*വാർത്തകൾ ചുരുക്കത്തിൽ*2023 | മെയ് 31 | ബുധൻ*

◼️ബ്രിജ് ഭൂഷണെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് രാജ്യാന്തര മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനുള്ള ഗുസ്തിതാരങ്ങളുടെ ശ്രമം കര്‍ഷക സംഘടനാ നേതാക്കള്‍ തടഞ്ഞു. ഒളിമ്പിക്സ് മെഡല്‍ നേടിയ സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും അടങ്ങുന്ന സംഘമാണ് മെഡലുകള്‍ നെഞ്ചോടു ചേര്‍ത്തു പൊട്ടിക്കരഞ്ഞുകൊണ്ട് ഹരിദ്വാറില്‍ ഗംഗാതീരത്ത് എത്തിയത്. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് അടക്കം ആയിരക്കണക്കിന് ആളുകള്‍ ഹരിദ്വാറില്‍ എത്തി മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുന്നതില്‍നിന്നു താരങ്ങളെ പിന്തിരിപ്പിച്ചു. അഞ്ചു ദിവസത്തിനകം നടപടിയില്ലെങ്കില്‍ വീണ്ടും ഗംഗാ തീരത്തെത്തുമെന്ന് കായിക താരങ്ങള്‍ പറഞ്ഞു. കര്‍ഷക സംഘടനകള്‍ ഇന്ന് ഖാപ് പഞ്ചായത്ത് ചേരുന്നുണ്ട്.

◼️റെഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെ വൈദ്യുതി ബോര്‍ഡിന് ഉപഭോക്താക്കളില്‍നിന്ന് പ്രതിമാസം യൂണിറ്റിന് പത്തു പൈസ നിരക്കു വര്‍ധിപ്പിക്കാം. റെഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഈ നിര്‍ദേശം.

◼️സംസ്ഥാനത്തെ ഒമ്പതു ജില്ലകളിലെ 19 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ പത്തിനാണ് വോട്ടെണ്ണല്‍. രണ്ടു കോര്‍പ്പറേഷന്‍, രണ്ടു മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ

◼️സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ കൊടുത്ത് പാവപ്പെട്ടവരെ സ്വാധീനിക്കാന്‍ പിണറായി വിജയനു സാധിക്കില്ലെന്നു യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. എ.ഐ ക്യാമറയില്‍ തീവെട്ടിക്കൊള്ളയാണ് നടന്നതെങ്കില്‍ കെ ഫോണ്‍ പദ്ധതി 1500 കോടിയുടെ അഴിമതി നടത്താന്‍ വേണ്ടി മാത്രം പടച്ചുണ്ടാക്കിയതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.  

◼️കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സ്വജനപക്ഷപാതമുണ്ടെന്ന ഗവര്‍ണറുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണു തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

◼️അടുത്ത അഞ്ചു ദിവസം കാറ്റോടു കൂടിയ മഴക്കു സാധ്യത. ഇടിമിന്നലും ഉണ്ടാകും. ഇന്നും നാളെയും ഇടുക്കി ജില്ലയിലും രണ്ടാം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലെര്‍ട്ട്.

◼️ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പല്ലെന്നും തനിക്കു കൊലപാതകത്തില്‍ പങ്കില്ലെന്നും പ്രതി ഫര്‍ഹാന. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയാണ്. കൊലപാതകം നടക്കുമ്പോള്‍ താന്‍ മുറിയിലുണ്ടായിരുന്നു. താന്‍ സാക്ഷി മാത്രമാണെന്നാണ് ഫര്‍ഹാനയുടെ മറുപടി.  

