*ഊട്ടി പുഷ്പമേള മെയ് 16 മുതൽ; പൂക്കളുടെ വർണോത്സവത്തിന് കാത്തിരിപ്പ്!*

പ്രകൃതി സൗന്ദര്യത്തിന്റെ ഇടയിൽ പൂക്കളുടെ മാസ്മരിക ലോകം ഒരുങ്ങുന്നു. ഈ വർഷത്തെ ഊട്ടി പുഷ്പമേള മെയ് 16 മുതൽ 21 വരെ ഗവൺമെന്റ് ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കും. 127-ാമത് പതിപ്പായ ഈ മേളയിൽ 50,000-ലധികം പുഷ്പചക്രങ്ങളും അഞ്ച് ലക്ഷത്തിലേറെ തൈകളും പ്രദർശനത്തിനെത്തും. പുഷ്പമേളയോടനുബന്ധിച്ച് നടക്കുന്ന മറ്റ് സസ്യശാസ്ത്ര പ്രദർശനങ്ങളുടെ തീയതികളും പ്രഖ്യാപിച്ചു.

മെയ് 3 മുതൽ 5 വരെ കോട്ടഗിരിയിലെ നെഹ്‌റു പാർക്കിൽ 13-ാമത് വെജിറ്റബിൾ ഷോ നടക്കും. മെയ് 9 മുതൽ ഗൂഡല്ലൂരിൽ മൂന്ന് ദിവസത്തെ സുഗന്ധവ്യഞ്ജന പ്രദർശനവും ഉണ്ടാകും. ഊട്ടിയിലെ ഗവൺമെന്റ് റോസ് ഗാർഡനിൽ മെയ് 10 മുതൽ 12 വരെ 20-ാമത് റോസ് ഷോ നടക്കും. മെയ് 23 മുതൽ 26 വരെ കൂനൂരിലെ സിംസ് പാർക്കിൽ 65-ാമത് പഴമേളയും, മെയ് 31 മുതൽ ജൂൺ 1 വരെ ഗവൺമെന്റ് കട്ടേരി പാർക്കിൽ ആദ്യത്തെ തോട്ടവിള പ്രദർശനവും നടക്കും.
 *ടിക്കറ്റ് എങ്ങനെ ലഭിക്കും*
പ്രദർശന വേദികളിൽ നേരിട്ട് ടിക്കറ്റ് എടുക്കാമെങ്കിലും, ഔദ്യോഗിക വെബ്‌സൈറ്റ് വഴി Horticulture online ticket booking.com ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് എളുപ്പം. സന്ദർശന തീയതി, വേദി, ടിക്കറ്റ് എണ്ണം (മുതിർന്നവർ, കുട്ടികൾ, ക്യാമറ തുടങ്ങിയവ), വ്യക്തിഗത വിവരങ്ങൾ എന്നിവ നൽകിയാൽ മതി. ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കാനാവില്ല

*ടിക്കറ്റ് നിരക്കുകൾ*
 
മുതിർന്നവർ: 100 രൂപ
5-10 വയസ്സുള്ള കുട്ടികൾ: 50 രൂപ
സ്റ്റിൽ ക്യാമറ: 50 രൂപ
വീഡിയോ ക്യാമറ: 100 രൂപ
ഫോട്ടോഷൂട്ട്: 5000 രൂപ
 
പൂക്കളുടെയും പ്രകൃതിയുടെയും ആഘോഷമായി മാറുന്ന ഈ മേളകൾ സഞ്ചാരികൾക്കും സസ്യപ്രേമികൾക്കും അവിസ്മരണീയ അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.