പക്ഷി ശല്യം ഒഴിവാക്കാൻ ഇറച്ചി മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. ഇതിനായി വിശദ രൂപരേഖ തയാറാക്കിയെങ്കിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചില്ല. പ്ലാന്‍റ് നിർമാണം നടക്കില്ലെന്ന് ഉറപ്പായതോടെയാണ് കുടുംബങ്ങളെ മാറ്റാനുള്ള തീരുമാനം. വിമാനത്താവളത്തിന് സമീപം ഇറച്ചി കച്ചവടവും കോഴിക്കടകളും പ്രവർത്തിക്കുന്നതും ഇവിടുത്തെ മാലിന്യവുമാണ് പക്ഷി ശല്യം കൂടാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു. ലാൻഡിങ്ങ്, ടേക്ക് ഓഫ് നടത്തുന്ന വിമാനങ്ങളിൽ പക്ഷി ഇടിച്ചുണ്ടായ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇവരെ പ്രദേശത്ത് ഇറച്ചിവിൽപ്പന നടത്തില്ലെന്ന ഉറപ്പിൻമേൽ മാറ്റി പാർപ്പിക്കുന്നത്.
2018 മുതൽ 2023 വരെ വിമാനത്താവളത്തിൽ പക്ഷിയുമായി കൂട്ടിയിടിച്ചത് 124 വിമാനങ്ങളാണെന്നാണ് കേന്ദ്ര സർക്കാരിന്‍റെ കണക്ക്. എന്നാൽ പൈലറ്റുമാർ റിപ്പോർട്ട് ചെയ്ത കേസുകൾ ഇതിലേറെയാണ്. ഗുരുതര സ്വഭാവത്തിലുള്ള പക്ഷിയിടികൾ മാത്രമാണ് കേന്ദ്രത്തിന്‍റെ കണക്കിലുൾപ്പെടുത്തുന്നത്. ലാൻഡിംഗിനായി ഇറങ്ങിയ വിമാനത്തിൽ പക്ഷിയിടിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസവും വിമാനം റദ്ദാക്കേണ്ടി വന്നിരുന്നു.
150 യാത്രക്കാരുമായി മസ്‌കറ്റിൽ നിന്നെത്തിയ ഡബ്ലിയുവൈ 211-ാം നമ്പർ വിമാനത്തിലാണ് പരുന്ത് ഇടിച്ചത്. എൻജിനുള്ളിലേക്ക് പരുന്ത് ഇടിച്ചുകയറിയതോടെ വിമാനത്തിന് ഉലച്ചിലുണ്ടായെങ്കിലും പൈലറ്റിന്‍റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തമൊഴിവായി. എൻജിനുള്ളിൽ അകപ്പെട്ട പരുന്തിനെ ചതഞ്ഞരഞ്ഞ നിലയിലാണ് പിന്നീട് കണ്ടെത്തിയത്. സാങ്കേതിക തകരാർ പരിഹരിച്ചാണ് വിമാനം പിന്നീട് സർവീസ് നടത്തിയത്. പ്രശ്നം ഗുരുതരമായി മാറിയതോടെയാണ് പക്ഷിയിടി ഒഴിവാക്കാൻ നടപടികൾ തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷം തന്നെ ഫ്ലാറ്റ് പൂർത്തിയാക്കി പുനരധിവാസം സാധ്യമാക്കാനുള്ള നടപടികളിലാണ് കോർപ്പറേഷനെന്ന് വാർഡ് കൗൺസിലർ ഷാജിത നാസർ പറഞ്ഞു.