മുസ്‌ലിം ലീഗുമായി ഒന്നിച്ചുപോകാൻ ആഗ്രഹമെന്ന് കാന്തപുരം; സമുദായ ഐക്യത്തിന് കരുത്തെകുമെന്ന് പി കെ അബ്ദുറബ്

മുസ്‌ലിം ലീഗുമായി ഒന്നിച്ചുപോകാൻ ആഗ്രഹമെന്ന് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. സമുദായ ഐക്യത്തിന് കരുത്തും, ഊർജ്ജവും നൽകുന്ന കാന്തപുരത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് പി കെ അബ്ദുറബ് ഫേസ്ബുക്കിൽ കുറിച്ചു.സമുദായത്തിനകത്തും,സമുദായങ്ങൾ തമ്മിലും വിള്ളലുകൾ വീഴാതെ കാത്തു സൂക്ഷിക്കേണ്ട ബാധ്യത മതപണ്ഡിതൻമാർക്കുണ്ട്. കാന്തപുരം ആ കടമ നിറവേറ്റിയിരിക്കുന്നു. സമുദായ ഐക്യത്തിന് കരുത്തും, ഊർജ്ജവും നൽകുന്ന കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ നിലപാടിനെ സഹർഷം സ്വാഗതം ചെയ്യുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെയെന്നും പി കെ അബ്ദുറബ് ഫേസ്ബുക്കിൽ കുറിച്ചു.മുസ്‍ലിം ലീഗും കാന്തപുരം വിഭാഗവും തമ്മിൽ ഐക്യമുണ്ടാകണമെന്നാണ് തന്‍റെ അഭിലാഷമെന്ന് കാന്തപുരം പറയുന്നു. ലീഗ് അധ്യക്ഷനായി പാണക്കാട് സാദിഖലി തങ്ങൾ ചുമതലയേറ്റയുടനെ ലീഗ് സംഘടിപ്പിച്ച സുഹൃദ് സംഗമത്തിൽ കാന്തപുരം പങ്കെടുത്തിരുന്നു. സമസ്ത ഇരുവിഭാഗവും ഒന്നിച്ചുപോകണം എന്നത് തന്‍റെ ജീവിതാഭിലാഷമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങളുമായി സംസാരിക്കാറുണ്ടെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.