അഗ്നിരക്ഷാസേനയ്ക്ക്‌ ഏരിയൽ ലാഡർ പ്ലാറ്റ്ഫോം വരുന്നു

ബഹുനില കെട്ടിടങ്ങളിൽ അഗ്നിരക്ഷാസേനക്ക്‌ രക്ഷാപ്രവർത്തനം കൂടുതൽ എളുപ്പമാകും. 60 മീറ്റർ ഉയരത്തിൽവരെ രക്ഷാപ്രവർത്തനം നടത്താൻ 15 കോടി രൂപ വിലവരുന്ന ഏരിയൽ ലാഡർ പ്ലാറ്റ്ഫോം വാങ്ങാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. അഗ്നിരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി പാലിക്കാത്ത കെട്ടിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് നോട്ടീസ് നൽകുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളെയും കലക്ടർമാരെയും അഗ്നിരക്ഷാസേന നിയമലംഘന വിവരങ്ങൾ അറിയിക്കുകയുംചെയ്യും. ഫയർഫോഴ്സ് ആക്ട് പരിഷ്കരിക്കുമ്പോൾ ഇത്തരം കാര്യങ്ങളിൽ നടപടി സ്വീകരിക്കുന്നതിന് അഗ്നിരക്ഷാസേനക്ക്‌ അധികാരം നൽകുന്നത്‌ പരിശോധിക്കുമെന്നും ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി പറഞ്ഞു.