പൊതുചടങ്ങിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം നടന്നത്.സുരക്ഷാ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഉടന്‍ തീ അണച്ചതിനാൽ അപകടം ഒഴിവായി.ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് ഗവർണർ എത്തിയത്.ആശ്രമത്തിന്റെ അടുത്തുള്ള സ്ഥലത്ത് ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നതിനിടെയാണ് സമീപത്ത് കത്തിച്ചു വെച്ച നിലവിളക്കിൽ നിന്ന് ഗവർണറുടെ കഴുത്തിൽ കിടന്ന ഷാളിലേക്ക് തീ പടർന്നത്.
ഗവർണർ ഇത് അറിഞ്ഞിരുന്നില്ല. വേദിയിൽ ഗവർണറുടെ പിന്നിൽ നിന്നിരുന്ന വനിതയാണ് ഷാളിന് തീപിടിച്ച കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ഗവർണർ തന്നെ ഷാളൂരി മാറ്റുകയും സുരക്ഷാ ഉദ്യോഗസ്ഥർ തീ അണയ്ക്കുകയും ചെയ്തു.