*പ്രഭാത വാർത്തകൾ*2023 ജൂലൈ 31 തിങ്കൾ

◾മൂന്നു മാസമായി കലാപം തുടരുന്ന മണിപ്പൂരില്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കു കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ എംപിമാര്‍. രണ്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ എംപിമാര്‍ വിഷയം ഇന്നും പാര്‍ലമെന്റില്‍ ഉന്നയിക്കും. പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കണം. 140 പേര്‍ കൊല്ലപ്പെട്ടു. അഞ്ഞൂറിലേറെ പേര്‍ക്കു പരിക്കേറ്റു. അയ്യായിരത്തിലേറെ വീടുകള്‍ കത്തിച്ചു. അറുപതിനായിരത്തിലേറെ പേര്‍ കുടിയൊഴിക്കപ്പെട്ടു. അവര്‍ ചൂണ്ടിക്കാട്ടി.  

◾പാക്കിസ്ഥാനില്‍ പാര്‍ട്ടി സമ്മേളനത്തിനിടെ സ്ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്കു പരിക്കേറ്റു. ബജൗറിയിലെ ഖാറിലാണു സംഭവം. ജം ഇയ്യത്ത് ഉലമ ഇ ഇസ്ലാം ഫസല്‍ പാര്‍ട്ടി സമ്മേളനത്തിനിടെയാണു സ്ഫോടനമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരും.

◾ബേപ്പൂര്‍ തുറമുഖത്ത് വിദേശ കപ്പലുകള്‍ അടുപ്പിക്കുന്നതിനും എമിഗ്രേഷന്‍ ക്ലിയറന്‍സിനും ഇന്റര്‍നാഷണല്‍ ഷിപ്പ് ആന്‍ഡ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഐഎസ്പിഎസ് കോഡ് ലഭ്യമായതോടെ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ന്നു.

◾പൊലീസ് തലപ്പത്ത് മാറ്റം. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച ടികെ വിനോദ് കുമാറിനെ വിജിലന്‍സ് ഡയറക്ടറാക്കി. മനോജ് എബ്രഹാമാണ് ഇന്റലിജന്‍സ് എഡിജിപി. കെ. പത്മകുമാറിനെ ജയില്‍ മേധാവി സ്ഥാനത്തുനിന്നു ഫയര്‍ ഫോഴ്സ് മേധാവിയാക്കി. ബല്‍റാം കുമാര്‍ ഉപാധ്യായയെ ജയില്‍ മേധാവിയാക്കി. കൊച്ചി കമ്മീഷണര്‍ സേതുരാമന്‍ ഉത്തര മേഖല ഐജിയാകും. ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാര്‍ ഗുപ്തക്ക് പൊലീസ് ആസ്ഥാന ചുമതല. എംആര്‍ അജിത് കുമാറിന് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും നല്‍കി. എ. അക്ബര്‍ കൊച്ചി കമ്മീഷണറാകും.

◾ആലുവായില്‍ അഞ്ചുവയസുകാരിയെ ബലാത്സഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലത്തെ കോടതി റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഏഴുദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ഇന്നു കാടതിയില്‍ ആവശ്യപ്പെടും. കൊലപാതകം, ബലാത്സംഗം അടക്കം ഒന്‍പത് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഡി ഐ ജി ശ്രീനിവാസ് വ്യക്തമാക്കി.

◾ഭര്‍ത്താവ് നൗഷാദിനെ കൊലപ്പെടുത്തിയെന്നു പോലീസ് മര്‍ദിച്ചു പറയിപ്പിച്ചതാണെന്ന് അഫ്സാന. വനിതാ പൊലീസും പുരുഷ പോലീസും മര്‍ദ്ദിച്ചു. പലതവണ പെപ്പര്‍ സ്പ്രേ അടിച്ചു. തന്നേയും വാപ്പയേയും കെട്ടിത്തൂക്കുമെന്നു ഭീഷണിപ്പെടുത്തി. സഹിക്കാനാകാതെയാണ് ഭര്‍ത്താവിനെ കൊന്നെന്നു പറയണമെന്ന പോലീസിന്റെ ആവശ്യത്തിനു വഴങ്ങേണ്ടി വന്നത്. നൗഷാദിനെ കൊന്ന് പഴയ വാടകവീട്ടില്‍ കുഴിച്ചിട്ടെന്നു താനല്ല, പോലീസാണു പറഞ്ഞത്. പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

