ഫിറ്റ്‌നസില്ലാതെ ഓടിയ ആറ്റിങ്ങൽ നഗരസഭയുടെ വാഹനം തടഞ്ഞു കർഷക കോൺഗ്രസ് പ്രവർത്തകർ

ആറ്റിങ്ങൽ : ഫിറ്റ്‌നസില്ലാതെ ഓടിയ ആറ്റിങ്ങൽ നഗരസഭയുടെ വാഹനം കർഷക കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. പൊതുസ്ഥലങ്ങളിലെ മാലിന്യം ശേഖരിക്കുന്ന വാഹനമാcണ് തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രവർത്തകർ തടഞ്ഞത്. ഏഴുമാസമായി ഫിറ്റ്‌നസില്ലാതെയോടുന്ന വാഹനത്തെക്കുറിച്ച് മോട്ടോർവാഹന വകുപ്പധികൃതരെ അറിയിച്ചിട്ടും നടപടികളുണ്ടാകാത്തതിനെത്തുടർന്നാണ് തടഞ്ഞതെന്ന് സമരക്കാർ പറഞ്ഞു. നഗരത്തിൽനിന്നുള്ള മാലിന്യം സംഭരിച്ച് സംസ്‌കരണപ്ലാന്റിലേക്ക് കൊണ്ടുപോകുമ്പോഴാണ് വാഹനം തടഞ്ഞത്. തുടർന്ന് പോലീസും മോട്ടോർവാഹന വകുപ്പധികൃതരും സ്ഥലത്തെത്തി. വാഹനത്തിന്റെ രേഖകൾ പരിശോധിച്ച ശേഷം മാലിന്യമുൾപ്പെടെ വാഹനം പ്ലാന്റിലേക്ക് മാറ്റി. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈജു ചന്ദ്രൻ, ഭാസി, കിരൺ കൊല്ലമ്പുഴ എന്നിവർ വാഹനം തടയുന്നതിന് നേതൃത്വം നൽകി.