*സായാഹ്ന വാർത്തകൾ*```2023 | ജൂൺ 28 ബുധൻ

◾വര്‍ക്കലയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വിവാഹ ദിവസം പുലര്‍ച്ചെ വധുവിന്റെ അച്ഛനെ അയല്‍വാസികള്‍ വെട്ടിക്കൊന്നു. വടശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയില്‍ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കേ, ഇന്നലെ അര്‍ധരാത്രിയോടെ വീട്ടിലെ ആഘോഷ പരിപാടികള്‍ അവസാനിച്ച് എല്ലാവരും പിരിഞ്ഞതിനു പിറകേയാണ് ആക്രമണമുണ്ടായത്. വധു ശ്രീലക്ഷ്മിയെയാണ് ആദ്യം ആക്രമിച്ചത്. തടയാന്‍ ശ്രമിച്ച മറ്റു സ്ത്രീകളെയും ആക്രമിച്ചു. തടയുന്നതിനിടെയാണ് രാജുവിന് അടിയേറ്റത്. അയല്‍വാസികളായ ജിഷ്ണു, ജിജിന്‍, ശ്യാം, മനു എന്നീ നാലു പേരെ കസ്റ്റഡിയിലെടുത്തു.

◾ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും സംസ്ഥാനത്ത് പൊതു അവധി. നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയെന്ന് കേരള, എം ജി, കൊച്ചി, കാലടി, കാലിക്കറ്റ്, സാങ്കേതിക, ആരോഗ്യ സര്‍വകലാശാലകള്‍ അറിയിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം അവധിയാണ്. റേഷന്‍ കടകള്‍ ഇന്നു തുറന്നിട്ടുണ്ട്. നാളെ അവധിയാണ്. മാവേലി സ്റ്റോറുകള്‍ക്ക് ഇന്നും നാളെയും അവധി.

◾കൈതോലപ്പായയില്‍ രണ്ടേകാല്‍ കോടി രൂപ കടത്തിയെന്ന മുഖ്യമന്ത്രിക്കെതിരായ ആരോപണത്തെ ആധാരമാക്കി കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍ എംപി നല്‍കിയ പരാതി എഡിജിപി അന്വേഷിക്കും. ദേശാഭിമാനി മുന്‍ എഡിറ്റര്‍ ജി. ശക്തിധരനാണ് ആരോപണം ഉന്നയിച്ചത്.

◾ജി ശക്തിധരന്റെ വെളിപ്പെടുത്തലില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തുന്നതിനു പകരം കേസ് തേച്ചുമാച്ചു കളയാന്‍ എഡിജിപിയെ ഏല്‍പിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പ്രതിയായതിനാലാണ് കേസ് ഒതുക്കുന്നത്. കെ സുധാകരനെതിരെ 15 വര്‍ഷം മുമ്പുള്ള ആരോപണത്തില്‍ കേസെടുത്തെങ്കില്‍ ഈ ആരോപണത്തിലും കേസെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.

◾മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചത് എസ്എഫ്ഐയിലെ ഭാരവാഹിത്വം നഷ്ടപ്പെടാതിരിക്കാനാണെന്ന് മൊഴി. അബിന്‍ ആദ്യം സമീപിച്ചത് ഓറിയോണിന്റെ തിരുവനന്തപുരം ശാഖയിലായിരുന്നു. കൊവിഡ്മൂലം ഈ ശാഖ പൂട്ടിയിരുന്നു. തുടര്‍ന്നാണ് കൊച്ചി ശാഖയിലെത്തിയത്. ഓറിയോണിനെതിരെ കൊച്ചിയില്‍ 14 കേസുണ്ട്. വിസ തട്ടിപ്പിന് അറസ്റ്റിലായതോടെ ഉടമ സജു ശശിധരന്‍ സ്ഥാപനം 2022 ല്‍ പൂട്ടിപ്പോയിരുന്നു.

◾കണ്ണൂര്‍ സര്‍വകലാശാലയ്ക്കു പ്രിയ വര്‍ഗീസിനെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കാമെന്ന് സ്റ്റാന്‍ഡിംഗ് കൗണ്‍സലിന്റെ നിയമോപദേശം. ഹൈക്കോടതി ഉത്തരവോടെ ഗവര്‍ണറുടെ സ്റ്റേയ്ക്ക് ഇനി നിലനില്‍പ്പില്ലെന്നാണു നിയമോപദേശം.