◼️തന്നെ സംസ്ഥാന സെക്രട്ടറിയാക്കാതിരിക്കാന്‍ സംസ്ഥാനത്തെ ചില നേതാക്കള്‍ അട്ടിമറി നടത്തിയെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍. കനല്‍വഴികള്‍ എന്ന ആത്മകഥയുടെ പ്രകാശന ചടങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായപരിധി കടമ്പയാക്കിയാണ് കാനം പക്ഷം ദിവാകരനെ വെട്ടിയത്. യൂണിവേഴ്സിറ്റി കോളേജിലെ പഠനകാലത്ത് ഒരു കന്യാസ്ത്രീയോട് തോന്നിയ കടുത്ത പ്രണയത്തെ കുറിച്ചടക്കം വെളിപ്പെടുത്താത്ത പല വിവരങ്ങളും ആത്മകഥയിലുണ്ട്.

◼️സോണ്ട ഇന്‍ഫ്രാടെക്കിനെ കരിമ്പട്ടികയില്‍ പെടുത്താന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. സോണ്ടയെ ബ്രഹ്‌മപുരത്തെ ബയോമൈനിംഗില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

◼️കെഎംഎസ്സിഎല്‍ ഗോഡൗണുകളിലെ തുടര്‍ച്ചയായ തീപ്പിടുത്തങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പത്തു ദിവസത്തിനുള്ളില്‍ മൂന്നു ഗോഡൗണുകളാണു കത്തിയത്. തീ കെടുത്തുന്നതിനിടെ ഒരു ഫയര്‍മാന്‍ മരിച്ചു, കോടികളുടെ നഷ്ടമുണ്ടായി. സ്റ്റോക്കുള്ള ബ്ലീച്ചിംഗ് പൗഡറുകള്‍ ആശുപത്രികളിലെ സ്റ്റോറുകളില്‍നിന്ന് മറ്റൊരിടത്തേക്കു മാറ്റാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

◼️പുല്‍പ്പള്ളിയില്‍ ജീവനൊടുക്കിയ രാജേന്ദ്രന് ജപ്തി നോട്ടീസ് അയച്ചിട്ടില്ലെന്ന് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി. 2016 ല്‍ അധികാരത്തിലിരുന്ന ഭരണ സമിതിക്കെതിരെ വായ്പാ തിരിമറിക്കു രാജേന്ദ്രന്‍ പരാതി നല്‍കിയിരുന്നു. വിജിലന്‍സ് കേസെടുത്ത് ഭരണ സമിതി അംഗങ്ങള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. എട്ടു കോടി 30 ലക്ഷം രൂപ തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങിയെന്നും ബാങ്ക് ഭരണ സമിതി പറയുന്നു.

◼️അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ആവശ്യമായ ചികിത്സ നല്‍കണം, തമിഴ്നാട് പിടികൂടിയാലും കേരളത്തിന് കൈമാറണം, കേരളത്തിലെ ഉള്‍വനത്തിലേക്ക് അരിക്കൊമ്പനെ മാറ്റണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

◼️എറണാകുളം മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷൈന്‍ ജിത്ത് ജീവനൊടുക്കി. വൈക്കം സ്വദേശിയായ ഇയാള്‍ കുടുംബവുമൊത്ത് വൈക്കം നാനാടത്ത് താമസിച്ചു വരികയായിരുന്നു. മെഡിക്കല്‍ ലീവ് കഴിഞ്ഞ് ജോലിക്ക് പ്രവേശിക്കാനിരിക്കേയാണ് ജീവനൊടുക്കിയത്.

◼️നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. 49 വയസായിരുന്നു. ഗുരുതര കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

◼️ജിദ്ദയിലും നാട്ടിലും ബിസിനസുകാരനായ മലപ്പുറം കാളികാവ് അഞ്ചച്ചവിടി സ്വദേശി ഹംസ കണ്ടപ്പന്‍ എന്ന സീക്കോ ഹംസ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. 66 വയസായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

