കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ രണ്ടു വര്‍ഷത്തിലേറെയായി പീഡനത്തിന് ഇരയാക്കിയ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. അയ്യമ്പുഴ സ്വദേശി ധനേഷ് കുമാർ (38) ആണ് പിടിയിലായത്. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. സംഭവത്തിൽ കുട്ടികളുടെ അമ്മയുടെ പങ്കും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി 10ഉം 12ഉം വയസുള്ള സഹോദരിമാരെ ഇയാൾ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുഞ്ഞുങ്ങളുടെ അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. അച്ഛന്‍ രോഗിയായിരുന്ന കാലത്ത് ധനേഷ്കുമാറിന്‍റെ ടാക്സിയാണ് ആശുപത്രിയില്‍ പോകാനും മറ്റും വിളിച്ചിരുന്നത്. ആ സമയത്ത് പെണ്‍കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന പരിചയം കുഞ്ഞുങ്ങളുടെ അച്ഛന്‍ മരിച്ചതിന് ശേഷം ലിവിംഗ് ടുഗദര്‍ ബന്ധമായി മാറി. കുറുപ്പംപടിയിലെ വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. 2023 മുതല്‍ കുഞ്ഞുങ്ങളെ ഇയാള്‍ ശാരീരികമായി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
പെണ്‍കുട്ടികളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ നിന്ന് സുഹൃത്തുക്കളായ മറ്റ് ചില പെണ്‍കുട്ടികളുടെ ഫോട്ടോ ഇയാള്‍ കണ്ടു. കൂടെയുള്ള സുഹൃത്തുക്കളെ പരിചയപ്പെടുത്താന്‍ മൂത്തകുട്ടിയെ ഇയാൾ നിരന്തരം നിര്‍ബന്ധിക്കുമായിരുന്നു. അങ്ങനെയിരിക്കെ മൂത്തകുട്ടി തന്‍റെ സുഹൃത്തിന്, 'ഞങ്ങളുടെ അച്ഛന് നിന്നെയൊന്ന് കാണണമെന്ന് ആഗ്രഹമുണ്ടെന്നും വീട്ടിലേക്ക് വരണമെന്നും' പറഞ്ഞ് ഒരു കത്ത് നല്‍കുന്നത്. ഈ കത്ത് സ്കൂളിലെ അധ്യാപികയുടെ കയ്യിലെത്തുകയും പൊലീസിന് കൈമാറുകയുമായിരുന്നു. മൂത്തകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് പീഡനവിവരം പുറത്തായത്.