അവസാന മലയാളി ഹജ്ജ് സംഘം മക്കയിലെത്തി; ഇന്ത്യൻ ഹാജിമാരുടെ യാത്ര ഇന്നത്തോടെ അവസാനിക്കും

മെയ് 10 ന് ജിദ്ദ വിമാന താവളം വഴി വന്നിറങ്ങാൻ തുടങ്ങിയ ഇന്ത്യൻ ഹാജിമാരുടെ യാത്ര ഇന്ന് രാത്രി അഹമ്മദാബാദിൽ നിന്ന് മൂന്ന് വിമാനങ്ങളിലായി ജിദ്ദയിൽ എത്തുന്ന ഹാജിമാരോട് കൂടി പൂർത്തിയാവും. ഇന്ന് പുലരിക്ക് കൊച്ചിയിൽ നിന്ന് സൗദി എയർലൈൻസിൽ മലയാളി ഹാജിമാരെയും വഹിച്ച് ജിദ്ദയിൽ എത്തിയ വിമാനത്തിലെ ഹാജിമാർ മക്കയിലെത്തി. ഇതോടെ മലയാളി ഹാജിമാർ പൂർണ്ണമായും മക്കയിലെത്തി.ജിദ്ദ വിമാന താവളത്തിലെ ടർമിനൽ ഒന്നിൽ നൂറിലേറെ വരുന്ന കെ.എം.സി.സി വളണ്ടിയർമാരും മറ്റു മലയാളി സംഘടന നേതാക്കളും അർദ്ധരാത്രി പിന്നിട്ടിട്ടും ഹാജിമാരെ സ്വീകരിക്കാൻ സജീവമായി രംഗത്തുണ്ടായിരുന്നു. മുന്തിയ ഇനം ഈത്തപഴവും ഔഷധ ചായയും നൽകി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വളണ്ടിയർമാർ ഉച്ചത്തിൽ ലബ്ബൈക്ക ചൊല്ലി കൈ വീശി ഹാജിമാരെ യാത്രയാക്കിയപ്പോൾ മെട്രോയിലേക്ക് പ്രവേശിക്കുന്ന ഹാജിമാർ തിരിഞ്ഞ് നിന്ന് സേവകർക്ക് പ്രത്യാഭിവാദ്യം നേരുന്നത് കാണാമായിരുന്നു.മരോഹരമായ രംഗത്തിന് സാക്ഷികളായ പോലീസ് ഉദ്യോഗസ്ഥരും അറബ് ജീവനക്കാരും ഹാജിമാരെയും സേവകരെയും അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു.

വിമാനതാവളത്തിലെ സേവന പ്രവർത്തനത്തിന് അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, വി.പി. മുസ്തഫ, വി.പി അബ്ദുറഹ്മാൻ,നൗഫൽ റഹേലി, മൂസ്സപട്ടത്ത് നേതൃത്വം നൽകി