വിനോദസഞ്ചാരകേന്ദ്രമായ വർക്കലയിലെ ബീച്ചുകളിൽ സുരക്ഷയൊരുക്കാൻ കൂടുതൽ ലൈഫ്ഗാർഡുകളെ നിയോഗിച്ചു

വർക്കല : വിനോദസഞ്ചാരകേന്ദ്രമായ വർക്കലയിലെ ബീച്ചുകളിൽ സുരക്ഷയൊരുക്കാൻ കൂടുതൽ ലൈഫ്ഗാർഡുകളെ നിയോഗിച്ചു. നിരവധി അപകടങ്ങളും മുങ്ങിമരണങ്ങളും ഉണ്ടാകുന്ന പാപനാശം, കാപ്പിൽ ഉൾപ്പെടെ ഏഴ് തീരങ്ങളിലാണ് 18 ലൈഫ്ഗാർഡുകൾകൂടിയെത്തിയത്. വിദേശീയരും തദ്ദേശീയരുമായ സഞ്ചാരികളുടെ തിരക്ക് വർധിച്ചിട്ടും ആവശ്യമായ സുരക്ഷ തീരങ്ങളിൽ ഒരുക്കിയിരുന്നില്ല.

കഴിഞ്ഞവർഷം വിദേശസഞ്ചാരികൾ ഉൾപ്പെടെ 21-ഓളം പേരുടെ ജീവനാണ് വർക്കലയിൽ കടലിൽ പൊലിഞ്ഞത്. ഏറെനാളത്തെ ആവശ്യത്തിനൊടുവിലാണ് പുതിയ ലൈഫ്ഗാർഡുകൾ എത്തിയത്.

ആലിയിറക്കംമുതൽ കാപ്പിൽവരെയുള്ള തീരങ്ങളിൽ സുരക്ഷയ്ക്കായി 12 ലൈഫ്ഗാർഡുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പാപനാശം പ്രധാന ബീച്ചിൽ മൂന്നിടത്തും തിരുവമ്പാടിയിലും കാപ്പിലിലും മാത്രമാണ് ഇവർ ഉള്ളത്. ദിവസം ആറുപേരുടെ സേവനംമാത്രമാണ് ലഭിച്ചിരുന്നത്. ഒരാൾ അവധിയെടുത്താൽ തിരുവമ്പാടിയിൽ ആളെ അയയ്ക്കാൻ കഴിയുമായിരുന്നില്ല.

ആലിയിറക്കം, ഏണിക്കൽ, ഓടയം, വെറ്റക്കട, മാന്തറ തീരങ്ങളിൽ ലൈഫ്ഗാർഡുകളില്ലായിരുന്നു. ആലിയിറക്കം ഒഴികെയുള്ള തീരങ്ങളിൽ ഇനിമുതൽ ലൈഫ് ഗാർഡുകളുടെ സേവനം ലഭിക്കും.

പരിശീലനം ലഭിച്ച 18 പേർകൂടി എത്തിയപ്പോൾ രണ്ട് സൂപ്പർവൈസർമാരുൾപ്പെടെ ലൈഫ്ഗാർഡുകളുടെ എണ്ണം 30 ആയി. ഇനി ദിവസവും 15 പേരുടെ സേവനം തീരങ്ങളിലുണ്ടാകും. പാപനാശത്തും കാപ്പിലിലും നാലുപേരെവീതവും തിരുവമ്പാടി, വെറ്റക്കട, മാന്തറ, ഓടയം, ഏണിക്കൽ തീരങ്ങളിലേക്ക് രണ്ടുപേരെവീതവുമാണ് നിയോഗിച്ചിട്ടുള്ളത്.

എന്നാൽ, അടുത്തിടെയായി കൂടുതൽ സഞ്ചാരികൾ എത്തുന്ന ആലിയിറക്കം തീരത്ത് ലൈഫ്ഗാർഡുകളെ നിയോഗിച്ചിട്ടില്ല. കഴിഞ്ഞവർഷം നവംബറിൽ ഇവിടെ അടൂർ സ്വദേശിയും കർണാടക സ്വദേശിയും തിരയിൽപ്പെട്ട് മരിച്ചിരുന്നു. ഇവിടെയും ലൈഫ്ഗാർഡ് അത്യാവശ്യമാണ്.

ലൈഫ്ഗാർഡുകൾ എത്തിയെങ്കിലും ആധുനിക സുരക്ഷാ ഉപകരണങ്ങളൊന്നും ഇവരുടെ പക്കലില്ല. പാപനാശത്ത് സ്പീഡ് ബോട്ട്, വാട്ടർ സ്കൂട്ടർ ഇവയിലൊന്ന് അത്യാവശ്യമാണ്. പഴക്കമുള്ള റസ്‌ക്യൂ ബോർഡും സ്ട്രക്ചറും റെസ്‌ക്യൂ ട്യൂബുകളും മാത്രമാണ് കൈയിലുള്ളത്. രക്ഷിച്ച് കരയിലെത്തിക്കുന്നവർക്ക് പ്രഥമ ശുശ്രൂഷയും നൽകേണ്ടതുണ്ട്. അതിന് ആധുനിക ഫസ്റ്റ് എയ്ഡ് ബോക്‌സും ഇല്ല. ഇത്തരം പരിമിതികളുണ്ടെങ്കിലും ലൈഫ്ഗാർഡുകൾ വർക്കലയിൽ നൂറുകണക്കിന് പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്.

കാപ്പിൽ ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടയാളെ ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ ഒൻപതുമണിയോടെ തിരുവനന്തപുരം സ്വദേശിയായ പ്രശാന്താണ് തിരയിൽപ്പെട്ടത്. സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ശ്രദ്ധയിൽപ്പെട്ട ലൈഫ്ഗാർഡുകളായ വിനയൻ, ജയകൃഷ്ണൻ എന്നിവരും സ്ഥലത്തുണ്ടായിരുന്ന അൽ സമീർ എന്നയാളുംചേർന്നാണ് രക്ഷിച്ചത്.