◾മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഗുരുതര ആരോപണം ഉന്നയിച്ച പോലീസ് ഐജി ലക്ഷ്മണിനെ ഇന്നു ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. മോന്‍സണ്‍ മാവുങ്കലിന്റെ കേസിലാണു ചോദ്യം ചെയ്യുന്നത്. സസ്പെന്‍ഷന്‍ പിന്‍വലിച്ചു സര്‍വീസില്‍ തിരിച്ചെടുത്ത ലക്ഷ്ണിനെതിരേ സര്‍ക്കാര്‍ ഉടനേ കടുത്ത നടപടികള്‍ സ്വീകരിച്ചേക്കും.

◾മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ ജയിലിലടച്ചതിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ പൊലീസ് വെടിവച്ചുകൊന്നതിനെതിരെ പ്രതിഷേധിച്ചതിനു രജിസ്റ്റര്‍ ചെയ്ത കേസിലാണ് 95 കാരനായ ഗ്രോ വാസുവിനെ കോടതി റിമാന്‍ഡ് ചെയ്തത്. കുറ്റം ചെയ്യാത്ത താന്‍ സ്വന്തം ജാമ്യരേഖകളില്‍ ഒപ്പിടാന്‍ തയാറല്ലെന്ന നിലപാടെടുത്തതോടെയാണ് കുന്നമംഗലം കോടതി റിമാന്‍ഡു ചെയ്തത്.

◾ഇടുക്കിയിലെ കേരള -തമിഴ്നാട് അതിര്‍ത്തി മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കുഷ്ഠരോഗം. മുണ്ടിയെരുമയിലെ പട്ടം കോളനി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങി.

◾ആലുവായില്‍ കൊല്ലപ്പെട്ട കുഞ്ഞിന്റെ പേരില്‍ പരസ്പരം പഴിചാരി രാഷ്ട്രീയ പാര്‍ട്ടികളുടെ സമരങ്ങള്‍ ഇന്ന്. പൊലീസ് അനാസ്ഥയ്ക്കെതിരെ കോണ്‍ഗ്രസ് ആലുവ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും ബ്ലോക്ക് തലത്തില്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയിലേക്ക് ഇടതു മുന്നണിയും സമരം നടത്തും. പൊലീസ് അന്വേഷണം നടത്തിയില്ലെന്ന് ആരോപിച്ച് ബിജെപിയും ഇന്ന് എസ്പി ഓഫീസിലേക്കു മാര്‍ച്ചു ചെയ്യും.

◾ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ സംസ്‌കാര കര്‍മ്മം നടത്താന്‍ പൂജാരിമാര്‍ തയാറാകാതിരുന്നതിനാലാണു താന്‍ കര്‍മം ചെയ്തതെന്ന് ഓട്ടോ ഡ്രൈവര്‍. ഹിന്ദിക്കാരുടെ കുട്ടിയല്ലേയെന്നു പറഞ്ഞാണ് പൂജാരിമാര്‍ ഒഴിഞ്ഞത്. കുട്ടിയുടെ പിതാവിന്റെ ആവശ്യപ്രകാരമാണു പൂജാരിമാരെ സമീപിച്ചത്. അനാഥരുടെ മൃതദേഹം സംസ്‌കരിക്കാന്‍ പോയി പരിചയമുള്ളതിനാലാണ് സംസ്‌കാര കര്‍മ്മങ്ങള്‍ ചെയ്തതെന്നും ഓട്ടോ ഡ്രൈവര്‍ രേവത് ബാബു പറഞ്ഞു.

◾ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ പൊതുദര്‍ശനത്തിനും സംസ്‌കാര ചടങ്ങുകള്‍ക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ ജില്ലാ കളക്ടറോ എത്താത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. സര്‍ക്കാര്‍ ഔചിത്യപൂര്‍വം പ്രവര്‍ത്തിച്ചില്ലെന്ന് ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കുറ്റപ്പെടുത്തി. 

◾ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ സംസ്‌കാര ചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയില്ലെന്ന വിവാദത്തിനു പിറകെ മന്ത്രി വീണാ ജോര്‍ജ്ജും കളക്ടറും കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിലെത്തി. കുട്ടിയുടെ മാതാപിതാക്കളെ മന്ത്രിവീണാ ജോര്‍ജ്ജ് ആശ്വസിപ്പിച്ചു. പ്രതിക്കു പരമാവധി ശിക്ഷ നല്‍കുമെന്നും സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

◾ആലുവയിലെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാത്തത് ആശ്ചര്യജനകമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് എന്ത് മന:സാക്ഷിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

◾പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്. കാറുമായി ഇന്ന് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ നടന്ന അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.