◾കാട്ടാക്കടയില്‍ പൊലീസ് വേഷത്തിലെത്തി വിലങ്ങ് വച്ചു വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍. പൊലീസുകാരാനായ നെടുമങ്ങാട് സ്വദേശി വിനീത്, സുഹൃത്ത് അരുണ്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ വിനീത് സസ്പെന്‍ഷനിലായിരുന്നു. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച മറ്റൊരു പൊലീസുകാരന്റെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

◾ഇന്ന് എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂരില്‍ ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു. ശക്തമായ മഴയും കടല്‍ ക്ഷോഭവും കണക്കിലെടുത്താണ് നടപടി. പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധര്‍മടം എന്നീ ബീച്ചുകളിലേക്കാണ് പ്രവേശനം നിരോധിച്ചത്.

◾തനിക്കെതിരായ കേസുകളില്‍ സിബിഐ അടക്കം ഏതന്വേഷണം നേരിടാനും തയ്യാറാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കരുണാകരന്‍ ട്രസ്റ്റിനായി പിരിച്ച പണത്തിന്റെ കണക്കും വിജിലന്‍സിന് നല്‍കും. കേസിലെ പരാതിക്കാരനായ തന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു ഒറ്റുകാരനാണെന്നും അദ്ദേഹം പറഞ്ഞു.

◾ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ പിടിയില്‍. വെള്ളത്തൂവല്‍, മുതിരപ്പുഴ സ്വദേശികളാണ് പിടിയിലായത്. കുഞ്ചിത്തണ്ണി സ്വദേശി പൂതക്കുഴി ജെഫിന്‍ സോബിയുടെ മൂന്നു ലക്ഷം രൂപ വിലവരുന്ന ബൈക്ക് മോഷ്ടിച്ച് ഇവര്‍ രൂപമാറ്റം വരുത്തിയിരുന്നു.

◾ആനക്കൊമ്പ് കഷണങ്ങളുമായി യുവാവ് പിടിയില്‍. ആലപ്പുഴ തൊണ്ടംകുളങ്ങര ചെമ്മുകത്ത് ശരത് (35)നെയാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വെച്ച് വനംവകുപ്പ് പിടികൂടിയത്.

◾തൃശൂര്‍ കോടശേരി പഞ്ചായത്തിലെ ചട്ടിക്കുളത്തെ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെ മുഴുവന്‍ പന്നികളേയും കൊന്നൊടുക്കി സംസ്‌കരിച്ചു. ബാലന്‍പീടികയ്ക്കു സമീപമുള്ള പന്നിഫാമിലെ പന്നികളെയാണ് കൊന്നു സംസ്‌കരിച്ചത്. 370 പന്നികളുണ്ടായിരുന്നു.

◾ആലുവ കുന്നത്തേരിയിലെ വീട്ടില്‍നിന്ന് 192 അനധികൃത പാചക വാതക സിലിണ്ടറുകള്‍ പിടികൂടി. വീട്ടുടമ ചൂര്‍ണ്ണിക്കര കുന്നത്തേരി വെള്ളാഞ്ഞി വീട്ടില്‍ ഷമീര്‍ (44) ഇയാളുടെ സഹായി ബീഹാര്‍ മിസാപ്പൂര്‍ സ്വദേശി രാമാനന്ദ് (48) എന്നിവരെ ആലുവ പൊലീസ് അറസ്റ്റു ചെയ്തു.

◾മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും നടനുമായ പിപികെ ശങ്കര്‍ (ഉണ്ണി) കോഴിക്കോട്ടെ വസതിയില്‍ അന്തരിച്ചു. 80 വയസായിരുന്നു. സംസ്‌കാരം നാളെ രാവിലെ പത്തിന് മാങ്കാവ് ശ്മശാനത്തില്‍.