◼️തനിക്കു വായിക്കാന്‍ അറിയുമോയെന്ന ഡോക്ടറുടെ അധിക്ഷേപത്തിന് മറുപടി പറഞ്ഞിരുന്നെങ്കില്‍ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുടുക്കി ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നെന്നു മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ പ്രഫസറായ ഡോ. മുഹമ്മദ് ഇര്‍ഷാദ്. അംഗപരിമിതര്‍ക്കുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി കൊല്ലം ആര്‍ എം ഒ ഓഫീസില്‍ എത്തിയപ്പോഴാണ് ഇര്‍ഷാദിന് ദുരനുഭവമുണ്ടായത്. നൂറു ശതമാനം ശാരീരിക വൈകല്യമുള്ളവര്‍ക്കാണ് റെയില്‍വെ ആനുകൂല്യമെന്നായിരുന്നു ഡോക്ടറുടെ വാദം. നൂറു ശതമാനം അംഗപരിമിതര്‍ എങ്ങനെ യാത്ര ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ അതു താന്‍ റയില്‍വേയോട് ചോദിക്കൂവെന്നാണു ഡോക്ടറുടെ മറുപടി. ഇര്‍ഷാദ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.

◼️കിണര്‍ വൃത്തിയാക്കുന്നതിനിടെ ഇടിഞ്ഞു താഴ്ന്ന റിംഗുകള്‍ക്കിടയില്‍ കാല്‍ കുടുങ്ങി മണിക്കൂറുകളോളം ജീവനുവേണ്ടി പൊരുതിയ വയോധികന്‍ മരിച്ചു. ചെങ്ങന്നൂര്‍ കോടുകുളഞ്ഞിയിലെ കിണറില്‍ രാവിലെ ഒമ്പതരയോടെ കുടുങ്ങിയ പെരുങ്കുഴി കൊച്ചുവീട്ടില്‍ കെ.എസ്. യോഹന്നാനെ (72) രാത്രി ഒമ്പതരയോടെയാണു അഗ്‌നിശമന സേന എത്തി പുറത്തെടുത്തത്. ആറു റിംഗുകള്‍ കാലിനു മുകളിലായതാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയത്.

◼️കോഴിക്കോട് വീട്ടുമുറ്റത്ത് ഇടിമന്നലേറ്റ് വീട്ടമ്മ മരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ഒഴലക്കുന്ന് കാരംപാറമ്മല്‍ പരേതനായ സ്വാമിയുടെ മകള്‍ ഷീബ (43) ആണ് മരിച്ചത്.

◼️കണ്ണൂരില്‍ കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ തൃശൂര്‍ സ്വദേശി ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കളായ രണ്ടു പേര്‍ അറസ്റ്റില്‍. കൊല്ലം സ്വദേശികളായ എസ്. സുനില്‍കുമാര്‍, എന്‍. നവാസ് എന്നിവരെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.  

◼️കായംകുളം താലൂക്ക് ആശുപത്രിയില്‍ ഹോം ഗാര്‍ഡ് രഘുവിനെ കൈയേറ്റം ചെയ്തതിനു വേലഞ്ചിറ ശ്രീനിലയത്തില്‍ വിഷ്ണുവിനെ കായംകുളം പൊലീസ് അറസ്റ്റു ചെയ്തു.

◼️ബാലരാമപുരത്ത് മതപഠനശാലയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടി ആറു മാസം മുമ്പു പീഡനത്തിരയായെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മതപഠനകേന്ദ്രത്തില്‍ എത്തുന്നതിനു മുമ്പേ പീഡിപ്പിച്ച പൂന്തുറ സ്വദേശിയായ ആണ്‍ സുഹൃത്തിനെതിരെ പൊലീസ് പോക്സോ കേസെടുത്തു.

◼️തൃശൂര്‍ അരിമ്പൂരില്‍ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ പതിനാലുകാരന്‍ മുങ്ങിമരിച്ചു. മനക്കൊടി ഏലോത്ത് ശങ്കരയ്ക്കല്‍ വീട്ടില്‍ പ്രതീഷ് - മായ ദമ്പതികളുടെ മകന്‍ അക്ഷയ് ആണ് മരിച്ചത്.