◾തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാറിന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന അതിഥി തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ബംഗാളിയായ സുബ്രാതോകൗറിനെയാണു കസ്റ്റഡിയിലെടുത്തത്.

◾പട്ടാമ്പി മുന്‍ നഗരസഭ ചെയര്‍മാനും ഡിസിസി വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ എസ് ബി എ തങ്ങള്‍ അന്തരിച്ചു. 61 വയസായിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു പട്ടാമ്പി ജുമാ മസ്ജിദ് ഖബ്ര്സ്ഥാനില്‍ കബറടക്കം.

◾പുളിമരം മുറിച്ചു മാറ്റുന്നതിനിടെ വീടിനു മുകളിലേക്കു വീണ് വാതില്‍പ്പടിയിലിരുന്ന വീട്ടമ്മ മരിച്ചു. രണ്ടു സ്ത്രീകള്‍ക്കു പരിക്കേറ്റു. കോട്ടയം പള്ളം മലേപറമ്പില്‍ പരേതനായ ബാബുവിന്റെ ഭാര്യ മേരിക്കുട്ടി എന്ന നാല്‍പത്തൊമ്പതുകാരിയാണു മരിച്ചത്. വടംകെട്ടി മറിച്ചിടുന്നതിനിടെ അപ്രതീക്ഷിതമായി വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് ശരീരത്തിലേക്കു വീഴുകയായിരുന്നു.

◾കാസര്‍കോട് മുഹിമ്മാത്ത് സീനിയര്‍ സെക്രട്ടറിയും സുന്നി മാനേജ്മെന്റ് അസോസിയേഷന്‍ മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം.അന്തുഞ്ഞി മൊഗര്‍ അന്തരിച്ചു. 72 വയസായിരുന്നു.

◾പാലക്കാട് കൊപ്പത്ത് സംഘപരിവാര്‍ സംഘടനകളുടെ പ്രകടനത്തിലെ കൊലവിളി മുദ്രാവാക്യത്തിനെതിരേ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയിലാണ് കൊപ്പം പൊലീസ് കേസെടുത്തത്. ലീഗ് പ്രവര്‍ത്തകര്‍ക്കും സ്പീക്കര്‍ എ എന്‍ ഷംസീറിനും എതിരെയായിരുന്നു മുദ്രാവാക്യം മുഴക്കിയിരുന്നത്.

◾വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും പ്രഖ്യാപനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ പൂനെ സന്ദര്‍ശിക്കും. രാവിലെ 11 ന് ദഗ്ദുഷേത് മന്ദിറില്‍ പ്രധാനമന്ത്രി ദര്‍ശനവും പൂജയും നടത്തും. ഉച്ചയ്ക്ക് പ്രധാനമന്ത്രി മെട്രോ ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യുകയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കുകയും ചെയ്യും.

◾ഓഗസ്റ്റ് 12 നു നടക്കുന്ന ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ തന്റെ പാനലിലെ സ്ഥാനാര്‍ത്ഥികളേ ജയിക്കൂവെന്ന് ഗുസ്തി താരങ്ങളുടെ ലൈംഗിക അതിക്രമ പരാതിയിലെ പ്രതിയും മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി ജെ പി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. 25 സംസ്ഥാന അസോസിയേഷനുകളില്‍ 22 ഉം തനിക്കൊപ്പമാണെന്ന് ബ്രിജ് ഭൂഷണ്‍ അവകാശപ്പെട്ടു.

◾അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നവരുടെ പട്ടികയിലേക്ക് ഒരു ഇന്ത്യന്‍ വംശജന്‍കൂടി. എന്‍ജിനിയറായ ഹിര്‍ഷ് വര്‍ധന്‍ സിംഗാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുന്നത്. ഇന്ത്യന്‍ വംശജരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരുമായ നിക്കി ഹേലി, വിവേക് രാമസ്വാമി എന്നിവരും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്.  

