കൈപിടിച്ച് നിലമ്പൂര്‍; ആര്യാടന്‍ ഷൗക്കത്തിന് തിളക്കമാര്‍ന്ന വിജയം.11005 വോട്ടിന്റെ ലീഡ് നേടിയാണ് ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് തിളക്കമാര്‍ന്ന വിജയം. 11005 വോട്ടിന്റെ ലീഡ് നേടിയാണ് ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്.

പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയത് മുതല്‍ ആര്യാടന്‍ ഷൗക്കത്ത് വ്യക്തമായ ലീഡ് നിലനിര്‍ത്തി. വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്‍, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയും ലീഡ് നേടാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കഴിഞ്ഞു. നിലമ്പൂര്‍ നഗരസഭയിലും കരുളായി, അമരമ്പലം പഞ്ചായത്തുകളിലും ഷൗക്കത്ത് മുന്നേറ്റം നടത്തി.

വോട്ടെണ്ണലിന്റെ ആദ്യ മിനുറ്റുകള്‍ മുതല്‍ കാര്യമായ മുന്‍കൈ ആര്യാടന്‍ ഷൗക്കത്ത് നേടിയിരുന്നു. രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നില്‍. പോത്തുകല്ല് ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോള്‍ ചില ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് നേരിയ മുന്‍തൂക്കം നേടാന്‍ സാധിച്ചത്.34 വര്‍ഷം പിതാവ് ആര്യാടന്‍ മുഹമ്മദിനെ എംഎല്‍എയാക്കിയ നിലമ്പൂരുകാര്‍ അദ്ദേഹത്തിന്റെ മകനെയും ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്.