നിലമ്പൂരിൽ ആര്യാടൻ 2.0 ; ഒൻപതു വർഷത്തെ ഇടവേളയ്ക്ക് ശേഷം ആര്യാടൻ തുടരും

ഒൻപതു വർഷത്തിനുശേഷം നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്. കോൺഗ്രസിലെ മുതിർന്ന നേതാവും മുൻമന്ത്രിയുമായിരുന്ന അന്തരിച്ച ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്ത് മണ്ഡലം തിരിച്ചുപിടിച്ചത് 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. മലപ്പുറം ജില്ലയിൽ ആര്യാടൻ മുഹമ്മദിന് ചുറ്റുമാണ് കോൺഗ്രസ് കറങ്ങിത്തിരിഞ്ഞത്. 1965ലായിരുന്നു ആര്യാടൻ ആദ്യ മത്സരത്തിനിറങ്ങിയത്. 1977ൽ വിജയിച്ച് നിയമസഭയിലെത്തി. 1982നുശേഷം 2016വരെ മറ്റൊരും നിലമ്പൂരിൽ കോൺഗ്രസിൽ നിന്ന് മത്സരിച്ചിട്ടില്ല. 1982ൽ ടി കെ ഹംസയോട് മാത്രമാണ് ആര്യാടന്റെ പരാജയം. അത്തരമൊരു ചരിത്രമുള്ള മണ്ഡലത്തിലാണ് പിതാവിന്റെ പിൻഗാമിയായി ഷൗക്കത്ത് 2016ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായത്. പക്ഷേ അന്ന് പി വി അൻവറിന് മുന്നിൽ വീണു. എന്നാൽ ഇത്തവണ മികച്ച വിജയവുമായി ആര്യാടൻ ഷൗക്കത്ത് തിളങ്ങിനിൽ‌ക്കുന്നു.
2016ൽ നഷ്ടമായ മണ്ഡലം തിരികെ പിടിക്കുക എന്നത് അഭിമാന പോരാട്ടമായി കോൺഗ്രസ് കണ്ടു. ഷൗക്കത്താണ് സ്ഥാനാർത്ഥിയെന്ന് കോണ്‍ഗ്രസ് നേരത്തെ ഉറപ്പിച്ചിരുന്നുവെങ്കിലും ഇടതുപക്ഷം വിട്ട് യുഡിഎഫിലേക്ക് ചേക്കേറാന്‍ ശ്രമിച്ച പി വി അന്‍വറിന്റെ കടുത്ത എതിര്‍പ്പിന അതിജീവിക്കണമായിരുന്നു. എന്നാൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉറച്ച നിലപാടെടുത്തു. യുഡിഎഫ് ഒറ്റക്കെട്ടായി ഒപ്പം നിന്നു. പി വി അൻവർ ഇടഞ്ഞ് മത്സരരംഗത്തെത്തിയതോടെ യുഡിഎഫ് ക്യാംപിൽ ആശങ്ക ഉയർന്നിരുന്നു. എന്നാൽ ഇതെല്ലാം അസ്ഥാനത്താക്കിയാണ് ഷൗക്കത്ത് ജയിച്ചുകയറിയത്.നിലമ്പൂര്‍ മലയോര പ്രദേശങ്ങളിലെ കാട്ടാന ശല്യം മുതല്‍ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷംവരെയുള്ള വിഷയങ്ങള്‍ സജീവ ചര്‍ച്ചയായി. ജമാ അത്തെ ഇസ്ലാമിയും പിഡിപിയും ആര്‍എസ്എസും പിണറായിസവും സതീശനിസവുമെല്ലാം തരാതരം പോലെ മുന്നണി നേതാക്കൾ പ്രയോഗിച്ചു. ഇക്കാലമത്രയും സ്വതന്ത്രപരീക്ഷണത്തിന് മാത്രം നിന്ന ഇടതുപക്ഷം 19 വര്‍ഷത്തിന് ശേഷം എം സ്വരാജെന്ന സിപിഎമ്മിന്റെ യുവനേതാവിന് നിലമ്പൂരില്‍ അവസരം കൊടുത്തു. ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വത്തോട് വലിയതോതിലുള്ള എതിർപ്പ് കോൺഗ്രസിനുള്ളിൽ ഉണ്ടാകുമെന്നായിരുന്നു എൽഡിഎഫിന്റെ കണക്കുകൂട്ടൽ‌. എന്നാൽ ഒറ്റക്കെട്ടായി യുഡിഎഫ് രംഗത്തിറങ്ങുന്നതാണ് പിന്നീട് കണ്ടത്.ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍പാര്‍ട്ടി യുഡിഎഫിന് പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു. പിഡിപി ഇടത് സ്ഥാനാർത്ഥിക്കും പരസ്യ പിന്തുണ നൽകി. പിഡിപിയെ അംഗീകരിച്ചും ജമാ അത്തെ ഇസ്ലാമിയെ തള്ളിയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിവാദത്തിന് തുടക്കമിട്ടെങ്കിൽ അതവസാനിച്ചത് ആര്‍എസ്എസ് സിപിഎം ബാന്ധവമെന്ന ആരോപണത്തിലാണ്. ഒടുവില്‍ വോട്ടെടുപ്പ് കഴിഞ്ഞാണെങ്കിൽ പോലും സംസ്ഥാന സെക്രട്ടറിയെ മുഖ്യമന്ത്രിക്ക് തിരുത്തേണ്ടിവന്നു.ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാർത്ഥിയായാല്‍ വോട്ടുകുറയുമെന്ന കാര്യം 2016ലെ ഫലത്തെ അടിസ്ഥാനമാക്കി അന്‍വര്‍ വാദിച്ചെങ്കിലും ഇതിനെ കൃത്യമായി മറികടക്കാന്‍ ഇത്തവണ യുഡിഎഫിനായി. 2016ല്‍ 40.83 ശതമാനം വോട്ടാണ് ഷൗക്കത്ത് മത്സരിച്ചപ്പോള്‍ യുഡിഎഫിന് ലഭിച്ചിരുന്നതെങ്കില്‍ 2021ല്‍ വി വി പ്രകാശ് മത്സരിച്ചപ്പോള്‍ അത് 45.3 ശതമാനത്തിലേക്കെത്തിക്കാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നു. എന്നാല്‍ 2025 ല്‍ വീണ്ടും ഷൗക്കത്ത് വന്നതോടെ 2016ലെ സാഹചര്യത്തിലേക്ക്‌പോവാതെ പിടിച്ച് നില്‍ക്കാന്‍ യുഡിഎഫിന് സാധിച്ചു. ആര്യാടന്‍ വിരുദ്ധ വോട്ടുകള്‍ വിധി നിര്‍ണിയിക്കുമെന്ന അന്‍വറിന്റെ പ്രവചനവും തെറ്റി. അങ്ങനെ ഒമ്പത് വര്‍ഷത്തിന് ശേഷം മണ്ഡലം യുഡിഎഫിനായി പിടിച്ചെടുക്കാന്‍ ആര്യാടന്റെ മകന്‍ ഷൗക്കത്തിനായി.