SSLCയുടെ 'ക്ഷീണം' മാറ്റാന്‍ ഊട്ടി ട്രിപ്പ്, കയ്യിലുണ്ടായിരുന്നത് 2500 രൂപ; ട്രെയിന്‍ കയറിയ 5 വിദ്യാര്‍ഥികള്‍ കണ്ണൂരില്‍ പിടിയില്‍

എസ്എസ്എല്‍സി പരീക്ഷയ്ക്ക് പിന്നാലെ ഊട്ടിയിലേക്ക് ട്രെയിന്‍ കയറിയ അഞ്ച് വിദ്യാര്‍ഥികളെ കണ്ടെത്തി. നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥികളെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് കണ്ടെത്തിയത്. റെയില്‍വേ പൊലീസാണ് ഇവരെ കണ്ണൂരില്‍ ഇറക്കിയത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. 

2500 രൂപയുമായാണ് വിദ്യാര്‍ഥികള്‍ ഊട്ടി ലക്ഷ്യമാക്കി ട്രെയിന്‍ കയറിയത്. എന്നാല്‍ ഇവര്‍ക്ക് ആര്‍ക്കും ഊട്ടിയിലേക്ക് പോകാന്‍ വഴി അറിയില്ലായിരുന്നു. പരീക്ഷ കഴിഞ്ഞ് യൂണിഫോം മാറി ആയിരുന്നു യാത്ര. കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിയാണ് ഇവര്‍ ട്രെയിന്‍ പിടിച്ചത്. കണ്ണൂരിലേക്കാണ് ഇവര്‍ ടിക്കറ്റ് എടുത്തത്. കണ്ണൂരെത്തിയിട്ടും കുട്ടികള്‍ സ്‌റ്റേഷനില്‍ ഇറങ്ങിയില്ല.

എന്നാല്‍ കുട്ടികള്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കയറുന്നതിന് മുമ്പ് തന്നെ ചാത്തന്നൂര്‍ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂരില്‍ വെച്ച് റെയില്‍വേ പൊലീസ് തിരച്ചില്‍ നടത്തുന്നത്. പിന്നീട് ചാത്തന്നൂര്‍ പൊലീസ് സംഘമെത്തി കുട്ടികളെ നാട്ടിലേക്ക് തിരികെ കൊണ്ടുപോയി.