ന്യൂഡൽഹി :നിയന്ത്രണരേഖ മുറിച്ചു കടക്കാതെ പാക് ഭീകരകേന്ദ്രങ്ങൾ തകർത്ത ‘ഓപറേഷൻ സിന്ദൂറി’ന്റെ പ്രഹരശേഷി വർധിപ്പിച്ചത് കര, വ്യോമസേനകൾ തൊടുത്ത മിസൈലുകളും ഡ്രോണുകളും. കരസേന ‘സ്‌കൈ സ്‌ട്രൈക്കർ’ ചാവേർ ഡ്രോണുകളാണ് ഭീകരകേന്ദ്രങ്ങൾക്കുനേരെ തൊടുത്തത്. 100 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യസ്ഥാനങ്ങളെ കൃത്യമായി കണ്ടുപിടിച്ച് കടന്നാക്രമിക്കുന്നതാണ് ‘സ്‌കൈ സ്‌ട്രൈക്കറിന്റെ’ ശൈലി. അഞ്ച് മുതൽ 10 കിലോവരെ സ്‌ഫോടകവസ്‌തുവുമായാണ് ഒരോ സ്‌കൈ സ്‌ട്രൈക്കറും പറന്നത്. ഇസ്രയേലിലെ എൽബിറ്റ് സെക്യൂരിറ്റി സിസ്റ്റവും ബംഗളൂരുവിലെ ആൽഫാ ഡിസൈൻ കമ്പനിയുടെയും സംയുക്ത സംരംഭത്തിന്റെ ഭാഗമായാണ് ‘സ്‌കൈ സ്‌ട്രൈക്കർ’ ഡ്രോണുകൾ നിർമിക്കുന്നത്. ആദ്യമായാണ് ഏതെങ്കിലും സൈനിക നീക്കത്തിൽ ‘സ്‌കൈ സ്‌ട്രൈക്കർ’ പ്രയോഗിക്കുന്നത്. ജിപിഎസ്, ഐഎൻഎസ് സാങ്കേതികവിദ്യകൾ വഴി കൃത്യമായി ശത്രുകേന്ദ്രങ്ങളെ തകർക്കുന്ന എക്‌സ്‌കാലിബർ ഷെല്ലുകളും കരസേന പ്രയോഗിച്ചു.
125 മുതൽ 200 കിലോമീറ്റർ റേഞ്ചിലുള്ള മിസൈലുകളും പോർവിമാനങ്ങളും കണ്ടെത്തി തകർക്കാൻ കഴിയുന്ന പാകിസ്ഥാന്റെ ‘എച്ച്‌ക്യു9’ വ്യോമപ്രതിരോധ സംവിധാനത്തെ നീർവീര്യമാക്കാന്‍ ഇന്ത്യക്കായി. ഇസ്രയേലിന്റെ ‘ഹാറോപ്പ്’ ഡ്രോണുകൾ ഉപയോഗിച്ചാണ് ഇന്ത്യ ലാഹോറിലെയും സിയാൽകോട്ടിലെയും പ്രതിരോധ റഡാറുകളും തിരിച്ചടി സംവിധാനങ്ങളും തകരാറിലാക്കിയത്. പശ്ചിമേഷ്യയിലും അസർബൈജാൻ–-അർമേനിയ സംഘർഷങ്ങളിലും പ്രധാനറോൾ വഹിച്ചിരുന്ന ‘ഹാറോപ്പ്’ ദക്ഷിണേഷ്യയിൽ ഉപയോഗിക്കുന്നത് ആദ്യം.
ഇന്ത്യയിലെ പ്രധാനപ്പെട്ട സൈനികകേന്ദ്രങ്ങളെ ഉന്നമിട്ട് പാകിസ്ഥാൻ അയച്ച മിസൈലും ഡ്രോണുകളും റഷ്യൻ ‘എസ് 400’ മിസൈൽ പ്രതിരോധ സംവിധാനം (സുദർശനചക്രം) ഉപയോഗിച്ചാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇതോടൊപ്പം, ഹാർപ്പി ഡ്രോണുകളും ആളില്ലാ വ്യോമവാഹനങ്ങൾ പ്രതിരോധിക്കാനുള്ള ശൃംഖലയും (ഐസിയുജി) പാക് കടന്നാക്രമങ്ങൾ ചെറുക്കുന്നതിൽ നിർണായകപങ്ക് വഹിച്ചു. റഫാൽ വിമാനങ്ങളിൽനിന്നുള്ള സ്വയം ലക്ഷ്യവേധിയായ ‘സ്‌കാൽപ്പ്’ ദീർഘദൂര ക്രൂയിസ് മിസൈലുകളും ‘ഹാമെർ’ ബോംബുകളും വ്യോമസേനയ്‌ക്ക് വജ്രായുധങ്ങളായി.