◾കൊല്ലം കോട്ടത്തല സ്വദേശി എംഎ വിദ്യാര്‍ത്ഥിനി വൃന്ദ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. സൈനികനും കോടത്തല സ്വദേശിയുമായ അനു കൃഷ്ണന്‍ ആണ് അറസ്റ്റിലായത്. പ്രണയത്തില്‍നിന്ന് അനു കൃഷ്ണന്‍ പിന്മാറിയതോടെയായിരുന്നു ആത്മഹത്യ.

◾കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിച്ച വയോധിക ട്രാക്കില്‍ വീണു മരിച്ചു. പെരുമ്പടപ്പ് പാറ സ്വദേശി വസന്തകുമാരി (65) ആണു മരിച്ചത്.
 
◾നിലമ്പൂരില്‍ 11 വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ. മമ്പാട് പുള്ളിപ്പാടം കാരച്ചാല്‍ സ്വദേശി കാട്ടിപൊയില്‍ കെ സുധീഷ് മോന്‍ (31) നെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.  

◾ബിജെപിയുടെ വിമര്‍ശനങ്ങള്‍ കൂസാതെ നാളെ മണിപ്പൂരിലേക്കു പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിമര്‍ശിക്കുന്നവര്‍ ആദ്യം മണിപ്പൂരിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എഐസിസി.

◾ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വിശദമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. ദേശീയതലത്തിലുള്ള പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും വേണുഗോപാല്‍ പറഞ്ഞു.

◾ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തില്‍ കടുത്ത എതിര്‍പ്പുമായി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. ഏകസിവില്‍ കോഡിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും. നിയമ കമ്മീഷനു മുന്നില്‍ ശക്തമായ എതിര്‍പ്പ് അറിയിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നെന്ന് അനിമേറ്റഡ് വിഡിയോ പ്രചരിപ്പിച്ച ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയ്ക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തു. 'രാഗാ എക് മോഹ്റാ' എന്ന പേരിലാണ് അമിത് മാളവ്യ ട്വിറ്ററില്‍ വിഡിയോ പങ്കുവച്ചത്.

◾പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സംഘപരിവാറിനേയും വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകയ്ക്കെതിരേ സൈബര്‍ ആക്രമണവും വധഭീഷണിയും. ഹൈദരാബാദില്‍ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകയായ തുളസി ചന്തുവിനെതിരെയാണ് ഭീഷണി. കൊല്ലപ്പെടുമെന്നു ഭയമുണ്ടെന്നു തുളസി ചന്തു പ്രതികരിച്ചു.

◾കര്‍ണാടകയില്‍ ദുരഭിമാനക്കൊല. ദളിത് യുവാവുമായി പ്രണയത്തിലായിരുന്ന മകളെ കൊന്ന അച്ഛന്‍ അറസ്റ്റില്‍. കോലാര്‍ സ്വദേശി പ്രീതി ആണ് മരിച്ചത്. പ്രീതി മരിച്ചത് അറിഞ്ഞ കാമുകന്‍ ഗംഗാധര്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. പ്രീതിയുടെ അച്ഛന്‍ കൃഷ്ണമൂര്‍ത്തിയെ കോലാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

◾പ്രവീണ്‍ നെട്ടാരു വധക്കേസിലെ പ്രതികളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. കുടക്, ദക്ഷിണ കന്നഡ എന്നീ പ്രദേശങ്ങളിലായിരുന്നു റെയ്ഡ്. കുടക് സ്വദേശികള്‍ ആയ അബ്ദുള്‍ നാസിര്‍, അബ്ദുള്‍ റഹ്‌മാന്‍ എന്നിവരുടെയും, ദക്ഷിണ കന്നഡ സ്വദേശി നൗഷാദിന്റെയും വീടുകളില്‍നിന്നു ഏതാനും ഇലക്ട്രോണിക് തെളിവുകള്‍ കണ്ടെടുത്തു. കൊലപാതകികളെ ഒളിപ്പിച്ചെന്ന് സംശയിക്കുന്ന ഇവര്‍ മൂന്നു പേരും ഒളിവിലാണ്.