◾ആഷസ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഒരു ദിവസവും 10 വിക്കറ്റും കയ്യിലിലരിക്കേ ഓസ്ട്രേലിയക്ക് ജയിക്കാന്‍ വേണ്ടത് 249 റണ്‍സ്. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 395 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ ഓസ്ട്രേലിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 384 റണ്‍സായിരുന്നു. മഴമൂലം നാലാം ദിനം നേരത്തേ കളിയവസാനിപ്പിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 135 റണ്‍സെന്ന നിലയിലാണ് ഓസീസ്.

◾ഇന്ത്യയില്‍ കോടികളുടെ നിക്ഷേപം നടത്താന്‍ ഒരുങ്ങി പ്രമുഖ തായ്വാനീസ് ഇലക്ട്രോണിക് ചിപ്പ് നിര്‍മ്മാണ കമ്പനിയായ ഫോക്സ്‌കോണ്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 16,500 രൂപ നിക്ഷേപിക്കാനാണ് ഫോക്സ്‌കോണ്‍ ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാറിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയുടെ ഗുണഭോക്താവ് കൂടിയാണ് ഫോക്സ്‌കോണ്‍. കൂടാതെ, ആപ്പിളിന് വേണ്ടി ഐഫോണുകള്‍ കരാറാടിസ്ഥാനത്തില്‍ ഫോക്സ്‌കോണ്‍ നിര്‍മ്മിച്ച് നല്‍കാറുണ്ട്. ഇലക്ട്രോണിക് ഘടക നിര്‍മ്മാണങ്ങള്‍ക്കായി സ്ഥാപിക്കുന്ന പുതിയ പ്ലാന്റ് തമിഴ്നാട്ടില്‍ ആരംഭിച്ചേക്കുമെന്നാണ് സൂചന. പുതിയ പ്ലാന്റിന്റെ നിര്‍മ്മാണത്തിനായി തമിഴ്നാട്ടില്‍ 1,650 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഫോക്സ്‌കോണ്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. അതേസമയം, ഗുജറാത്തില്‍ സെമി കണ്ടക്ടര്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനായി വേദാന്തയുമായുള്ള സംയുക്ത സംരംഭത്തില്‍ നിന്ന് കമ്പനി അടുത്തിടെ പിന്മാറിയിരുന്നു. 1,60,000 കോടി രൂപയുടെ സംരംഭമാണ് ഗുജറാത്തില്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്.

◾രണ്‍വീര്‍ സിംഗ് നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'ക്ക് മികച്ച അഭിപ്രായം. ഇതുവരെ രണ്‍വീര്‍ ചിത്രം 27.15 കോടി നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സുഗമമായി 46 കോടി ഈ ആഴ്ച 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി' നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആലിയ ഭട്ടായിരുന്നു ചിത്രത്തിലെ നായിക. കരണ്‍ ജോഹറാണ് ചിത്രത്തിന്റ സംവിധാനം. രണ്‍വീര്‍ സിംഗ് ചിത്രം ആദ്യ ദിനം 11.10 കോടി നേടിയപ്പോള്‍ കഴിഞ്ഞ ദിവസം നേടിയത് 16.05 കോടിയാണ് എന്നാണ് റിപ്പോര്‍ട്ട്. 44.59 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റാണ് ഇത്. 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'ക്ക് മുമ്പ് രണ്‍വീര്‍ സിംഗിന്റേതായി പ്രദര്‍ശനത്തിന് എത്തിയത് വന്‍ പരാജയമായ 'സര്‍ക്കസ്' ആയിരുന്നു. ആലിയ നായികയായ ഇതിനു മുമ്പത്തെ ചിത്രം 'ബ്രഹ്‌മാസ്ത്ര' വിജയമായിരുന്നു. ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും ഒന്നിച്ച 'ബ്രഹ്‌മാസ്ത്ര' സംവിധാനം ചെയ്തത് അയന്‍ മുഖര്‍ജിയാണ്.

