ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തു മണിയോടെ ആറ്റിങ്ങൽ- വെഞ്ഞാറമൂട് റോഡിൽ അവനവഞ്ചേരി പോയിന്റ് മുക്ക് ജംഗ്ഷനിൽ വച്ച് ആറ്റിങ്ങൽ സ്വദേശിയായ 54 വയസുള്ള സ്ത്രീയുടെ കഴുത്തിൽ കിടന്ന മാല ആഡംബര കാറിൽ എത്തി കണ്ണിൽ മുളക് പൊടി എറിഞ്ഞ് പൊട്ടിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോയ മോളി എന്ന സ്ത്രീയുടെ തൊട്ടടുത്ത് കാർ നിർത്തി കാറിലിരുന്ന യുവതി മോളിയോട് ആറ്റിങ്ങൽ പോകുന്ന വഴി ചോദിച്ച് സൗഹൃദസംഭാഷണം നടത്തി കൈയ്യിൽ കരുതിയിരുന്ന മുളക് പൊടി കണ്ണിലെറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും മുളക് പൊടി എറിഞ്ഞ യുവതിയുടെ കണ്ണിലും മുളക് പൊടി വീണതിനാൽ മാല പൊട്ടിക്കാനുള്ള ശ്രമം വിജയിച്ചില്ല. തുടർന്ന് ആറ്റിങ്ങൽ മൂന്നുമുക്കിലൂടെ കാർ വേഗത്തിൽ ഓടിച്ച് ചിറയിൻകീഴ് വഴി കൊല്ലത്തേക്ക് പോവുകയായിരുന്നു.വിവരം ലഭിച്ച പോലീസ് ആറ്റിങ്ങൽ പരിസരങ്ങളിലെ നിരവധി CCTV ദൃശ്യങ്ങൾ പരിശോധിച്ച് കാറുകളുടെ ഫോട്ടോകളെടുത്ത ശേഷം പരാതിക്കാരിയായ സ്ത്രീയെ കാണിക്കുകയായിരുന്നു. മാരുതി സുസുക്കിയുടെ Fronx എന്ന വാഹനമാകാൻ സാദ്ധ്യത ഉണ്ടെന്ന് പറയുകയും നീലനിറത്തിലുള്ള മാരുതി സുസുക്കിയുടെ Fronx വാഹനത്തെ കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുന്നൂറോളം വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് ഉടമകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.