◾പ്രമുഖ ഗോവന്‍ ഫുട്ബോള്‍ ക്ലബായ സാല്‍ഗോക്കര്‍ ചരിത്രമാകുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ കാരണമാണ് ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ക്ലബ്ബുകളിലൊന്നായ സാല്‍ഗോക്കര്‍ എഫ്.സി ഫുട്‌ബോള്‍ മതിയാക്കുന്നത്. ഗോവന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഗോവയിലെ വ്യവസായിയായ വി.എം.സാല്‍ഗോക്കറാണ് 1956ല്‍ സാല്‍ഗോക്കര്‍ ക്ലബ്ബ് സ്ഥാപിച്ചത്.

◾ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി നടപ്പുവര്‍ഷം (2023-24) ഏപ്രില്‍-മേയില്‍ മുന്‍വര്‍ഷത്തെ സമാനകാലത്തെ 4,746.85 കോടി രൂപയില്‍ നിന്ന് 41 ശതമാനം മുന്നേറി 6,702.52 കോടി രൂപയിലെത്തി. 61.86 കോടി ഡോളറില്‍ നിന്ന് 81.53 കോടി ഡോളറായാണ് വര്‍ദ്ധന. 2021-22ലെ 30,324.32 കോടി രൂപയില്‍ നിന്ന് 4.74 ശതമാനം വര്‍ദ്ധനയുമായി 31,761.38 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് കഴിഞ്ഞവര്‍ഷം നേടിയത്. 33 ശതമാനം വര്‍ദ്ധനയുമായി മുളകാണ് കഴിഞ്ഞവര്‍ഷം ഏറ്റവും മികച്ച നേട്ടം കുറിച്ചത്. ജീരകം (13 ശതമാനം), സുഗന്ധവ്യഞ്ജന എണ്ണ (സ്‌പൈസ് ഓയില്‍, 13 ശതമാനം), പുതിയ ഉത്പന്നങ്ങള്‍ (11 ശതമാനം), മഞ്ഞള്‍ (5 ശതമാനം), കറി പൗഡര്‍ (4 ശതമാനം), ചെറിയ ഏലം (3 ശതമാനം). കുരുമുളക് (2 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഉത്പന്നങ്ങള്‍. ഇന്ത്യയുടെ മൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനവും ഈ ഉത്പന്നങ്ങളില്‍ നിന്നാണ്. ഇന്ത്യയുടെ മൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ 20 ശതമാനവും ചൈനയിലേക്കാണ്. 14 ശതമാനവുമായി രണ്ടാംസ്ഥാനത്ത് അമേരിക്കയുണ്ട്. ബംഗ്ലാദേശ് (7 ശതമാനം), യു.എ.ഇ (6 ശതമാനം), തായ്‌ലന്‍ഡ് (5 ശതമാനം), ഇന്‍ഡോനേഷ്യ (4 ശതമാനം), മലേഷ്യ (4 ശതമാനം), യു.കെ (3 ശതമാനം), ശ്രീലങ്ക (3 ശതമാനം), ജര്‍മ്മനി (2 ശതമാനം), നെതര്‍ലന്‍ഡ്‌സ് (2 ശതമാനം), നേപ്പാള്‍ (2 ശതമാനം), സൗദി അറേബ്യ (2 ശതമാനം) എന്നിവയാണ് മറ്റ് മുഖ്യ വിപണികള്‍.

