'സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി 'അമ്മയ്ക്ക്' യാതൊരു ബന്ധവും ഇല്ല; മോഹന്‍ലാലും പിന്‍മാറി'

കൊച്ചി: അമ്മയും മോഹന്‍ലാലും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്നും പിന്‍മാറിയതാണെന്ന് വ്യക്തമാക്കി താര സംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സിസിഎല്‍ സീസണില്‍ മത്സരിക്കുന്ന ടീമുമായി അമ്മയ്ക്ക് ഒരു ബന്ധവും ഇല്ലെന്നും ഇടവേള ബാബു വ്യക്തമാക്കി. നേരത്തെ സിസിഎല്‍ ടീമിനെ പ്രഖ്യാപിച്ച സമയത്ത് മോഹന്‍ലാല്‍ നോണ്‍ പ്ലെയിംഗ് ക്യാപ്റ്റനാണെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു എന്നാല്‍ പിന്നീട് ടീം ശരിക്കും പ്രഖ്യാപിച്ചപ്പോള്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ല.ഇതിലാണ് ഇപ്പോള്‍ അമ്മ നേതൃത്വം വ്യക്തത വരുത്തുന്നത്. എട്ടു വര്‍ഷത്തോളം കേരള സ്ട്രൈക്കേര്‍സ് മാനേജറായിരുന്നു താന്‍ എന്നും ഇപ്പോള്‍ നടക്കുന്ന ലീഗുമായി ഒരു ബന്ധവും ഇല്ലെന്നുമാണ് ഇടവേള ബാബു വ്യക്തമാക്കുന്നത്. ഇപ്പോള്‍ നടക്കുന്ന സിസിഎല്ലില്‍ ആദ്യത്തെ രണ്ട് മത്സരത്തിലും കേരള സ്ട്രൈക്കേര്‍സ് പരാജയപ്പെട്ടിരുന്നു. ഉണ്ണി മുകുന്ദന്‍ ക്യാപ്റ്റനായി ഇറങ്ങിയ ആദ്യ മത്സരത്തില്‍ തെലുങ്ക് വാരിയേര്‍സിനോടും. കുഞ്ചാക്കോബോബന്‍ നായകനായി എത്തിയ രണ്ടാം മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേസിനോടും കേരള സ്ട്രൈക്കേര്‍സ് തോല്‍ക്കുകയായിരുന്നു.നിലവില്‍ സി3 സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബാണ് കേരള സ്ട്രൈക്കേര്‍സായി മത്സരിക്കുന്നത്. .തമിഴ് ചലച്ചിത്രതാരം രാജ്കുമാർ സേതുപതി, ഭാര്യ ശ്രിപ്രിയ, ഷാജി ജെയ്സൻ എന്നിവരാണ് ഇപ്പോൾ കേരള സ്ട്രൈക്കേഴ്സിന്റെ ഉടമസ്ഥർ. കുഞ്ചാക്കോ ബോബനാണ് ക്യാപ്റ്റന്‍. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇക്കുറി സിസിഎൽ നടക്കുന്നത്.