മുതിര്‍ന്ന സിപിഐ നേതാവും മുന്‍ എംപിയുമായ ചെങ്ങറ സുരേന്ദ്രനെ സിപിഐയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

കൊല്ലം: മുതിര്‍ന്ന സിപിഐ നേതാവും മുന്‍ എംപിയുമായ ചെങ്ങറ സുരേന്ദ്രനെ സിപിഐയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഒരുവര്‍ഷത്തേക്കാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിലാണ് നടപടിയെന്ന് സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി പിഎസ് സുപാല്‍ പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ചെങ്ങറ സുരേന്ദ്രനെ പുറത്താക്കിയതായി പിഎസ് സുപാല്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് ചെങ്ങറ സുരേന്ദ്രന്‍ നടത്തിയ അഴിമതി സംബന്ധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറിക്ക് ബിനോയ് വിശ്വത്തിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം വിളിച്ച് ചേര്‍ക്കാന്‍ സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നു.

ഇന്ന് ചേര്‍ന്ന സിപിഎ കൊല്ലം ജില്ലാ എക്‌സിക്യൂട്ടീവും ജില്ലാ കൗണ്‍സിലും പരാതി വിശദമായി ചര്‍ച്ച ചെയ്തു. യോഗത്തില്‍ പങ്കെടുത്ത് സുരേന്ദ്രന്‍ വിശീദീകരണം നല്‍കിയെങ്കിലും തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് ഒരുവര്‍ഷത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി.