ചില്ലറയില്ലാത്തതിൻ്റെ പേരിലുള്ള പൊല്ലാപ്പിന് പരിഹാരം; ഡിജിറ്റല്‍ പേയ്‌മെൻ്റിന് തയ്യാറെടുത്ത് കെഎസ്ആർടിസി

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസുകളില്‍ ടിക്കറ്റ് ചാര്‍ജ് ഡിജിറ്റല്‍ പേയ്‌മെന്റ് വഴി നല്‍കാവുന്ന രീതി സംസ്ഥാനത്താകമാനം നടപ്പിലാക്കും. കണ്ടക്ടറുടെ കൈവശമുള്ള ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റെടുക്കുന്ന രീതി ഒരു മാസത്തിനകം നടപ്പിലാക്കുമെന്നാണ് വിവരം.
വിവിധ കാര്‍ഡുകള്‍ ഉപയോഗിച്ചും ടിക്കറ്റെടുക്കാം. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച രീതിക്ക് സ്വീകാര്യത ലഭിച്ചതോടെയാണ് സംസ്ഥാന വ്യാപകമായി നീട്ടുന്നത്. വിവിധ ആപ്പുകള്‍ ഉപയോഗിച്ച് പണം അടക്കുന്ന പുതിയ ടിക്കറ്റ് മെഷീന്‍ കണ്ടക്ടര്‍മാര്‍ക്ക് നല്‍കി വരികയാണ്.ഡിജിറ്റല്‍ പേയ്മെന്റ് വന്നാലും യാത്രക്കാര്‍ക്ക് പണം നല്‍കി നേരിട്ട് ടിക്കറ്റെടുക്കുന്ന രീതി തുടരാം. ഏത് രീതി വേണമെന്നത് യാത്രക്കാര്‍ക്ക് തീരുമാനിക്കാം. ടിക്കറ്റ് ചാര്‍ജിനുള്ള പണം കൈയ്യില്‍ കരുതേണ്ടതില്ലെന്നാണ് യാത്രക്കാര്‍ക്കുള്ള പ്രയോജനം. യാത്രയ്ക്കിടെ ചില്ലറ സംബന്ധിച്ചുള്ള തർക്കങ്ങൾക്കും ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.