പരിശോധന നിലച്ചു ആറ്റിങ്ങലിൽ ,സ്വകാര്യബസുകൾ മരണപ്പാച്ചിൽ തുടരുന്നു

ആറ്റിങ്ങൽ : മോട്ടോർവാഹന വകുപ്പിന്റെയും പോലീസിന്റെയും പരിശോധനകൾ നിലച്ചതോടെ നഗരത്തിൽ സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ തുടരുന്നു. ശനിയാഴ്ച രാത്രി അതിവേഗത്തിലെത്തിയ സ്വകാര്യബസിടിച്ച് സ്‌കൂട്ടർയാത്രക്കാരനായ ഭിന്നശേഷിക്കാരൻ മരിച്ചു. ആറ്റിങ്ങൽ കടുവയിൽ കടമ്പാട്ടുകോണം ചരുവിളപുത്തൻവീട്ടിൽ വേണുഗോപാൽ-മഹേശ്വരി ദമ്പതിമാരുടെ മകൻ വിപിൻലാലാണ് (27) മരിച്ചത്. രാത്രി 7.30-ഓടെ ആറ്റിങ്ങൽ കച്ചേരി ജങ്ഷനിലാണ് അപകടമുണ്ടായത്. ആലംകോട് ഭാഗത്തേക്കുപോയ വിപിൻലാലിന്റെ സ്‌കൂട്ടറിനെ പിന്നാലെവന്ന സ്വകാര്യബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ നവംബർ 27-ന് ആറ്റിങ്ങൽ പാലസ് റോഡിൽ മൂന്ന് വിദ്യാർഥികളെ സ്വകാര്യബസിടിച്ചിരുന്നു. തുടർന്ന് പ്രതിഷേധങ്ങളും സമരങ്ങളുമുണ്ടാവുകയും സ്വകാര്യബസുകൾ മിന്നൽ പണിമുടക്ക്‌ നടത്തുകയും ചെയ്തു. അതോടെ മോട്ടോർവാഹന വകുപ്പധികൃതർ സ്വകാര്യബസുകളിൽ പരിശോധന കർശനമാക്കി. നിരവധി നിയമലംഘനങ്ങളാണ് പരിശോധനകളിൽ കണ്ടെത്തിയത്.

വേഗപ്പൂട്ട് ഊരിയിട്ട് ഓട്ടം, എയർഹോൺ ഉപയോഗിക്കൽ, ഡ്രൈവർക്യാബിൻ ഒഴിവാക്കൽ, ലൈസൻസില്ലാത്ത ജീവനക്കാർ, യൂണിഫോം ധരിക്കാത്തവർ, നെയിംബാഡ്ജില്ലാത്തവർ, വാതിൽ തുറന്നിട്ട് സർവീസ് നടത്തുന്നവ എന്നിങ്ങനെ നിയമലംഘനങ്ങളുടെ നിരതന്നെ കണ്ടെത്തിയിരുന്നു. ഇതിനെല്ലാം പിഴയും ഈടാക്കി. ഒരാഴ്ചയോളം തുടർന്ന പരിശോധന പതിയെപ്പതിയെ അവസാനിച്ചതോടെ സ്വകാര്യബസുകൾ വീണ്ടും പഴയപടിയായി. മത്സരയോട്ടം, നിരത്തുകൾ കൈയേറിയുള്ള പാർക്കിങ്, ട്രിപ്പ് മുടക്കൽ എന്നിങ്ങനെ നിയമലംഘനങ്ങൾ ഇപ്പോഴും തുടരുന്നു.

പാലസ് റോഡിൽ ടൗൺ യുപിഎസിനും ജിഎച്ച്എസ്എസ് ജങ്ഷനും ഇടയ്ക്കുള്ള ഭാഗം, കൊല്ലമ്പുഴ കൊട്ടാരത്തിന് സമീപം, ചിറയിൻകീഴ് റോഡിൽ വീരളത്തിനും കച്ചേരിജങ്ഷനും ഇടയ്ക്ക്, ദേശീയപാതയിൽ ഐടിഐക്ക് സമീപം, അയിലം റോഡ് എന്നിവിടങ്ങളിലെല്ലാം സ്വകാര്യബസുകൾ ട്രിപ്പ് മുടക്കി പാർക്ക് ചെയ്യുന്നത് പതിവാണ്. ട്രിപ്പ് മുടക്കുന്ന സ്വകാര്യബസുകളുടെ പെർമിറ്റ് റദ്ദാക്കാൻവരെ നിയമമുണ്ട്. എന്നാൽ അധികൃതർ ഇതൊന്നും കണ്ടമട്ട്‌ കാണിക്കാറില്ല. ബസ്‌ ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയാൽ പെർമിറ്റ് റദ്ദാക്കാം.

ബന്ധപ്പെട്ട ആർടിഒ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ അധ്യക്ഷനായിട്ടുള്ള ആർടിഎ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ആറ്റിങ്ങലിൽ സ്വകാര്യബസുകൾ മിന്നൽ പണിമുടക്ക് നടത്തിയിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. പണിമുടക്ക് നടത്തിയ ബസുകൾക്കെല്ലാം മോട്ടോർവാഹന വകുപ്പ് നോട്ടീസ് നൽകിയിരുന്നു.

ഇതിൽ പല ബസുകളുടെയും ജീവനക്കാരോ ഉടമകളോ ഇനിയും മറുപടി നൽകിയിട്ടില്ല. ഇക്കാരണം ചൂണ്ടിക്കാട്ടിത്തന്നെ അധികൃതർക്ക് നടപടിയെടുക്കാമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായിട്ടില്ല.

ശനിയാഴ്ച സ്വകാര്യബസിടിച്ച് സ്‌കൂട്ടർയാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസോടിച്ച ഡ്രൈവർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി പോലീസ് അറിയിച്ചു. നിവേദ്യ ബസിന്റെ ഡ്രൈവർ മടവൂർ സ്വദേശിയായ അരവിന്ദ് കൃഷ്ണനെതിരേയാണ് (35) കേസെടുത്തിട്ടുള്ളത്.ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ്‌ ചെയ്യുമെന്ന് ആർടിഒ ഡി.മഹേഷ് പറഞ്ഞു.