ചിറയിൻകീഴ് : പ്രസിദ്ധമായ ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് ഇന്ന് കൊടിയേറി.രാവിലെ 9.30-ന് നെടുമ്പള്ളി തരണനെല്ലൂർമന സജി ഗോവിന്ദൻ നമ്പൂതിരിയുടേയും മേൽശാന്തി ഗോപാലകൃഷ്ണറാവുവിന്റേയും മുഖ്യകാർമികത്വത്തിൽ സ്വർണധ്വജത്തിൽ കൊടിയേറ്റ് നടന്നു.ഏപ്രിൽ ഒന്നിന് ചൊവ്വാഴ്ച ആറാട്ടോടെ സമാപിക്കും. 28-ന് ഉത്സവബലിയും ഹിന്ദുമത സമ്മേളനവും നടക്കും. 31-ന് അശ്വതി ഉത്സവവും ഏപ്രിൽ ഒന്നിന് ഗരുഡൻ തൂക്കവും നടക്കും.ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന ശാർക്കരയിലെ കാർഷിക വ്യാപാര വിനോദമേളയ്ക്കും തുടക്കമായി65 ദിവസം നീണ്ടുനിൽക്കുന്ന വ്യാപാരമേളയാണ് ശാർക്കരയിലേത്. ജിഎസ്ടി ഉൾപ്പെടെ 82,66,550 രൂപയ്ക്കാണ് ശാർക്കര പറമ്പ് ലേലം കൊണ്ടത്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രപ്പറമ്പും പരിസരവും വൈദ്യുത ദീപങ്ങളാൽ അലംകൃതമായി.ആറാട്ടുഘോഷയാത്ര എഴുന്നള്ളുന്ന വഴിയും ഉരുൾ വഴിപാടുകൾ എത്തുന്ന പാതകളും വൈദ്യുത ദീപത്താൽ അലങ്കരിക്കും.തിട്ടയിൽമുക്ക് വഴി റെയിൽവെ പാളം മുറിച്ചുകടന്നുള്ള ആറാട്ട് ഘോഷയാത്രയ്ക്ക് ഇൗ വർഷം മുതൽ റെയിൽവേയുടെ അനുമതിയില്ല. അനുമതിക്കായി ദേവസ്വം ബോർഡും ഉപദേശക സമിതിയും അപേക്ഷ നൽകിയെങ്കിലും സുരക്ഷാ കാരണങ്ങളാൽ അനുമതി തരാൻ കഴിയില്ലെന്ന് റെയിൽവേ രേഖാമൂലം ബോർഡിനെ അറിയിച്ചു. ആറാട്ട് ഘോഷയാത്ര പെരുമ്പാട്ടം പണ്ടകശാല വഴി ആൽത്തറമൂട് ആറാട്ടുകുളത്തിൽ എത്തുകയും തിരികെ ഇതേവഴിയിലൂടെ ക്ഷേത്രത്തിൽ തിരിച്ചെത്തുകയും ചെയ്യും.