തൊട്ടാൽ� തരിപ്പണമാക്കും എസ്-400 സുദർശന ചക്ര
പാകിസ്ഥാൻ വ്യാഴാഴ്‌ച ഇന്ത്യയുടെ 15 നഗരങ്ങളിൽ നടത്തിയ മിസൈൽ ആക്രമണങ്ങളെ പ്രതിരോധിച്ചത് എസ്-400 സുദർശന ചക്ര വ്യോമ പ്രതിരോധ മിസൈൽ സംവിധാനം. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾ തകർക്കാനുള്ള ശ്രമം ഇതിലൂടെ പരാജയപ്പെട്ടു. ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് കൗണ്ടർ- യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങളെ വിജയകരമായി പരാജയപ്പെടുത്തി. സുദർശന ചക്ര പ്രതിരോധിച്ച പാകിസ്ഥാൻ ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ ഇന്ത്യയുടെ പല സ്ഥലങ്ങളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
റഷ്യയിൽനിന്ന് ഇന്ത്യ വാങ്ങിയിട്ടുള്ള വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400. ഇന്ത്യ ഇതിന് നൽകിയിട്ടുള്ള പേരാണ് സുദർശന ചക്ര. റഷ്യ ആയുധക്കമ്പനി അൽമാസ്-ആന്റേ വികസിപ്പിച്ചെടുത്ത എസ്-400, ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര ഉപരിതല മിസൈൽ പ്രതിരോധ സംവിധാനങ്ങളിലൊന്നാണ്. യുദ്ധവിമാനങ്ങൾ, ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ തകർക്കാൻ കഴിയുന്ന വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400. 40 മുതൽ 400 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള സ്റ്റെൽത്ത് എയർക്രാഫ്റ്റുകൾ, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, ക്രൂസ് അല്ലെങ്കിൽ ബാലിസ്റ്റിക് മിസൈലുകൾ എന്നിവയുൾപ്പെടെ കണ്ടെത്താനും ട്രാക് ചെയ്യാനും നേരിടാനും എസ്-400ന് കഴിയും. ഓരോ എസ്-400 സ്‌ക്വാഡ്രണിലും രണ്ട് വിഭാഗമുണ്ട്. ഓരോ വിഭാഗത്തിലും ആറ് മിസൈൽ ലോഞ്ചറുകൾ, നൂതന റഡാർ സംവിധാനങ്ങൾ, ഒരു സെൻട്രൽ കമാൻഡ് പോസ്റ്റ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഇവയ്‌ക്ക് ഒരുമിച്ച് 128 മിസൈലുകൾ വരെ വിക്ഷേപിക്കാനാകും. അഞ്ച് എസ്-400 മിസൈൽ സംവിധാനമാണ് ഇന്ത്യ റഷ്യയിൽനിന്ന് വാങ്ങിയത്. ഇതിൽ മൂന്നെണ്ണമാണ് ഇന്ത്യയെ കാത്തത്
ഹാറോപ് ഡ്രോണ്‍
പാകിസ്ഥാനെതിരെ ഇന്ത്യ ഉപയോഗിച്ചതിൽ ഇസ്രയേൽ നിർമിത ഹാറോപ് ഡ്രോണുകളുമുണ്ടെന്നാണ് റിപ്പോർട്ട്. റഡാർ സിഗ്നലുകളെ പിടിച്ചെടുക്കാൻ ശേഷിയുള്ള ഈ ചാവേർ ഡ്രോണുകൾ ഉപയോഗിച്ചാണ് വിവിധ തന്ത്രപ്രധാനകേന്ദ്രങ്ങളിൽ ആക്രമണം നടന്നത്. ഡ്രോണിന്റെയും മിസൈലിന്റെയും സങ്കരം. ലക്ഷ്യകേന്ദ്രത്തെ ഒമ്പത് മണിക്കൂറോളം സ്വതന്ത്രമായി തേടിപ്പിടിച്ച് കണ്ടെത്തി ആക്രമിക്കാന്‍ ശേഷിയുണ്ട്. റഡാർ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ തകർക്കാനും പ്രാപ്തി�യുണ്ട്.
റേഞ്ച്: 200 കിലോമീറ്റർ
പോർമുന: 16 കിലോഗ്രാം
പറക്കൽക്ഷമത : 9 മണിക്കൂർ
നീളം: 2.5 മീറ്റർ
ചിറകളവ്: 3 മീറ്റർ
വേഗത: മണിക്കൂറിൽ �417 കിലോമീറ്റർ