയ്ക്കാന്‍ ശ്രമം നടന്നതായും ആരോപണമുണ്ട്.

കഴിഞ്ഞമാസം ക്ഷേത്രത്തില്‍ 13 പവന്റെ സ്വര്‍ണദണ്ഡ് കാണാതായിരുന്നു. പിന്നാലെ രണ്ടു ദിവസത്തിനുശേഷം മണലില്‍ പൊതിഞ്ഞനിലയില്‍ സ്വര്‍ണദണ്ഡ് കണ്ടെത്തിയിരുന്നു.സംഭവത്തില്‍ എട്ട് പേരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് ഫോര്‍ട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. അഞ്ച് ക്ഷേത്ര ജീവനക്കാരും ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയുന്ന ജോലിചെയ്ത മൂന്ന് പേരും ഉള്‍പ്പെടെ എട്ടുപേര്‍ക്കായിരുന്നു നുണപരിശോധന. ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് ലഭിച്ചത്.

വടക്കേ ശീവേലിപ്പുരയ്ക്ക് സമീപത്തെ മണലില്‍നിന്ന് ദണ്ഡ് കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. വാതില്‍ സ്വര്‍ണംപൂശുന്ന ജോലിക്കാര്‍, ഒരു വിഭാഗം ജീവനക്കാര്‍, കാവല്‍നിന്ന പൊലീസുകാര്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.