ചിറയിൻകീഴ് : മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തിനുശേഷം അധികൃതരിൽനിന്നു ലഭിച്ച ഉറപ്പിന്റെ ഭാഗമായി അഴിമുഖത്തെ മണൽത്തിട്ട നീക്കംചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. അഴിമുഖത്തെ മണൽ നീക്കാനുള്ള ഡ്രെജ്ജറിന്റെ കൂറ്റൻ യന്ത്രഭാഗങ്ങൾ ചേറ്റുവായിൽനിന്ന് റോഡുമാർഗം മുതലപ്പൊഴിയിലെത്തിത്തുടങ്ങി.
ഡ്രെജ്ജറിന്റെ ശേഷിക്കുന്ന ഭാഗങ്ങളും ഇതിനെ കൂട്ടിയോജിപ്പിക്കാൻ സഹായിക്കുന്ന കൂറ്റൻ ക്രെയിനും കൊല്ലത്ത് എത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച പകലുമായി ഇവ മുതലപ്പൊഴിയിൽ എത്തിക്കാനാകുമെന്ന് ഹാർബർ എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. തുടർന്നാകും ഇവ കൂട്ടിയോജിപ്പിക്കുന്നത്. സാധാരണഗതിയിൽ മൂന്നുദിവസംവരെ യോജിപ്പിക്കാൻ സമയമെടുക്കാറുണ്ട്.
എന്നാൽ, അടിയന്തരസാഹചര്യം പരിഗണിച്ച് രണ്ടുദിവസംകൊണ്ടു യന്ത്രഭാഗം സജ്ജമാക്കാൻ ശ്രമിക്കുമെന്നും അധികൃതർ അറിയിച്ചു. തുടർന്നാകും മണൽനീക്കം ആരംഭിക്കുക.
മുതലപ്പൊഴി അപകടരഹിതമാക്കാൻ ലക്ഷ്യമിട്ട് അഴിമുഖത്ത് നടത്തിയിരുന്ന ഡ്രെജ്ജിങ് നിലച്ചിട്ട് പത്തുമാസമായി. ഈ കാലതാമസം വരുത്തിവെച്ച പ്രശ്നമാണ് അഴിമുഖത്തെ മണൽപാത്തി.
ഇവിടംവഴിയുള്ള മീൻപിടിത്തം പൂർണമായും തടസ്സപ്പെട്ടതോടെയാണ് തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞവർഷം ജൂണിൽ നിലച്ച മണൽനീക്കം ഈ വർഷം മാർച്ചായിട്ടും പുനരാരംഭിക്കാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. ഇതാണ് അഴിമുഖം പൂർണമായും അടയാൻ കാരണം. അദാനി തുറമുഖ കമ്പനിയുമായി നിലനിൽക്കുന്ന കരാർപ്രകാരം പ്രവൃത്തിയുടെ ചെലവിനാവശ്യമായ തുക കിട്ടാൻ വൈകിയതാണ് ഡ്രെജ്ജിങ്ങിനു കഴിയാതെവന്നതെന്ന് ഹാർബർ വകുപ്പും സമ്മതിക്കുന്നു.