◾ആസിഫ് അലി, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം 'കാസര്‍ഗോള്‍ഡി'ന്റെ റിലീസ് തിയതി പുറത്തുവിട്ടു. സെപ്റ്റംബര്‍ 15ന് ചിത്രം തീയേറ്ററുകളില്‍ എത്തും. മൃദുല്‍ നായര്‍ ആണ് ചിത്രത്തിന്റെ കഥ എഴുതി സംവിധാനം ചെയ്യുന്നത്. ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുല്‍ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ജൂലൈ രണ്ടാം വാരത്തില്‍ റിലീസ് ചെയ്ത ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഖരി എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍,സൂരജ് കുമാര്‍,റിന്നി ദിവാകര്‍ എന്നിവര്‍ ചേര്‍ന്ന് യൂഡ്‌ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിര്‍മിക്കുന്ന മൂന്നാമത്തെ മലയാളം ചിത്രം കൂടിയാണ് 'കാസര്‍ഗോള്‍ഡ്'. കാപ്പ എന്ന ചിത്രത്തിന് ശേഷം യൂഡ്‌ലി ഫിലിംസുമായി ഒന്നിക്കുന്ന ആസിഫ് അലി ചിത്രവും ഇതാണ്. പി പി കുഞ്ഞികൃഷ്ണന്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍, സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോള്‍, ധ്രുവന്‍,അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.

◾അള്‍ട്രാവയലറ്റ് എഫ്77 ലിമിറ്റഡ് എഡിഷന്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്ക് സ്വന്തമാക്കി, വിഡിയോ ജോക്കി രണ്‍വിജയ് സിന്‍ഹ. ആകെ പുറത്തിറക്കുന്ന 77 അള്‍ട്രാവയലറ്റ് എഫ്77 ലിമിറ്റഡ് എഡിഷനില്‍ പതിനാറാമത്തെ സ്‌പോര്‍ട്‌സ് ബൈക്കാണ് രണ്‍വിജയ് സിന്‍ഹയുടേത്. ബുക്കിങ് തുടങ്ങി രണ്ടു മണിക്കൂറിനകം ഈ ലിമിറ്റഡ് എഡിഷന്‍ എഫ്77 വിറ്റു തീര്‍ന്നിരുന്നു. ടിവിഎസ് മോട്ടോഴ്‌സിന്റെ പിന്തുണയുള്ള വൈദ്യുത വാഹന സ്റ്റാര്‍ട്ട് അപ്പാണ് അള്‍ട്രാവയലറ്റ് ഓട്ടമോട്ടീവ്. മലയാളി സിനിമാ താരം ദുല്‍ക്കര്‍ സല്‍മാനുമായും അള്‍ട്രാവയലറ്റ് ഓട്ടമോട്ടീവിന് ബന്ധമുണ്ട്. ഈ സ്റ്റാര്‍ട്ട് അപ്പിലെ ആദ്യ നിക്ഷേപകരില്‍ ഒരാളാണ് ദുല്‍ക്കര്‍. ഏറ്റവും ബേസ് വേരിയന്റായ ഷാഡോക്ക് 3.8 ലക്ഷം രൂപയാണ് വില. 4.5 ലക്ഷം രൂപയുടെ റെക്കോണാണ് ഏറ്റവും ഉയര്‍ന്ന വിലയുള്ള വേരിയന്റ്. അതേസമയം ലിമിറ്റഡ് എഡിഷന്‍ വാഹനമായ എഫ്77ന്റെ വില കമ്പനി പരസ്യമാക്കിയിട്ടില്ല. റെക്കോണ്‍ വേരിയന്റിനേക്കാളും വില കൂടുതലായിരിക്കും എഫ്77 എന്നാണ് കരുതപ്പെടുന്നത്. ഉയര്‍ന്ന വേരിയന്റായ എഫ്77എയര്‍ സ്‌ട്രൈക്കില്‍ 40.4ബിഎച്പി കരുത്തും പരമാവധി 100എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണുള്ളത്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗതയിലേക്കു കുതിക്കാന്‍ ഈ വാഹനത്തിന് 7.8 സെക്കന്‍ഡ് മാത്രമാണ് വേണ്ടത്. പരമാവധി വേഗത 152 കിലോമീറ്റര്‍.

◾ഉദയസൂര്യന്റെ നാട്ടില്‍നിന്നും വിരുന്നുവന്ന ഒരു തുള്ളി വെളിച്ചം മലയാളനാട്ടിലെ ഒരു പെണ്‍കുട്ടിയുടെ ബാല്യത്തെ പ്രകാശപൂര്‍ണമാക്കിയതിന്റെ കഥ. അവിസ്മരണീയമായ ഒരു വേനലൊഴിവുകാലത്തിന്റെ മധുരസ്മരണ. ഈ ജപ്പാന്‍കാരനും പെണ്‍കുട്ടിക്കുമിടയിലെ അപൂര്‍വസൗഹൃദത്തിന്റെ ചില്ലുജാലകം തുറക്കപ്പെടുന്നത്, ദേശത്തിനും കാലത്തിനും അതീതമായ ഒരു ഭൂഭാഗത്തിലേക്കാണ്. 'മിസോയ്സാന്‍'. രണ്ടാം പതിപ്പ്. ഷീബ ഇ കെ. എച്ആന്‍ഡ്സി ബുക്സ്. വില 114 രൂപ.

