ഓട്ടോയിലെ വലയില്‍ തട്ടി, തിരുവനന്തപുരത്ത് റെയില്‍വെ ക്രോസില്‍ ഗേറ്റിന്‍റെ ഒരുഭാഗം പൊട്ടിവീണു

തിരുവനന്തപുരം: തുമ്പ റെയില്‍വെ ക്രോസില്‍ ഗേറ്റിന്‍റെ ഒരുഭാഗം പൊട്ടിവീണു. ഓട്ടോയില്‍ തട്ടിയാണ് അപകടം ഉണ്ടായത്. ആര്‍ക്കും പരിക്കില്ല. അഞ്ചു ദിവസത്തോളം അടച്ചിട്ട് അറ്റകുറ്റപണികൾക്കു ശേഷം ഇന്നലെയാണ് ഗേറ്റ് തുറന്നത്. നിര്‍മാണത്തിലെ അപാകതയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ ഗേറ്റ് അടയ്ക്കുന്നതിനിടെ ഓട്ടോ കടന്നുപോകാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്ന് റെയില്‍വേ കുറ്റപ്പെടുത്തുന്നത്.

ഇന്നലെ വൈകുന്നേരം 5.30ഓടെയാണ് അപകടമുണ്ടായത്. ഓട്ടോയുടെ മുകളിലുണ്ടായിരുന്ന ഇരുമ്പ് വലയില്‍ ഗേറ്റില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ സംഭവത്തേക്കുറിച്ച് പറയുന്നത്. ഗേറ്റിന്‍റെ ഒരു ഭാഗത്തെ വെല്‍ഡിംഗ് അടക്കമാണ് ഗേറ്റ് ബൂം തകര്‍ന്ന് വീണത്. റെയില്‍വേ ഗേറ്റിലെ ഉയർന്നു നിൽക്കുന്ന അടയ്ക്കുന്ന ഭാഗമാണ് ഗേറ്റ് ബൂം.സംഭവത്തില്‍ നാട്ടുകാർ പ്രതിഷേധിച്ചതോടെ ആര്‍പിഎഫും പൊലീസും സ്ഥലത്തെത്തി. ദേശീയ പാതയിൽ നിന്ന് വിഎസ്എസ്സിയിലേക്കുള്ള പാതയായതിനാൽ രാവിലെയും വൈകുന്നേരവും രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന മേഖലയാണ് ഇവിടം. സംഭവത്തില്‍ ആർക്കും പരിക്കില്ല