◾50എംപി ക്യാമറയും 6000 എംഎഎച്ച് ബാറ്ററിയുമൊക്കെയായി 'മോണ്‍സ്റ്റര്‍' എന്നു സാംസങ് വിശേഷിപ്പിച്ച ഗ്യാലക്സി എം34 ജൂലൈ 7 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. മുന്‍ഗാമിയായ ഗ്യാലക്സി എം33യുടെ ഡിസ്പ്ലേയുമായി താരതമ്യപ്പെടുത്തുമ്പോള്‍, വരാനിരിക്കുന്ന ഫോണിന് ഫുള്‍ എച്ച്ഡി പ്ലസ് റെസല്യൂഷനോടുകൂടിയ 6.4 ഇഞ്ച് എസ്അമോലെഡ് സ്‌ക്രീന്‍ ഉണ്ടായിരിക്കും. ഒരു എം സീരീസ് ഫോണിനു ആദ്യമായാണ് ഈ ഡിസ്പ്ലേ നല്‍കുന്നത്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ പോലും സ്‌ക്രീന്‍ റീഡുചെയ്യാന്‍ 'വിഷന്‍ ബൂസ്റ്റര്‍' എന്ന സാങ്കേതികവിദ്യ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഉള്ള 50എംപി പ്രൈമറി ക്യാമറയാണ് ഗ്യാലക്സി എം 34ല്‍ അവതരിപ്പിക്കുന്നത്. ഒറ്റ ഷോട്ടില്‍ 4 ഫോട്ടോകളും 4 വിഡിയോകളും പകര്‍ത്താന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സാംസങിന്റെ മോണ്‍സ്റ്റര്‍ ഷോട്ട് 2.0 സവിശേഷതയും 16 വ്യത്യസ്ത ലെന്‍സ് ഇഫക്റ്റുകളുള്ള ഒരു ഫണ്‍ മോഡും ഇതിലുണ്ടത്രെ. കൂടാതെ സാംസങിന്റെ മുന്‍നിര സീരീസില്‍ നിന്നുള്ള നൈറ്റ്ഗ്രാഫി ഫീച്ചറും ഇതില്‍ വരുന്നു. ഔദ്യോഗിക പോസ്റ്റര്‍ ഫോണിന്റെ നീല, പര്‍പ്പിള്‍, പര്‍പ്പിള്‍ എന്നീ നിറങ്ങള്‍ പരിചയപ്പെടുത്തുന്നു. പ്രധായ ക്യാമറ പാനലില്‍ രണ്ടിന് പകരം മൂന്ന് ക്യാമറകള്‍ ഉണ്ടാകും. മുന്‍ ക്യാമറ വാട്ടര്‍ഡ്രോപ്പ്-സ്റ്റൈല്‍ നോച്ചിനുള്ളിലായിരിക്കും. ഗ്യാലക്സി എം34 ന്റെ വില ഏകദേശം 20,000 രൂപയില്‍ താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

◾മംമ്ത മോഹന്‍ദാസ് നായികയാകുന്ന തെലുങ്ക് ചിത്രമാണ് 'രുദ്രാംഗി'. അജയ് സമ്രാട്ടാണ് ചിത്രത്തിന്റെ സംവിധാനം. അജയ് സമ്രാട്ടിന്റേത് തന്നെയാണ് തിരക്കഥ. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. 'റാണി ജ്വാല ഭായി'യായാണ് മംമത ചിത്രത്തില്‍ വേഷമിടുന്നത്. ജഗപതി ബാബു, വിമലാ രാമന്‍, ആശിഷ് ഗാന്ധി എന്നിവരും 'രുദ്രാംഗി'യില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സന്തോഷ് ഷനമോണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. രാസമായി ബാലകിഷനാണ് ചിത്രത്തിന്റെ നിര്‍മാണം. ഭാനു, അജയ് എന്നിവരാണ് കൊറിയോഗ്രാഫി. മംമ്ത മോഹന്‍ദാസ് ആദ്യമായി തെലുങ്ക് ചിത്രത്തില്‍ വേഷമിട്ടത് 'കേഡി'യില്‍ ആണ്. കിരണ്‍ കുമാറാണ് ചിത്രത്തിന്റെ സംവിധാനം. നാഗാര്‍ജുനയായിരുന്നു 'കേഡി'യെന്ന ചിത്രത്തിലെ നായകന്‍.