◾ശ്വാസകോശ നാളിയില്‍ അണുക്കളോ അപകടകാരികളായ വസ്തുക്കളോ കുടുങ്ങുമ്പോള്‍ ശരീരത്തിന്റെ ആദ്യ സ്വാഭാവിക പ്രതികരണമാണ് ചുമ. കാര്യമായ പ്രശ്നങ്ങള്‍ മൂലമുള്ളതല്ല ചുമയെങ്കില്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അത് തനിയേ മാറുന്നതാണ്. എന്നാല്‍ ഏറെ നാള്‍ നീണ്ടു നില്‍ക്കുന്ന ചുമ കാര്യമായ എന്തോ പന്തികേട് ശ്വാസകോശത്തിനുണ്ടെന്നതിന്റെ അടയാളമാണ്. ആഴ്ചകളും മാസങ്ങളും നീണ്ടു നില്‍ക്കുന്ന ചുമ ചിലപ്പോള്‍ ശ്വാസകോശ അര്‍ബുദം മൂലമാകാം. അര്‍ബുദം മൂലമുള്ള ചുമയ്ക്കൊപ്പം ഇനി പറയുന്ന ലക്ഷണങ്ങളെ കൂടി കരുതിയിരിക്കാം. കഫത്തില്‍ ചോരയുടെയോ തുരുമ്പിന്റെയോ നിറം, ശ്വാസം മുട്ടല്‍, നെഞ്ച് വേദന. ബ്രോങ്കൈറ്റിസ്, ന്യുമോണിയ പോലുള്ള അണുബാധകള്‍ വിട്ടുമാറാതെ തുടരുന്നത്. വിട്ടുമാറാത്ത ചുമയുള്ളവരില്‍ ചുമയുടെ ശബ്ദത്തിലും സ്വഭാവത്തിലും വരുന്ന മാറ്റങ്ങളും വളരുന്ന അര്‍ബുദ കോശങ്ങളുടെ സൂചനയാകാം. ചുമയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ വേദന വരുന്നതും ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണമാണ്. ഇനി ചുമയുമായി ബന്ധമില്ലാത്ത ലക്ഷണങ്ങളും ശ്വാസകോശാര്‍ബുദത്തിന്റെ ഭാഗമായി ശരീരം പ്രകടിപ്പിക്കാം. തൊണ്ടയടപ്പ്, വിശപ്പില്ലായ്മ, വിശദീകരിക്കാനാകാത്ത ഭാരക്കുറവ്, ക്ഷീണം, മുഖത്തോ കഴുത്തിലോ നീര്‍ക്കെട്ട് എന്നിവയെല്ലാം ശ്വാസകോശാര്‍ബുദത്തിന്റെ മറ്റ് ലക്ഷണങ്ങളാണ്. അപൂര്‍വം ചില കേസുകളില്‍ വിരലുകള്‍ക്കും ചില മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. വിരലുകള്‍ കൂടുതല്‍ വളയുകയോ അവയുടെ അറ്റം വലുതാകുകയോ ചെയ്യാം. തോളിനു വരുന്ന വേദനയും ശ്വാസകോശ അര്‍ബുദത്തിന്റെ ഭാഗമായ ഒരു ലക്ഷണമാണ്. ചുമ നാലാഴ്ചകള്‍ക്ക് മേല്‍ നീണ്ടു നില്‍ക്കുകയോ ചുമയുടെ ശബ്ദത്തില്‍ മാറ്റം വരുകയോ ചെയ്താല്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം. ചുമ പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാമെന്നതിനാല്‍ ഇതിനെ ലാഘവത്തോടെ എടുക്കരുത്. ശ്വാസകോശാര്‍ബുദ സാധ്യത പുകവലിക്കാരില്‍ അധികമാണെന്നതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പുകവലിക്കാര്‍ അത്യന്തം ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.