◼️കണ്ണൂര്‍ വിമാനത്താവളത്തില്‍ 64 ലക്ഷം രൂപ വരുന്ന 1048 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് ചെങ്കള സ്വദേശി മുഹമ്മദ് സാബിത്തിനെ അറസ്റ്റു ചെയ്തു.

◼️ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ വിവാദ ഓര്‍ഡിനന്‍സിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു പിന്തുണണെയന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പിന്തുണ തേടി കേജരിവാള്‍ സിപിഎം ആസ്ഥാനത്ത് എത്തി കേജരിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

◼️മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ നയിക്കുന്ന ശിവസേനയിലെ 22 എംഎല്‍എമാരും ഒമ്പത് എംപിമാരും പാര്‍ട്ടി വിടുമെന്ന് ഉദ്ധവ് താക്കറെ പക്ഷ ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയല്‍. ബിജെപിയുടെ രണ്ടാനമ്മ പെരുമാറ്റത്തില്‍ ശ്വാസമുട്ടുന്ന എംപിമാരും എംഎല്‍എമാരും രാജിവയ്ക്കുമെന്നാണ് ഉദ്ധവ് പക്ഷം അവകാശപ്പെടുന്നത്.

◼️കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത 31 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കി വര്‍ധിപ്പിച്ചു. ശമ്പളവും പെന്‍ഷനും വര്‍ധിക്കും. ബിജെപി സര്‍ക്കാര്‍ ഫെബ്രുവരി 28-ന് ഇടക്കാല ആശ്വാസമായി 17 ശതമാനം ശമ്പള വര്‍ദ്ധന നടപ്പാക്കിയിരുന്നു. ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇപ്പോള്‍ 35 ശതമാനംവരെ ക്ഷാമബത്ത വര്‍ധിപ്പിച്ചത്.

◼️മണിപ്പൂരിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കു പത്തു ലക്ഷ രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കും. ആവശ്യവസ്തുക്കളുടെ ക്ഷാമവും വിലക്കയറ്റവും പരിഹരിക്കാന്‍ അടിയന്തര നടപടിയെടുക്കാനും തീരുമാനമായി. മണിപ്പൂര്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി ബൈറോണ്‍സിഗും തമ്മില്‍ ചര്‍ച്ച നടത്തിയാണു തീരുമാനമെടുത്തത്.

◼️പൊലീസും സംവിധാനവും വിശുദ്ധമല്ലെന്നാണ് ഇന്ത്യയിലെ പെണ്‍കുട്ടികള്‍ പറയുന്നതെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. സ്ത്രീകളെ ബഹുമാനിക്കുന്നതിനെകുറിച്ച് ചെങ്കോട്ടയില്‍ മോദി പ്രസംഗിച്ചു. എന്നാല്‍ ലൈംഗികാതിക്രമം നടത്തിയ കുറ്റവാളിയെ സംരക്ഷിക്കുകയാണെന്നും ഖര്‍ഗെ കുറ്റപ്പെടുത്തി.

◼️കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പത്തു ദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കയില്‍. വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഹുല്‍ യു എസിലെ ഇന്ത്യക്കാരുമായി സംവദിക്കും.

◼️സുഹൃത്ത് കുത്തിക്കൊന്ന പതിനാറുകാരിയുടെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ പത്തു ലക്ഷം രൂപ നല്‍കും. പ്രതിയായ സാഹിലിനെ കുടുക്കിയത് ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണെന്നു പോലീസ്.