◾അനൂപ് മേനോന്റെ പുതിയ ചിത്രം ചെക്മേറ്റ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൂര്‍ണമായും ന്യൂയോര്‍ക്കില്‍ ചിത്രീകരിച്ച ചിത്രത്തില്‍ അനൂപ് മേനോന്‍, ലാല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലഭിനയിക്കുന്നു. അമേരിക്കന്‍ മലയാളിയായ രതീഷ് ശേഖര്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചെക്മേറ്റ് ഒരു മൈന്‍ഡ്ഗെയിം ത്രില്ലറാണ്. ''നിങ്ങളുടെ ഓരോ നീക്കവും അവസാനത്തേത് ആയിരിക്കാം' എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ഹരിശ്രീ അശോകനെപ്പോലുള്ള ഒട്ടേറെ കലാകാരന്മാരെ വളര്‍ത്തിക്കൊണ്ടുവന്ന ഹരിശ്രീ ട്രൂപ്പിന്റെ ഉടമയും സിദ്ദീഖ്ലാല്‍ ആദ്യമായി തിരക്കഥയെഴുതിയ ചിത്രം 'പപ്പന്‍ പ്രിയപ്പെട്ട പപ്പന്റെ' നിര്‍മാവാതാവുമായ ഹരിശ്രീ ഹരീന്ദ്രന്റെ മകള്‍ രേഖ ഹരീന്ദ്രന്‍ ആദ്യമായി മലയാള സിനിമയില്‍ നായികയാവുന്ന ചിത്രം കൂടിയാണ് ചെക്മേറ്റ്. അമേരിക്കയിലെ പ്രമുഖ ധനകാര്യസ്ഥാപനത്തില്‍ ഉദ്യോഗസ്ഥയായ രേഖ അറിയപ്പെടുന്ന മോഡലും ഡാന്‍സറും കൂടിയാണ്. സിനിമയ്ക്കായി ഒത്തുകൂടിയ ഒരു സംഘം മലയാളികളുടെ കൂട്ടായ്മയില്‍ പിറന്ന ചിത്രം വരുന്ന സെപ്റ്റംബറിന് തിയറ്ററുകളിലെത്തും.

◾സ്‌കോഡയുടെ പ്രീമിയം സെഡാന്‍ സൂപ്പര്‍ബ് വാങ്ങി മലയാളത്തിന്റെ പ്രിയ യുവതാരം നസ്ലിന്‍. പുതിയ കാര്‍ വാങ്ങിയ വിവരം ഇവിഎം സ്‌കോഡയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. വാഹനം ഡെലിവറി ചെയ്യുന്ന വിഡിയോ പങ്കുവച്ച ഡീലര്‍ സൂപ്പര്‍ബിന്റെ അവസാന കാറുകളിലൊന്ന് സ്വന്തമാക്കിയ നസ്ലിന് അഭിനന്ദനവും അറിയിച്ചിട്ടുണ്ട്. സ്‌കോഡയുടെ പ്രീമിയം സെഡാന്‍ സൂപ്പര്‍ബ് 2004 മുതല്‍ ഇന്ത്യന്‍ വിപണിയിലുള്ള കാറാണ്. 2015ല്‍ രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങിയ സൂപ്പര്‍ബിന്റെ മൂന്നാം തലമുറയുടെ മുഖം മിനുക്കിയ പതിപ്പാണ് നസ്ലിന് സ്വന്തമാക്കിയത്. ഈ വര്‍ഷം സ്‌കോഡ സൂപ്പര്‍ബിനെ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. രണ്ടു ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 188 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമുണ്ട്. ഏഴു സ്പീഡ് ഡിസിടിയാണ് ഗിയര്‍ബോക്സ്. ഏകദേശം 34 ലക്ഷം രൂപ മുതലായിരുന്നു വാഹനത്തിന്റെ എക്സ്ഷോറൂം വില.

◾ചിറകുള്ള ചങ്ങാതിമാരും മീനുമോളും കലപിലകൂട്ടുന്ന ഈ പുസ്തകം, മിടുമിടുക്കിയായ ഒരു 'പക്ഷിനിരീക്ഷക' കൗതുകകരമായ കണ്ടെത്തലുകള്‍ രേഖപ്പെടുത്തിയിരിക്കുന്ന നോട്ടുബുക്കാണ്. ''കൂ...ഹൂ...'' കൂകി കള്ളത്തരമൊളിപ്പിക്കുന്നവരും, ''കാ...കാ...'' കാറി ശ്രദ്ധക്ഷണിക്കുന്നവരും, വായാടിക്കൂട്ടമായി സദാ ചിലച്ചുകൊണ്ടിരിക്കുന്നവരും ഒക്കെ നിറയുന്ന കിളികുലം ഈ താളുകളില്‍ തത്തിത്തത്തി നീങ്ങുന്നു; ഈ താളുകള്‍ക്ക് വര്‍ണവും ശബ്ദവുമേകി ചിറകടിച്ചുയരുന്നു. ആരാന്റെ കൂട്ടില്‍ മുട്ടയിട്ടു കടന്നുകളയുന്ന ജീവനകൗശലവും, അന്യന്റെ കുഞ്ഞിനെ ഹൃദയച്ചൂടില്‍ പോറ്റിപ്പുലര്‍ത്തുന്ന സ്നേഹക്കൂറും ഇവിടെകാണാം. സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കുന്നവള്‍ അമ്മയെന്ന വിളിപ്പേരിന് അര്‍ഹയാണോ എന്ന ചോദ്യം ഇതില്‍ വിരാമമില്ലാതെ കുറുകുന്നു; മനസ്സിലേക്ക് ഒരു തൂവല്‍ പൊഴിക്കുന്നു. 'തൂവല്‍ത്തൊട്ടില്‍'. ശ്രീജിത്ത് മൂത്തേടത്ത്. എച്ച് & സി ബുക്സ്. വില 140 രൂപ.

