സമരം കടുപ്പിക്കാന്‍ തീരുമാനം; ഈ മാസം 20 മുതല്‍ ആശമാര്‍ നിരാഹാര സമരത്തിലേക്ക്

ഈ മാസം 20 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിക്കാന്‍ തീരുമാനിച്ച് ആശമാര്‍. ആശ ഹെല്‍ത്ത് വര്‍ക്കേസ് അസോസിയേഷന്‍ നേതാവ് വി.കെ സദാനന്ദനാണ് നിരാഹാര സമരം പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ മൂന്ന് നേതാക്കള്‍ നിരാഹാര സമരമിരിക്കും.

തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നില്‍ ആശമാര്‍ നടത്തുന്ന രാപ്പകല്‍ സമരം ആരംഭിച്ചിട്ട് ഇന്ന് 36 ദിവസം പിന്നിട്ടിരുന്നു. അതേസമയം, ഇന്ന് ആശമാര്‍ സെക്രട്ടേറിയേറ്റ് ഉപരോധം നടത്തുകയും ചെയ്തിരുന്നു. വസര്‍ക്കാര്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ബഹിഷ്‌കരിച്ചാണ് ആശമാര്‍ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ പങ്കെടുത്തത്. റോഡിലിരുന്നും കിടന്നും പ്രതിഷേധം തീര്‍ത്തായിരുന്നു നിയമ ലംഘന സമരം.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കെ.കെ രമ എംഎല്‍എ, പൊമ്പിളെ ഒരുമ നേതാവ് ഗോമതി തുടങ്ങിയവര്‍ ഉപരോധത്തില്‍ ഐക്യദാര്‍ഢ്യവുമായി എത്തി. സെക്രട്ടേറിയേറ്റ് പരിസരം പുലര്‍ച്ചെ തന്നെ പൊലീസ് ബാരിക്കേഡുകളാല്‍ അടച്ചു പൂട്ടിയിരുന്നു.