◼️ഐപിഎല്‍ പതിനാറാം സീസണിന്റെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് സമ്മാനത്തുകയായി 20 കോടി രൂപ ലഭിച്ചപ്പോള്‍ റണ്ണറപ്പുകളായ ഗുജറാത്തിന് 12.5 കോടി രൂപ ലഭിച്ചു. ഏറ്റവുമധികം റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് നേടിയ ശുഭ്മാന്‍ ഗില്ലിന് മറ്റ് മൂന്ന് പുരസ്‌കാരങ്ങളടക്കം 40 ലക്ഷം രൂപ ലഭിച്ചു. ഏറ്റവുമധികം വിക്കറ്റെടുത്ത താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ്പ് ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഹമ്മദ് ഷമി സ്വന്തമാക്കിയപ്പോള്‍ ഈ സീസണിലെ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടത് രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്‌സ്വാളാണ്.

◼️രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിക്കുമ്പോഴും കറന്‍സി നോട്ടുകളുടെ പ്രചാരത്തിന് കുറവില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് പ്രചാരത്തിലുള്ള കറന്‍സി നോട്ടുകളുടെ മൂല്യം 7.8 ശതമാനവും അളവ് 4.4 ശതമാനവും വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. അതേസമയം, 2021-22ല്‍ മൂല്യം 9.9 ശതമാനവും അളവ് 5 ശതമാനവും വര്‍ധിച്ചിരുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രചാരത്തിലുള്ള കറന്‍സികളില്‍ 87.9 ശതമാനവും 500 രൂപ, 2000 രൂപ നോട്ടുകളാണ്. മുന്‍ വര്‍ഷമിത് 87.1 ശതമാനമായിരുന്നു. 500 രൂപ നോട്ടുകളുടെ വിഹിതം കുത്തനെ വര്‍ധിച്ചു. പ്രചാരത്തിലുള്ള നോട്ടുകളില്‍ 37.9 ശതമാനവും 500 രൂപയുടേതാണ്. 500 രൂപയുടെ 5,16,338 ലക്ഷം നോട്ടുകള്‍ പ്രചാരത്തിലുണ്ട്. ഇവയുടെ മൂല്യം 25,81,690 കോടി രൂപയാണ്. 2022 മാര്‍ച്ചില്‍ പ്രചാരത്തിലുണ്ടായുന്ന 500 രൂപ നോട്ടുകളുടെ എണ്ണം 4,55,468 ലക്ഷമായിരുന്നു. 10 രൂപ നോട്ടുകളാണ് പ്രചാരത്തില്‍ രണ്ടാം സ്ഥാനത്ത്. മൊത്തം പ്രചാരത്തിലുള്ള നോട്ടുകളുടെ 19.2 ശതമാനം വരുമിത്. 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ എണ്ണം 4,55,468 ലക്ഷമാണ്. മൊത്തം മൂല്യം 3,62,220 കോടി രൂപ വരും. എന്നാല്‍ പ്രചാരത്തിലുള്ള 2,000 രൂപകളുടെ എണ്ണം 2023 മാര്‍ച്ച് ആയപ്പോള്‍ 1.3 ശതമാനമായി കുറഞ്ഞു. സെപ്റ്റംബര്‍ വരെയാണ് രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ പ്രചാരത്തിലുണ്ടാകുക. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഇ-റുപ്പികള്‍ അവതരിപ്പിച്ച ഹോള്‍സെയില്‍ ഇ-റുപ്പികളുടെ മൂല്യം 10.69 കോടി രൂപയും റീറ്റെയ്ല്‍ ഇ-റുപ്പികളുടെ മൂല്യം 5.70 കോടി രൂപയുമായി. അതേ സമയം, വ്യാജനോട്ടുകളുടെ എണ്ണം കാര്യമായി വര്‍ധിച്ചു. കള്ളനോട്ടുകളില്‍ 4.6 ശതമാനം കണ്ടെത്തിയത് റിസര്‍വ് ബാങ്കും 95.4 ശതമാനം മറ്റ് ബാങ്കുകളുമാണ്.

