ഉമ്മ മരിച്ചു, വീട് പൂട്ടി പോയി; തക്കം നോക്കി മോഷണം, വീട് കുത്തിത്തുറന്ന് പ്ലാറ്റിനം മാല, പണം, ബൈക്കും കവർന്നു

തിരുവനന്തപുരം: പാറശ്ശാല ഇടിച്ചയ്ക്ക് പ്ലാമൂട്ടിൽ വീട്ടിൽ നിന്നും പ്ലാറ്റിനം മാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന 20,000 രൂപയും പുറത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കും മോഷ്ടിച്ചു. ഇടിച്ചയ്ക്ക് പ്ലാമൂട് ചാനൽക്കര വീട്ടിൽ ഷാഹുൽ ഹമീദിന്റെ വീട്ടിൽ ആണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപ വിലപിടിപ്പുള്ള പ്ലാറ്റിനം മാല, 20,000 രൂപ, വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന ഹോണ്ട ബൈക്ക് എന്നിവയുമായി ആണ് മോഷ്ടാക്കൾ കടന്നത് എന്ന് പാറശാല പൊലീസ് പറഞ്ഞു.വീട്ടുടമ ഷാഹുൽഹമീദിന്റെ മാതാവ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇതിന്‍റെ മരണാനന്തര ചടങ്ങുകൾക്കായി ഷാഹുൽ ഹമീദും കുടുംബവും കളിയിക്കാവിളയിലുള്ള   കുടുംബ വീട്ടിലായിലേക്ക് പോയ തക്കം നോക്കിയാണ് മോഷണം നടന്നിരിക്കുന്നത്. തിരികെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്‍റെ മുൻവശത്തെ വാതിലിന്‍റെ പൂട്ടു തകർത്ത് അകത്ത് കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപ വിലപിടിപ്പുള്ള പ്ലാറ്റിനം മാല, 20000, രൂപ എന്നിവയും വീട്ടിൽ ഉണ്ടായിരുന്ന താക്കോൽ കൈക്കലാക്കി പുറത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുമായാണ് കടന്നത്. പാറശ്ശാല പൊലീസും വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതികൾ ഉടൻ പിടിയിലാകുമെന്നും അന്വേഷണം ഊ‍ർജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.