തിരുവനന്തപുരം : മകളുടെ ജനന സർട്ടിഫിക്കറ്റ് തൽസമയം ഡൗൺലോഡ് ചെയ്ത് വി കെ പ്രശാന്ത് എംഎൽഎ. സാക്ഷികളായി നിയമസഭാ സാമാജികർ. കെ സ്മാർട്ട് സേവനം ഏപ്രിൽ 10 മുതൽ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നിയമസഭാ സാമാജികർക്കായി നടത്തിയ പ്രത്യേക സെഷനിലാണ് നിമിഷനേരത്തിനകം കെ സ്മാർട്ടിലൂടെ ജനന സർട്ടിഫിക്കറ്റ് എംഎൽഎ എടുത്തത്.
ത്രിതല പഞ്ചായത്തിലേക്കുകൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം പഞ്ചായത്ത് എന്നിവിടങ്ങളിൽ നിലവിൽ ട്രയൽ റൺ നടത്തിവരികയാണ് കെ സ്മാർട്ട്. ജനന, മരണ സർട്ടിഫിക്കറ്റ് ലഭിക്കാൻ മുമ്പ് ആവശ്യമായിരുന്ന സമയം ചുരുങ്ങിയത് ഏഴു ദിവസമായിരുന്നു. കെ സ്മാർട്ടിലൂടെ ഇത് വെറും 25 മിനിറ്റിൽ സാധ്യമാകും. മുമ്പ് ചുരുങ്ങിയത് 10 ദിവസം ആവശ്യമായിരുന്ന വിവാഹ രജിസ്ട്രേഷന് കെ സ്മാർട്ടിൽ ആവശ്യമായി വരുന്നത് പരമാവധി ഒരു ദിവസമാണ്. വീഡിയോ കെവൈസി മുഖേന രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കുകയും ചെയ്യാം. കെട്ടിട നിർമാണ അനുമതി 30 സെക്കൻഡിനുള്ളിൽ ലഭിക്കും.
ഓരോ ഉപയോക്താവും സ്വന്തം ലോഗിൻ മുഖേനയാണ് കെ സ്മാർട്ടിലും അപേക്ഷ സമർപ്പിക്കേണ്ടത്. പദ്ധതി നഗരസഭകളിൽ നടപ്പാക്കി ഒരു വർഷം പിന്നിടുമ്പോൾ ഇതിനോടകം കൈവരിച്ച നേട്ടങ്ങളും പദ്ധതിയുടെ ഗുണഫലങ്ങളും ഇൻഫർമേഷൻ കേരള മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ചടങ്ങിൽ വിശദീകരിച്ചു.
നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി. മന്ത്രിമാരായ എം ബി രാജേഷ്, വി എൻ വാസവൻ, ഒ ആർ കേളു, തദ്ദേശവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി ഡി അനുപമ, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ് തുടങ്ങിയവർ പങ്കെടുത്തു.