ഡോളറും പലിശ നിരക്കും വെല്ലുവിളിയാകുമോ? സ്വർണ വിലയിൽ ഇന്നു നേരിയ വർധന

ഇന്നലെ നേരിയ വർധന രേഖപ്പെടുത്തിയെങ്കിലും ജൂൺ പാദകാലയളവിൽ സ്വർണവില 2.5% ഇടിവാണ് രേഖപ്പെടുത്തിയത്. മേയ് മാസത്തിൽ സർവകാല റെക്കോഡ് നിലവാരത്തിന് സമീപം വരെ എത്തിയിരുന്നു. തുടർന്നാണ് വിലയിൽ ശക്തമായ തിരുത്തൽ നേരിട്ടത്.സാമ്പത്തിക പാദകാലയളവിൽ നഷ്ടം കുറിച്ചാണ് സ്വർണം കടന്നുപോയത്. ഏപ്രിൽ - ജൂൺ മാസക്കാലയളവിൽ സ്വർണ വിലയിൽ 2.5% നഷ്ടമാണ് കുറിച്ചത്. മേയ് മാസത്തിൽ സർവകാല റെക്കോഡ് നിലവാരത്തിന് തൊട്ടടുത്ത് വരെ സ്വർണ വില (2,071 ഡോളർ) എത്തിച്ചേർന്നിരുന്നു. യുഎസ് ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു സ്വർണത്തിലെ മുന്നേറ്റം. എന്നാൽ പ്രതിസന്ധി വേഗത്തിൽ കെട്ടടങ്ങിയതും അമേരിക്കൻ സമ്പദ്ഘടന ശക്തമായ നിലയിൽ തുടരുന്നതും പലിശ നിരക്ക് വീണ്ടും വർധിപ്പിക്കുമെന്ന സൂചനകളുമാണ് സ്വർണത്തിന് തിരിച്ചടിയേകിയത്.

കേരള ആഭരണ വിപണിയിൽ ഇന്ന് സ്വർണ വിലയിൽ നേരിയ വർധന. 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവൻ സ്വർണത്തിൽ 160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 43,320 രൂപയായി ഉയർന്നു. 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വർണത്തിന് 5,415 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ദിവസം 43,160 രൂപയായിരുന്നു ഒരു പവന്റെ വില. മൂന്ന് മാസക്കാലയളവിലെ താഴ്ന്ന നിലാവരത്തിന് സമീപമാണ് സ്വർണ വിലയുള്ളത്.