മുടപുരം: അഴൂർ പഞ്ചായത്തിൽ വിവിധ വികസന പദ്ധതികൾക്കായി ഉപയോഗിക്കേണ്ട സർക്കാർ ഭൂമി വ്യക്തികൾക്ക് പതിച്ചുനൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി ജനകീയക്കൂട്ടായ്മ. പഞ്ചായത്തിലെ പത്താം വാർഡിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ശാസ്തവട്ടത്തെ ഗാന്ധിസ്മാരക നിധി കേന്ദ്രത്തിന്റെ ഏക്കർ കണക്കിന് ഭൂമിയാണ് അതിദരിദ്രരായ 40 കുടുംബങ്ങൾക്ക് പതിച്ചുനൽകാൻ തീരുമാനിച്ചത്. അതിദരിദ്ര കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിനോട് ആക്ഷൻ കൗൺസിൽ എതിരല്ല. പഞ്ചായത്തിലെ വിലപിടിപ്പുള്ള കണ്ണായ ഈ ഭൂമി നൽകാതെ മൂല്യം കുറഞ്ഞ മറ്റ് ഭൂമി കണ്ടുപിടിച്ച് അവർക്ക് നൽകണമെന്നാണ് ആക്ഷൻ കൗൺസിലിന്റെ നിർദ്ദേശം.
1954ൽ 4 ഏക്കർ 85 സെന്റ് ഭൂമി ഗാന്ധിസ്മാരക നിധിക്ക് സർക്കാർ 99 വർഷത്തേക്ക് പാട്ടത്തിനു നൽകിയിരുന്നു. ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് തൊഴിൽസംരംഭങ്ങൾ ആരംഭിക്കുന്നതിന് പരിശീലനം നൽകുന്നതിനായാണ് ഗാന്ധിസ്മാരക നിധിക്ക് ഈ ഭൂമി പാട്ടത്തിന് നൽകിയത്. എന്നാൽ 2000ത്തോടെ ഗാന്ധിസ്മാരക നിധിയുടെ പ്രവർത്തനം മന്ദീഭവിച്ചു. 2012ൽ ഭൂമി തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനെതിരെ ഗാന്ധിസ്മാരകനിധി കേന്ദ്രം ഹൈക്കോടതിയിൽ കേസ് കൊടുക്കുകയും സർക്കാർ നടപടി കോടതി സ്റ്റേ ചെയ്യുകയുമുണ്ടായി. പിന്നീട് സർക്കാർ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് ലൈബ്രറിയും വായനശാലയും പ്രവർത്തിക്കുന്നതിനായി 15 സെന്റ് ഭൂമി ഒഴികെയുള്ള സ്ഥലം റവന്യു വകുപ്പ് ഏറ്റെടുത്തു.
നിലവിൽ ഈ വസ്തുവിൽ പെരുങ്ങുഴിയിൽ പ്രവർത്തിക്കുന്ന കേരള സർവകലാശാലയുടെ യു.ഐ.ടി കോളേജിനായി പുതിയ കെട്ടിടം നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്.അതിനിടയിലാണ് ഭൂമി വ്യക്തികൾക്ക് പതിച്ചുനൽകാൻ തീരുമാനിച്ചത്. ഇതിനെതിരെയാണ് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചതും. അഴൂർ പഞ്ചായത്തിന് പുറത്തുള്ള വിവിധ പഞ്ചായത്തിലുള്ളവർക്കാണ് ഭൂമി പതിച്ചു നൽകാൻ തീരുമാനിച്ചത്. ഇതിനെതിരെ ചിറയിൻകീഴ് താലൂക്ക് വികസന സമിതിയിൽ അഴൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ ശക്തമായി പ്രതിഷേധിച്ചു. പഞ്ചായത്ത് കമ്മിറ്റി ഈ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തീരുമാനമെടുക്കുകയും അത് മുഖ്യമന്ത്രി,റവന്യു മന്ത്രി,എം.പി, എം.എൽ.എ, കളക്‌ടർ ഉൾപ്പെടെയുള്ള അധികാരികൾക്ക് നിവേദനം നൽകുകയും ചെയ്തു.
നാഷണൽ ഹൈവേയോടു ചേർന്ന് കിടക്കുന്ന ഈ ഭൂമി തോന്നയ്ക്കൽ സയൻസ് പാർക്ക്,വൈറോളജി സെന്റർ,ടെക്‌നോസിറ്റി, സിറ്റി ഗ്യാസ് പ്ലാന്റ് എന്നിവയ്ക്ക് സമീപമാണ്.സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജ്,പൊലീസ് സ്റ്റേഷൻ, ഈ സ്ഥലത്തെ കുടുംബാരോഗ്യ കേന്ദ്രം കിടക്കകളോട് കൂടിയ ആശുപത്രിയായി ഉയർത്തുന്നതിന് പുതിയ മന്ദിരം, ഇൻഡോർ സ്റ്റേഡിയം,കെ.എസ്.ഇ.ബി.ഓഫീസ്,റവന്യു ടവർ,നീന്തൽക്കുളം തുടങ്ങിയവയ്ക്കായി ഈ സ്ഥലം ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള അധികാരികൾക്ക് നൽകിയ നിവേദനത്തിൽ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.