◾മേജര്‍ ഡിപ്രസീവ് ഡിസോര്‍ഡര്‍(എംഡിഡി) ഉള്ള രോഗികളില്‍ 27 ശതമാനത്തിനെയും ബാധിക്കാവുന്ന വിഷാദരോഗത്തിന്റെ ഒരു പുതിയ ഉപവിഭാഗം കണ്ടെത്തി സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. ശ്രദ്ധ, ഓര്‍മ, ആത്മനിയന്ത്രണം പോലുള്ള ധാരണശേഷിയെ സംബന്ധിക്കുന്ന കാര്യങ്ങളെ ബാധിക്കുന്നതാണ് ഈ പുതിയ തരം വിഷാദരോഗം. സെറോടോണിനെ ലക്ഷ്യമിടുന്ന ലെക്സാപ്രോ, സോളോഫ്റ്റ് പോലുള്ള ആന്റിഡിപ്രസന്റുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് ഇതിന്റെ ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ സാധിക്കില്ലെന്നും ഗവേഷകര്‍ കണ്ടെത്തി. 'കോഗ്നിറ്റീവ് സബ്ടൈപ്പ്' എന്നാണ് വിഷാദരോഗത്തിന്റെ ഈ പുതിയ ഉപവിഭാഗത്തെ ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. 700 വിഷാദരോഗികളില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ 27 ശതമാനം പേരിലും കോഗ്നിറ്റീവ് സബ്ടൈപ്പ് കണ്ടെത്തി. വിഷാദരോഗത്തിന് ഏറ്റവും പ്രചാരത്തിലുള്ള മരുന്നുകള്‍ പോലും എല്ലായ്പ്പോഴും ഫലപ്രദമാകാത്തതിന്റെ കാരണവും ഈ പഠനം വിശദീകരിക്കുന്നു. അമേരിക്കയിലെ 57 ലക്ഷം വിഷാദരോഗികള്‍ക്ക് ഈ ഉപവിഭാഗം ബാധിച്ചിരിക്കാമെന്നാണ് കണക്ക്. വിഷാദത്തിന് ഇത്തരത്തിലുള്ള പന്ത്രണ്ടിലധികം ഉപവിഭാഗങ്ങളുണ്ടെന്നും ഓരോന്നിനും പ്രത്യേകം ചികിത്സകള്‍ ആവശ്യമാണെന്നും ഗവേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. നിലവിലെ വിഷാദരോഗ ചികിത്സ പൊതുവേ ഏകതാനമായതും പലപ്പോഴും കാര്യക്ഷമമല്ലാത്തതുമാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 82.04, പൗണ്ട് - 104.32, യൂറോ - 89.87, സ്വിസ് ഫ്രാങ്ക് - 91.66, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.43, ബഹറിന്‍ ദിനാര്‍ - 217.64, കുവൈത്ത് ദിനാര്‍ -267.02, ഒമാനി റിയാല്‍ - 213.07, സൗദി റിയാല്‍ - 21.87, യു.എ.ഇ ദിര്‍ഹം - 22.33, ഖത്തര്‍ റിയാല്‍ - 22.53, കനേഡിയന്‍ ഡോളര്‍ - 62.05.