കടയ്ക്കാവൂർ: കടയ്ക്കാവൂരിൽ ഫയർസ്റ്റേഷൻ വേണമെന്ന ജനങ്ങളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പഞ്ചായത്തുകൾ ഉൾപ്പെടെ പല സംഘടനകളും മാറി മാറി വന്ന സർക്കാരുകൾക്ക് നിവേദനങ്ങൾ നൽകിയിട്ടും ജനങ്ങളുടെ ആവശ്യത്തിന് ഇതുവരെയും പരിഹാരമുണ്ടായിട്ടില്ല. അപേക്ഷ നൽകുന്നതിനൊപ്പം ഫയർ സ്റ്റേഷൻ അത്യാവശ്യമാണെന്ന് അധികൃതരും സമ്മതിക്കുന്നു. എന്നാൽ അപേക്ഷകൾ നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും ഫയർസ്റ്റേഷന്റെ കാര്യത്തിൽ ഇന്നും അധികൃതർ മൗനത്തിലാണ്.
കടയ്ക്കാവൂരിലെ ഫയർസ്റ്റേഷൻ അഞ്ചുതെങ്ങ്,കടയ്ക്കാവൂർ,വക്കം,ചിറയിൻകീഴ് പഞ്ചായത്ത് നിവാസികളുടെ ചിരകാലാഭിലാഷമാണ്. അടിക്കടി തീപിടിത്തമുണ്ടാകുന്ന പ്രദേശങ്ങളിലൊന്നാണ് അഞ്ചുതെങ്ങ്. ഇവിടെ അനിഷ്ട സംഭവങ്ങളുണ്ടായാൽ ആറ്റിങ്ങലോ വർക്കലയോ ഉള്ള ഫയർഫോഴ്സ് യൂണിറ്റിനെ വേണം ആശ്രയിക്കാൻ. അവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തുമ്പോഴേക്കും മണിക്കൂറുകൾ കഴിയുന്നതിനാൽ നല്ലൊരു ഭാഗവും അഗ്നിക്കിരയായി തീർന്നിട്ടുണ്ടാവും. ഇത്തരം ദുരവസ്ഥകൾക്ക് പരിഹാരമെന്നോണമാണ് കടയ്ക്കാവൂരിൽ ഫയർസ്റ്റേഷൻ വേണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നത്.
ഫയർസ്റ്റേഷന് വേണ്ട സ്ഥലവും മറ്റു സൗകര്യങ്ങളും കടയ്ക്കാവൂർ പഞ്ചായത്തിൽ സർക്കാർ വകയായുണ്ട്.അഞ്ചുതെങ്ങ് കായലും പഴഞ്ചിറ കുളവും നീരാഴി തുടങ്ങിയ ജല സ്രോതസുകളുമുള്ളതിനാൽ ഫയർസ്റ്റേഷന് വേണ്ട ജലം സുലഭമായി ലഭിക്കും. കടയ്ക്കാവൂരിൽ ഫയർസ്റ്റേഷൻ വന്നാൽ വക്കം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, അഴൂർ, കിഴുവിലം, മുദാക്കൽ പഞ്ചായത്തുകൾക്ക് ഉപകാരപ്രദമാകും. അധികൃതർ ഫയർസ്റ്റേഷൻ സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.