ഫീസടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കി

പത്തനംതിട്ട: ബെംഗളൂരുവിലെ നഴ്‌സിങ് കോളേജില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എലിയറയ്ക്കല്‍ കാളഞ്ചിറ അനന്തുഭവനില്‍ അതുല്യ (20) ആണ് മരിച്ചത്. ഫീസ് അടയ്ക്കാനാകാതെ പഠനം മുടങ്ങിയതിന്റെ വിഷമത്തിലാണ് അതുല്യ ജീവനൊടുക്കിയതെന്നു ബന്ധുക്കള്‍ ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം ബെംഗളൂരുവിലെ ട്രസ്റ്റിന്റെ സഹായത്തോടെയാണ് നഴ്സിങ് അഡ്മിഷന്‍ നേടിയത്. ഒരുവര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി അതുല്യ നാട്ടിലെത്തിയിരുന്നു. അടുത്തിടെ ഈ ട്രസ്റ്റ് അധികൃതരെ വായ്പാതട്ടിപ്പിന് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അതുല്യ ഉള്‍പ്പെടെ നിരവധി കുട്ടികള്‍ക്ക് ഫീസടയ്ക്കാന്‍ പറ്റാതെയായി.വായ്പ തേടി ബാങ്കുകളില്‍ അതുല്യ പോയെങ്കിലും ലഭിച്ചില്ലെന്നും പരാതിയുണ്ട്. രണ്ടാംവര്‍ഷത്തെ ക്ലാസുകള്‍ക്കായി ചെന്നപ്പോള്‍ ആദ്യവര്‍ഷത്തെ ഫീസ് അടച്ച് അഡ്മിഷന്‍ പുതുക്കി വീണ്ടും ഒന്നാംവര്‍ഷം മുതല്‍ പഠിക്കണമെന്ന് നിര്‍ദേശിച്ചു. ഇതോടെ അതുല്യ തിരികെപ്പോന്നു. ശനിയാഴ്ച രാത്രിയിലാണ് അതുല്യയെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഞായറാഴ്ച വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.