വർക്കല : നഗരസഭയുടെ ജവാഹർലാൽ നെഹ്‌റു മെമ്മോറിയൽ ടൗൺഹാളിന്റെ നവീകരണം അനന്തമായി നീളുന്നു. നവീകരണത്തിനായി 2018 മുതൽ ടൗൺഹാൾ അടച്ചിട്ടിരിക്കുകയാണ്. 90 ശതമാനത്തോളം ജോലികൾ കഴിഞ്ഞെങ്കിലും പണി പൂർത്തീകരിച്ച് തുറന്നുകൊടുക്കാൻ കാലതാമസം നേരിടുന്നു.
ഓണം, കേരളപ്പിറവി, പുതുവർഷം തുടങ്ങിയ വിശേഷാവസരങ്ങളിൽ ഉദ്ഘാടനം ചെയ്യുമെന്ന് വാഗ്ദാനമുണ്ടായെങ്കിലും നടന്നില്ല. കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച നവീകരണമാണ് നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കാറായിട്ടും പൂർത്തിയാകാത്തത്.
രണ്ടുകോടിയിലധികം രൂപ ചെലവഴിച്ച് ബഹുവർഷ പദ്ധതിയായാണ് ടൗൺഹാൾ നവീകരണം ആരംഭിച്ചത്. ഇതിനോടുചേർന്ന സമീപ കെട്ടിടത്തിൽ മിനിഹാളും ഡൈനിങ് ഹാളും ഒരുക്കുന്നുണ്ട്. ശീതീകരണ സംവിധാനത്തോടെ ആധുനികരീതിയിലാണ് ടൗൺഹാൾ പുതുക്കുന്നത്. സ്റ്റേജിലെ പരിപാടികൾ തടസ്സമില്ലാതെ ഏവർക്കും കാണാവുന്നരീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ശബ്ദസംവിധാനത്തിൽ മുൻപുണ്ടായിരുന്ന പിഴവുകൾ മാറ്റി ആധുനികസംവിധാനം ഏർപ്പെടുത്തി. പുതിയ പുഷ്ബാക്ക് കസേരകളും സ്ഥാപിച്ചുകഴിഞ്ഞു. മൈക്രോ കോൺക്രീറ്റ് ഉപയോഗിച്ച് ഹാളിന്റെ ബീമുകൾ ബലപ്പെടുത്തിയിട്ടുണ്ട്. തറയോടുകൾ പാകുന്ന ജോലികളും കഴിഞ്ഞു. സ്റ്റേജിനുള്ളിൽ പണി ബാക്കിയുണ്ട്.
1958-ൽ ഉദ്ഘാടനം ചെയ്ത നഗരസഭയുടെ ഏറ്റവും വലിയ ആസ്തിയായ വിശാലമായ ടൗൺഹാൾ കാലപ്പഴക്കവും അറ്റകുറ്റപ്പണികൾ നടത്താത്തതും കാരണമാണ് ജീർണാവസ്ഥയിലായത്. ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നും സ്റ്റേജുൾപ്പെടെ ചോർന്നൊലിച്ച നിലയിലുമായിരുന്നു. ഹാളിലേക്കുള്ള കവാടം റോഡിനേക്കാൾ താഴ്ന്നായതിനാൽ മഴപെയ്താൽ വെള്ളം ഹാളിനകത്തെത്തുമായിരുന്നു. ഇതെല്ലാം കാരണം ഹാളിൽ പരിപാടികൾ നടത്താൻ കഴിയാതെയായി.
2018-ൽ നവീകരണം തുടങ്ങിയെങ്കിലും കോവിഡ്, പദ്ധതിയിൽ വരുത്തിയ മാറ്റങ്ങൾ, കരാറുകാർക്ക് പണം നൽകുന്നതിലെ കാലതാമസം ഇവയെല്ലാം പണി ഇഴയാൻ കാരണമായി. ഹാളിനോടു ചേർന്ന് പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ മാറ്റുന്നതിലും തടസ്സമുണ്ടായി. വർക്കലയ്ക്ക് ഏറെ മുതൽക്കൂട്ടാകേണ്ട ഹാളാണ് വർഷങ്ങളായി അടഞ്ഞുകിടക്കുന്നത്.
ഹാൾ പ്രവർത്തനസജ്ജമായാൽ വിവാഹം ഉൾപ്പെടെ നടത്താൻ കഴിയും. വർക്കലയിലെ സാംസ്കാരിക, രാഷ്ട്രീയ പരിപാടികളുടെ പ്രധാന കേന്ദ്രവുമാകും. പ്ലമ്പിങ്, ഇലക്ട്രിക് ജോലികൾ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും ഉദ്ഘാടനം ഉടനെ ഉണ്ടാകുമെന്നും നഗരസഭാ ചെയർമാൻ കെ.എം. ലാജി പറഞ്ഞു.