ഐപിഎൽ ഫൈനൽ; ഇന്നും മഴ തുടർന്നാൽ ആരാവും വിജയി?

ഇന്ത്യൻ ക്രിക്കറ്റ് ലോകം കാത്തിരുന്ന ഐപിഎൽ ഫൈനലിന് നമ്മളാരും പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സാണ് വന്നു ചേർന്നത്. കഴിഞ്ഞ ദിവസം നടക്കേണ്ട ഫൈനൽ അഹമ്മദാബാദിലെ കനത്ത മഴ മൂലമാണ് മാറ്റേണ്ടി വന്നത്. അഞ്ച് ഓവർ പോലും എറിയാൻ കഴിയാത്ത സാഹചര്യം വന്നതോടെ മാച്ച് ഒഫീഷ്യൽമാർക്ക് മത്സരം ഇന്നത്തേക്ക് മാറ്റുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു.

അതേസമയം, മെയ് 29 തിങ്കളാഴ്‌ചത്തേക്ക് മാറ്റി നിശ്‌ചയിച്ചിരിക്കുന്ന ഫൈനൽ ഇന്ന് കൂടി നടന്നില്ലെങ്കിൽ എന്താവും അന്തിമ ഫലം എന്നതാണ് ഏറ്റവും കൂടുതൽ ആരാധകർ ഉന്നയിക്കുന്ന ചോദ്യം... അതറിയുന്നത് മുൻപായി ഇന്നും മഴ മൂലം മത്സരം ചുരുക്കേണ്ടി വന്നാൽ ഏത് രീതിയിലാകും അതെന്ന് മനസിലാക്കേണ്ടതുണ്ട്. നിലവിലെ കാലാവസ്ഥാ റിപ്പോർട്ടുകൾ പ്രകാരം വൈകിട്ട് നാല് മണി വരെ അഹമ്മദാബാദിൽ മഴയ്ക്ക് സാധ്യതയുണ്ട്.

എന്നാൽ വൈകിട്ട് ഏഴ് മണിയ്ക്ക് ശേഷം മഴ ഉണ്ടാക്കില്ലെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 20 ഓവർ മത്സരം നടത്താനുള്ള കട്ട് ഓഫ് സമയം 9:45 പിഎം ആണ്. അതേസമയം, മഴ നല്ല രീതിയിൽ ബുദ്ധിമുട്ടിച്ചാൽ അഞ്ച് ഓവർ മത്സരത്തിനുള്ള കട്ട് ഓഫ് സമയം 11:56 പിഎം ആണ്. അതും സാധ്യമല്ലെങ്കിൽ, സൂപ്പർ ഓവറിലൂടെ മത്സരഫലം തീരുമാനിക്കാനുള്ള കട്ട് ഓഫ് സമയം ചൊവ്വാഴ്‌ച പുലർച്ചെ 01:20 ആണ്.

നിലവിലെ സാഹചര്യത്തിൽ മഴ ഇന്ന് വലിയ തോതിൽ ഭീഷണിയാവാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ കാലാവസ്ഥാ പ്രവചനങ്ങളെ കാറ്റിൽ പറത്തി മഴ കളിച്ചാൽ മത്സരം ഉപേക്ഷിക്കേണ്ടി വരും, അങ്ങനെ വന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ പോയിന്റുകൾ നേടിയ ടീമിനെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കും. അതായത് മഴ മൂലം മത്സരം ഉപേക്ഷിച്ചാൽ ഗുജറാത്തിന് കിരീടം ഉറപ്പിക്കാം...