ത്യാഗസ്മരണയില്‍ ഇന്ന് പ്രവാസലോകത്ത് പെരുന്നാളാഘോഷം. എല്ലാ പ്രവാസികൾക്കും മീഡിയ 16 നേരുന്നു ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ


അബുദാബി: അചഞ്ചലമായ ആദര്‍ശ വിശുദ്ധിയുടെയും ആര്‍ദ്രമായ ആത്മസമര്‍പ്പണത്തിന്റെയും ത്രസിപ്പിക്കുന്ന ഓര്‍മകളുണര്‍ത്തി ഗള്‍ഫ് നാടുകളില്‍ വീണ്ടും ബലിപെരുന്നാള്‍ വന്നണഞ്ഞു. പ്രിയപുത്രനെ ബലിയര്‍പ്പിക്കാന്‍ ഹസ്രത്ത് ഇബ്രാഹീം നബി(അ) കാണിച്ച ത്യാഗത്തിന്റെയും സമര്‍പ്പണ പാതയില്‍ സധൈര്യം ശക്തിപകര്‍ന്ന സഹധര്‍മിണി ഹാജറ ബീവി(റ)യുടെ മനക്കരുത്തിന്റെയും സ്രഷ്ടാവിന്റെ തീരുമാനത്തിനു മുമ്പില്‍ സാ ഷ്ടാംഗം ശിരസു നമിച്ച പ്രിയ മകന്‍ ഹസ്രത്ത് ഇസ്മാഈല്‍ നബി(അ)യുടെയും സഹനസ്മരണകളുയര്‍ത്തിയാണ് പ്രവാസലോകം ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തിയ ലക്ഷക്കണക്കിന് വിശ്വാസികള്‍ പരിശുദ്ധ ഹജ്ജ് പൂര്‍ത്തീകരണത്തിനായി പുണ്യഭൂമിയില്‍ സംഗമിക്കുമ്പോള്‍ ഗള്‍ഫിലെ ഇസ്ലാം മതവിശ്വാസികള്‍ അവരോട് അനുഭാവം പ്രകടിപ്പിക്കുകയും പ്രാര്‍ത്ഥന പങ്കുവെക്കുകയും ചെയ്യുന്ന സുദിനമാണിന്ന്. ഗസ്സയുള്‍പ്പെടെ ലോകത്ത് നീതിക്കായി നിലവിളിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യം കൂടിയാകും ബലിപെരുന്നാള്‍ പ്രാര്‍ത്ഥനകള്‍.

ഈദുല്‍ അള്ഹയുടെ സമ്മോഹന വേളയില്‍ അറബ്,ഇസ്ലാമിക രാഷ്ട്രങ്ങളിലെ രാജാക്കന്മാര്‍ക്കും, അമീറുമാര്‍ക്കും,പ്രസിഡന്റുമാര്‍ക്കും മുഴുവന്‍ ജനങ്ങള്‍ക്കും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഭരണാധികാരികള്‍ക്കും അവരുടെ രാജ്യത്തിനും അവിടത്തെ ജനങ്ങള്‍ക്കും എന്നെന്നും പുരോഗതിയും സമൃദ്ധിയും സുരക്ഷിതത്വവും സുസ്ഥിരതയുമുണ്ടാകട്ടെ എന്ന് ശൈഖ് മുഹമ്മദ് ആശംസിച്ചു.


യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരും അറബ്,ഇസ്്ലാമിക രാഷ്ട്രങ്ങളിലെ രാജാക്കന്മാര്‍ക്കും അമീറുമാര്‍ക്കും പ്രസിഡന്റുമാര്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്നു. വിവിധ എമിറേറ്റിലെ ഭരണാധികാരികളും കിരീടാവകാശികളും രാഷ്ട്ര നായകര്‍ക്കും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഈദ് ആശംസകള്‍ അറിയിച്ചു.
നാലു ദിവസത്തെ അവധിയുടെ ആനന്ദത്തിലാണ് യുഎഇയിലെ പ്രവാസി സമൂഹം പെരുന്നാള്‍ ആഘോഷിക്കുന്നത്. സ്വകാര്യ മേഖലയിലുള്ളവര്‍ക്കും ഇത്തവണ നാലുദിവസം അവധി ലഭിക്കുന്നുവെന്നത് തൊഴിലാളികള്‍ക്ക് ഏറെ ആഹ്ലാദം പകരുന്നതാണ്. ബാച്ചിലര്‍ മുറികളില്‍ കഴിയുന്നവര്‍ തങ്ങളുടെ കുടുംബങ്ങള്‍ കൂടെയില്ലാത്ത മനോവിഷമത്തിനിടയിലും പേരിനെങ്കിലും പെരുന്നാള്‍ ആഘോഷമാക്കിമാറ്റുന്നു. അന്തരീക്ഷ താപനില വളരെ കൂടുതലാണെന്നതിനാല്‍ പാര്‍ക്കുകളിലും മറ്റു തുറസായ സ്ഥലങ്ങളിലും ജനബാഹുല്യം താരതമ്യേന കുറവായിരിക്കും. പെരുന്നാള്‍ ദിനത്തില്‍ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനും സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുമായി ഇതര എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്ന പതിവ് രീതിയും ഇത്തവണ കുറവായിരിക്കും. ശക്തമായ ചുട് തന്നെയാണ് ദീര്‍ഘയാത്രക്ക് തടസമാകുന്നത്.