വർക്കല: കാപ്പിൽ തീരത്തേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത് കടലും കായലും ഒന്നിക്കുന്ന പ്രകൃതിയുടെ സൗന്ദര്യമാണ്. എന്നാൽ ടോയ്‌ലെറ്റ് സംവിധാനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറെ പിന്നിലാണ് കാപ്പിൽ വിനോദ സഞ്ചാര മേഖല. ടൂറിസം വികസനത്തെ പ്രതികൂലമായി ബാധിക്കും വിധം കായലിൽ മാലിന്യനിക്ഷേപം പതിവായിരിക്കുകയാണ്. കായൽ മൂടി പായൽ നിറഞ്ഞതും മറ്റൊരു വെല്ലുവിളിയാണ്.
പൊഴി മുഖത്ത് കായൽ രണ്ടായി മുറിഞ്ഞ ഭാഗത്തെ കായൽപ്പരപ്പിൽ പായൽ പരക്കുന്നത് ഇതാദ്യമായാണ്. ഇപ്പോഴത്തെ അവസ്ഥ ഇവിടത്തെ വിനോദസഞ്ചാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നാട്ടുകാർ പങ്കുവയ്ക്കുന്നു. പൊഴിമുഖം മുതൽ കാപ്പിൽ പാലം വരെയുള്ള അരക്കിലോമീറ്റർ പരിധിയിൽ കായൽ പ്രതലം മുഴുവൻ വള്ളിപ്പായൽ നിറഞ്ഞു. വെറ്റക്കട ഭാഗത്തെ കായലിന്റെ അവസ്ഥയും വിഭിന്നമല്ല. പൊഴിയുടെ ഭാഗത്ത് രൂപംകൊണ്ടിട്ടുള്ള മണൽത്തിട്ടകളും കായലിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടതുമാണ് പായൽ ഭീഷണിയുയരാൻ കാരണമായി അധികൃതർ പറയുന്നത്.കായൽ പരപ്പിൽ വ്യാപിച്ച പായൽ അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രകൃതിഭംഗി ആസ്വദിക്കാൻ ദിനവും ഇവിടെയെത്തുന്നത് നിരവധിപ്പേരാണ്. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് മതിയായ ബിന്നുകളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ബീച്ചിലില്ല.സഞ്ചാരികൾ പലരും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളുമടക്കം കായലിലേക്ക് വലിച്ചെറിയുന്നത് കായൽ മലിനപ്പെടുന്നതിന് കാരണമായിട്ടുണ്ട്. ഉല്ലാസത്തിനായി തീരത്തെത്തുന്നവർ ദുർഗന്ധം സഹിക്കേണ്ട അവസ്ഥയാണ്.
രാത്രിക്കാലങ്ങളിൽ പ്രദേശത്ത് മതിയായ വെളിച്ചക്കുറവുമുണ്ട്.അത്യന്തം ഭീകരമായ അന്തരീക്ഷമാണ് വെളിച്ചമില്ലായ്മ മൂലം സഞ്ചാരികൾ അനുഭവിക്കുന്നത്. പ്രധാന റോഡിൽ കെ.എസ്.ഇ.ബിയുടെ 25 ഓളം വൈദ്യുതി പോസ്റ്റുകൾ ഉള്ളതിൽ ഒന്നുപോലും പ്രകാശിക്കുന്നില്ല. കടൽത്തീരത്ത് സ്ഥാപിച്ചിട്ടുള്ള ഇരുപതോളം ഇരുമ്പ് വൈദ്യുത പോസ്റ്റുകൾ തുരുമ്പെടുത്ത് നശിച്ചു.
ഇരുട്ടുവീണാൽ ലഹരി വില്പനയും ഉപയോഗവും നിരവധിയാണെന്ന് നാട്ടുകാർ പറയുന്നു. പ്രധാന റോഡ് മുതൽ കാപ്പിൽ പൊഴിവരെയുള്ള മുക്കാൽ കിലോമീറ്റർ ദൂരത്തിൽ പലയിടങ്ങളിലായി ലഹരി ലോബികൾ സജീവമാണ്.രാത്രി വൈകിയും സഞ്ചാരികൾ എത്തുമെന്ന് കണക്കിലെടുത്തുകൊണ്ടുള്ള യാതൊരുവിധ സുരക്ഷാക്രമീകരണങ്ങളും ഇവിടെയില്ല.