ശിവഗിരി : കര്‍ക്കിടകവാവുബലി തര്‍പ്പണത്തിന് ശിവഗിരി മഠത്തില്‍ വന്നുപോയത് ആയിരങ്ങള്‍. ഞായറാഴ്ച ഉച്ചയോടെ ശിവഗിരിയിലേക്ക് വിശ്വാസികള്‍ എത്തിക്കൊണ്ടിരുന്നു. രാത്രി താമസിച്ചു പുലര്‍ച്ചെ തന്നെ ബലിതര്‍പ്പണം നടത്തിയവരില്‍ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുള്ളമുവര്‍ ഉള്‍പ്പെടെയുണ്ടായിരുന്നു. നേരം പുലര്‍ന്നതോടെ ശിവഗിരിയിലും സമീപപ്രദേശങ്ങളിലും വാഹനങ്ങളും ഭക്തരും എണ്ണിയാലൊടുങ്ങാത്ത വിധത്തിലായി ബലിതര്‍പ്പണത്തിനൊപ്പം തിലഹവനത്തിലും നീണ്ട ക്യൂ അനുഭവപ്പെട്ടു.
ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തില്‍ ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ, ബോര്‍ഡംഗങ്ങളായ സ്വാമി വിശാലാനന്ദ, സ്വാമി ഋതംഭരാനന്ദ തുടങ്ങിയവര്‍ നേരത്തെതന്നെ വേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. സ്വാമി ശിവനാരായണ തീര്‍ത്ഥര്‍, മുഖ്യകാര്‍മ്മികനായിരുന്നു. സ്വാമി അസംഗാനന്ദഗിരി, സ്വാമി ശ്രീനാരായണദാസ്, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി ഗോവിന്ദാനന്ദ എന്നിവരും നേതൃത്വപരമായ പങ്ക് വഹിച്ചു. തിലഹവനത്തിന് വൈദികരായ മനോജ് തന്ത്രി, രാമുശാന്തി, ഉണ്ണി ശാന്തി, ഹരികൃഷ്ണന്‍ ശാന്തി, വിഷ്ണുശാന്തി എന്നിവരും കാര്‍മ്മികത്വം വഹിച്ചു.
ഒരാഴ്ചയായി നടന്നുവരുന്ന ഹ്രസ്വകാല ഗുരുദേവ പഠനക്ലാസിലെ അംഗങ്ങളും കര്‍മ്മയോഗാ പ്രവര്‍ത്തകരും ഭക്തര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനുണ്ടായിരുന്നു. പുലര്‍ച്ചെ നാല് മണിമുതല്‍ വഴിപാടുകൗണ്ടര്‍ കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചതിനാല്‍ തിക്കും തിരക്കും ഒഴിവാക്കാനായി. തീര്‍ത്ഥാടന സമ്മേളന ഓഡിറ്റോറിയത്തിന് മുന്നിലും അന്നക്ഷേത്രത്തിന് മുന്നിലും സമീപപ്രദേശങ്ങളിലും വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സംവിധാനവും ക്രമീകരിച്ചിരുന്നു. ബുക്ക് സ്റ്റാളിന്‍റെ പ്രവര്‍ത്തനവും പതിവിലും നേരത്തെ ഉണ്ടായതിനാല്‍ ബലിതര്‍പ്പണം കഴിഞ്ഞു മടങ്ങുന്നവര്‍ക്ക് ഗുരുദേവ കൃതികളും ജീവചരിത്രങ്ങളും ഫോട്ടോകളും വാങ്ങി തിരക്കില്‍പ്പെടാതെ മടങ്ങാനും കഴിഞ്ഞു. എത്തിച്ചേര്‍ന്നവര്‍ക്കെല്ലാം പ്രഭാതഭക്ഷണവും നല്‍കിയിരുന്നു.