ഏക സിവിൽ കോഡ് ഭരണഘടനയ്ക്ക് എതിരായത്’: പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി

ഏക സിവിൽ കോഡ് നിയമം ഭരണഘടനക്ക് എതിരായതെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി. തിരുവനന്തപുരം ഈദ് ഗാഹിൽ പ്രഭാഷണം നടത്തുന്നിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നമ്മുടെ നാട്ടിൽ ഇതു നടപ്പാക്കുന്നത് നല്ലതല്ല. ബഹുസ്വരതയ്ക്ക് എതിരായി മാറും. വിശ്വാസികളുടെ ജീവിതത്തെ പ്രയാസകരമാക്കും. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രം പിന്മാറണം എന്നും മൗലവി ആവശ്യപ്പെട്ടു. മണിപ്പൂരിലെ കലാപത്തെ പറ്റി വിമർശിച്ച ഇമാം അവിടെ ക്രിസ്ത്യൻ പള്ളികൾ തകർക്കപ്പെടുന്നതായി അറിയിച്ചു. മതപരമായി ഭിന്നിപ്പിച്ച് അധികാരം നിലനിർത്തുന്നതിൽ നിന്നും കേന്ദ്രം പിന്മാറണം. ധ്രുവീകരണ രാഷ്ട്രീയം നാടിന്റെ സമാധാനം തകർക്കുമെന്നാണ് മണിപ്പൂർ തെളിയിക്കുന്നത് എന്ന് അദ്ദേഹം അറിയിച്ചു.കേരള സ്റ്റോറിക്ക് നേരെയും രൂക്ഷ വിമർശനം ഉന്നയിച്ച പാളയം ഇമാം വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് നാടിന്റെ സാഹോദര്യം തകർക്കാൻ മാത്രമേ ഇതു ഉപകരിക്കൂ എന്ന് വ്യക്തമാക്കി. ഒരു മതത്തെയും സംസ്ഥാനത്തെയും അപമാനിക്കാൻ മാത്രമേ ഈ നീക്കത്തെ സഹായിക്കു. സൗഹൃദത്തിന്റെ കേരള സ്റ്റോറികൾ എത്രയോ വേറെയുണ്ട്. സൗഹൃദങ്ങളെ തകർക്കാൻ ഒരു ശക്തിയെയും കഴുകന്മാരെയും അനുവദിക്കരുത്. തീവ്രവാദത്തെ ആരും അനുകൂലിക്കുന്നില്ല. ഇക്കാര്യം മുസ്ലീം പണ്ഡിതന്മാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്ന് അദ്ദേഹം പ്രഭാഷണത്തിനിടെ പറഞ്ഞു.