*ലോക്സഭ തിരഞ്ഞെടുപ്പ്: വാഹനങ്ങളിൽ കർശന പരിശോധന നടത്തും, യാത്രക്കാ‍ർ ആവശ്യമായ രേഖകൾ കരുതണം*

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ എതെങ്കിലും പ്രത്യേക സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാര്‍ക്ക് പണമോ, പാരിതോഷികമോ, മദ്യമോ, മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമം വകുപ്പ് 123, ഇന്ത്യന്‍ ശിക്ഷ നിയമങ്ങള്‍ അനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും പോളിങ് കഴിയുന്നത് വരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ പോലുള്ള സാമഗ്രികള്‍ എന്നിവ സംബന്ധിച്ച് ഉദ്യോഗസ്ഥർ കര്‍ശനമായ പരിശോധന നടത്തുമെന്നും ജില്ല ഭരണകൂടം അറിയിച്ചു. പരിശോധനകൾക്കായി ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. 50,000 രൂപയില്‍ കൂടുതല്‍ ഉള്ള പണം, മൊത്തമായി കൊണ്ടു പോകുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മറ്റ് സാമഗ്രികള്‍ എന്നിവക്കായി മതിയായ രേഖകള്‍ യാത്രക്കാർ കൈവശം കരുതണമെന്നും പരിശോധനയില്‍ ജില്ലാ ഭരണകൂടവുമായി പൊതുജനം സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.