◼️ഹോളിവുഡ് താരം വിന്‍ ഡീസല്‍ പ്രധാന വേഷത്തില്‍ എത്തിയ ആക്ഷന്‍ ചിത്രം 'ഫാസ്റ്റ് എക്‌സ്' റിലീസ് ചെയ്ത് പത്ത് ദിവസം കൊണ്ട് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്നും 100 കോടി നേടി. ഇന്ത്യയിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഹോളിവുഡ് ഓപ്പണര്‍ എന്ന റെക്കോര്‍ഡ് നേടിയ ഫാസ്റ്റ് എക്‌സ് ഇപ്പോള്‍ 100 കോടിയിലധികം കളക്ഷന്‍ നേടുന്ന ഈ വര്‍ഷത്തെ ആദ്യത്തെ ഹോളിവുഡ് ചിത്രമായി മാറി. ഇന്‍ഡസ്ട്രി ട്രാക്കര്‍ സാക്നില്‍ക് റിപ്പോര്‍ട്ട് അനുസരിച്ച് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസിയിലെ പത്താമത്തെ ചിത്രമായ ഫാസ്റ്റ് എക്‌സ് റിലീസായി രണ്ടാം ശനിയാഴ്ച 100 കോടി കടന്നുവെന്നാണ് പറയുന്നത്. ലൂയിസ് ലെറ്റെറിയര്‍ സംവിധാനം ചെയ്ത ഫാസ്റ്റ് എക്‌സിന്റെ ഹിന്ദി പതിപ്പ് ഇംഗ്ലീഷിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നാണ് കണക്കുകള്‍. ഹിന്ദിപതിപ്പ് ഏകദേശം 54 കോടി ഗ്രോസ് നേടി, ഇംഗ്ലീഷ് പതിപ്പ് രണ്ടാം ഞായറാഴ്ച വരെ 52 കോടി കളക്ഷന്‍ നേടി. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ 6 കോടിയിലധികം നേടി. 2015-ല്‍ ഇന്ത്യയില്‍ 108 കോടി നേടിയ ഫ്യൂരിയസ് 7-ന് ശേഷം രാജ്യത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ ഫ്രാഞ്ചേസിയുടെ പടമാണ് ഫാസ്റ്റ് എക്‌സ്. ആഗോള ബോക്‌സ് ഓഫീസ് മുന്നില്‍, ഫാസ്റ്റ് എക്‌സ് ഞായറാഴ്ച 500 മില്യണ്‍ ഡോളറിലെത്തിയെന്നാണ് വിവരം. വടക്കേ അമേരിക്കയില്‍ ആഭ്യന്തരമായി 108 മില്യണ്‍ ഡോളറും അന്തര്‍ദ്ദേശീയമായി 399 മില്യണ്‍ ഡോളറും ഈ ചിത്രം നേടിയിട്ടുണ്ട്.

◼️നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂട്ടി ചിത്രം റോഷാക്കിനു ശേഷം നിസാം ബഷീറും തിരക്കഥാകൃത്ത് സമീര്‍ അബ്ദുള്ളും ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കാനാണ് തീരുമാനം. രതീഷ് രഘുനന്ദന്റെയും വിനീത് കുമാറിന്റെയും ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം നിസാം ബഷീറിന്റെ ചിത്രത്തില്‍ ദിലീപ് ജോയിന്‍ ചെയ്യും. തെന്നിന്ത്യന്‍ താരം ആയിരിക്കും ചിത്രത്തിലെ നായിക എന്നാണ് വിവരം. ബാദുഷ സിനിമാസ്, ആന്റോ ജോസഫ് ഫിലിം കമ്പനി, ഗ്രാന്റ് പ്രൊഡക്ഷന്‍സ്, വണ്ടര്‍ഹാള്‍ സിനിമ എന്നീ ബാനറുകളില്‍ ബിഗ് ബഡ്ജറ്റിലാണ് നിര്‍മ്മാണം. ഇടവേളയ്ക്കു ശേഷം ദിലീപും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്ന ചിത്രത്തില്‍ വന്‍താരനിര അണിനിരക്കുന്നുണ്ട്. അതേസമയം സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത മദനോത്സവം ആണ് സുരാജ് വെഞ്ഞാറമൂട് നായകനായി അവസാനം തിയേറ്ററില്‍ എത്തിയ ചിത്രം.

