തിരുവനന്തപുരത്ത് യുവാവിനെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: യുവാവിനെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന കേസ്സിലെ പ്രതികളെ പേട്ട പൊലീസ് പിടികൂടി. കൊല്ലം ഇരവിപുരം സഫിയ മൻസിൽ മുഹമ്മദ് ഷാഹിദ്(28), കൊല്ലം കയക്കൽ അയന മുറി നഗർ സെയ്ദ് അലി (28)എന്നിവരെയാണ് പേട്ട പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം. കരിക്കകം ബിവറേജ് ഷോപ്പിന് സമീപമുള്ള പെട്രോൾ പമ്പിലെ ബാത്റൂമിൽ വെച്ച് വെളുപ്പിന് നാലുമണിയോടുകൂടി കൊല്ലം സ്വദേശിയായ യുവാവിനെ ആക്രമിച്ചാണ് പ്രതികൾ 12 പവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർന്നത് എന്ന് പേട്ട പൊലീസ് പറഞ്ഞു. കവർച്ചക്കുശേഷം കാറിൽ രക്ഷപ്പെട്ട പ്രതികളെ ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ പേട്ട എസ്.എച്.ഒ. പ്രകാശ്, എസ്.ഐ മഹേഷ്, സി.പി.ഒമാരായ രാജാറാം, കണ്ണൻ, ഷമ്മി എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഡ്രൈവിംഗ് സ്കൂൾ കോമ്പൗണ്ടിൽ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച മോഷ്ടാവിനെ ബുള്ളറ്റ് ഉടമ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറിയ സംഭവവും തിരുവനന്തപുരത്തുണ്ടായി. കല്ലിയൂർ സുനിതാ ഭവനിൽ ബാലു (26) നെയാണ് ബുള്ളറ്റ് ഉടമയായ വിഴിഞ്ഞം സ്വദേശി കലാം പിടികൂടി പൊലീസിന് കൈമാറിയത്.  ഞായറാഴ്ച രാവിലെയാണ് വിഴിഞ്ഞത്ത് പ്രവർത്തിക്കുന്ന സൺ മൂവിങ് ഡ്രൈവിംഗ് സ്കൂൾ കെട്ടിടത്തിന്റെ കോമ്പൗണ്ടിലെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബുള്ളറ്റ് മോഷണം പോകുന്നത്. താക്കോൽ ബുള്ളറ്റിൽ വച്ചശേഷമാണ് ഉടമ പോയത്. തുടർന്ന് ഉടമ സമീപത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. ഇതിൻ്റെ പിന്നാലെ നടത്തിയ അന്വേഷണത്തിൽ ബാലരാമപുരം പനയറകുന്ന് ഭാഗത്ത് വച്ച് മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന പ്രതിയെ കാണുകയും തുടർന്ന് പിൻതുടർന്ന് പിടികൂടി വിഴിഞ്ഞം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ വിഴിഞ്ഞം പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.