◼️മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയില്‍ നിന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നാണ് മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്. ഇപ്പോഴിതാ ഈ മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്കിന് ഒരു പുതിയ മിഡ്-സ്പെക്ക് എസ് 5 വേരിയന്റ് ലഭിച്ചിരിക്കുന്നു. എന്‍ട്രി ലെവല്‍ എസ് വേരിയന്റില്‍ ലഭ്യമായ അതേ ഫീച്ചറുകളുമായാണ് ഇത് വരുന്നത്. 7 സീറ്റുകളും 9 സീറ്റുകളുമുള്ള കോണ്‍ഫിഗറേഷനുമായാണ് എസ്യുവി വരുന്നത്. 7-സീറ്റര്‍ പതിപ്പിന് രണ്ട് സീറ്റിംഗ് ലേഔട്ടുകള്‍ ഉണ്ട് - 2+2+3, 2+3+2 എന്നിങ്ങനെ മധ്യനിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും മൂന്നാം നിരയില്‍ ഒരു ബെഞ്ച് സീറ്റും, രണ്ടാം നിരയില്‍ ഒരു ബെഞ്ച് സീറ്റും രണ്ട് സിംഗിള്‍ ജമ്പ് സീറ്റുകളും ലഭിക്കും. 9-സീറ്റര്‍ പതിപ്പിന് 2+3+4 ലേഔട്ട് ഉണ്ട്, മൂന്നാം നിരയില്‍ ഡബിള്‍ സൈഡ് ഫേസിംഗ് ജമ്പ് സീറ്റുകള്‍ ഫീച്ചര്‍ ചെയ്യുന്നു. ശക്തിക്കായി, പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് എസ്5 ലും 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുള്ള അതേ 2.2ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു. ഈ എഞ്ചിന്‍ 132 പിഎസ് കരുത്തും 300 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. വിലയെ സംബന്ധിച്ചിടത്തോളം, പുതിയ എസ് 5 ട്രിമ്മിന് അടിസ്ഥാന എസ് വേരിയന്റിനേക്കാള്‍ ഏകദേശം ഒരു ലക്ഷം രൂപ പ്രീമിയം ചിലവ് പ്രതീക്ഷിക്കുന്നു. നിലവില്‍, എസ്യുവി മോഡല്‍ ലൈനപ്പ് എസ്, എസ് 11 എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ ലഭ്യമാണ്. യഥാക്രമം 13 ലക്ഷം, 16.81 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

◼️ഒരു സാഹസികമായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ അഡ്മിറ്റായ ഒരു യുവ ക്യാപ്റ്റനും അവിടെ ചികില്‍സക്കായി വന്ന ഒരു വയോധികനായ കേണലും തമ്മിലുള്ള സംഭാഷണത്തിലൂടെയും അവരുടെ മാനസിക വ്യാപാരങ്ങളിലൂടെയും സൈനികരുടെ സംഘര്‍ഷഭരിതമായ ജീവിതം, മാനസിക സംഘര്‍ഷങ്ങള്‍, മാനുഷിക ബന്ധങ്ങള്‍, ആചാര വിശ്വാസങ്ങള്‍, സേനയുടെ ചരിത്രം, സൈനിക ഐതിഹ്യങ്ങള്‍ എന്നിവയിലേക്ക് വെളിച്ചം വീശുന്ന ഒരു ഗ്രന്ഥം. 'യുദ്ധായ കൃതനിശ്ചയഃ'. ലഫ്.കേണല്‍ സി.പ്രവീണ്‍. കൈരളി ബുക്സ്.