*പ്രഭാത വാർത്തകൾ*2023 | ഫെബ്രുവരി 27 | തിങ്കൾ

◾സാമൂഹികനീതി-ശാക്തീകരണ വിഷയത്തില്‍ ചരിത്രപ്രഖ്യാപനവുമായി കോണ്‍ഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗഢിലെ റായ്പുരില്‍ സമാപനം. അധികാരത്തിലെത്തിയാല്‍ പത്തുവര്‍ഷം കൂടുമ്പോഴുള്ള സെന്‍സസിനൊപ്പം സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ് നടത്തുമെന്നും ഒ.ബി.സി. വിഭാഗത്തിന് പ്രത്യേക മന്ത്രാലയം സ്ഥാപിക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 50 ശതമാനം സീറ്റുകള്‍ നല്‍കുമെന്നും പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന സമ്പൂര്‍ണ സുരക്ഷാ പദ്ധതിയായ ന്യായ് നടപ്പാക്കുമെന്നും കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടായി.

◾ദ്യശ്യങ്ങള്‍ പകര്‍ത്തുന്നതിന് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപെട്ട് വി ഡി സതീശന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഗാലറിയില്‍ പ്രവേശിപ്പിക്കുന്നതായിരുന്നു കാലങ്ങളായി നിയമസഭയിലെ കീഴ് വഴക്കം. എന്നാല്‍ കോവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത് റദ്ദാക്കിയിരുന്നു. മാധ്യമവിലക്ക് അടിയന്തിരമായി പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവതരണാനുമതി നല്‍കാത്തതിനാല്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് പുനഃസംഘടനാ ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കില്ല. താല്‍ക്കാലിക സിന്‍ഡിക്കേറ്റ് രൂപീകരിക്കാനുള്ള ബില്‍ ഇന്നത്തേക്ക് ലിസ്‌ററ് ചെയ്തിരുന്നുവെങ്കിലും ഗവര്‍ണറുടെ അനുമതി ലഭിക്കാതിരുന്നതിനാല്‍ മാറ്റി വെക്കുകയായിരുന്നു.

◾ഇസ്രായേലിലെ കൃഷി രീതി പഠിക്കാന്‍ സര്‍ക്കാര്‍ അയച്ച സംഘത്തില്‍ നിന്നും കാണാതായ ബിജു കുര്യനെ ഇസ്രായേലി ആഭ്യന്തര പോലീസ് കണ്ടെത്തി. ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഇയാള്‍ ഇന്ന് കേരളത്തിലെത്തുമെന്ന് സഹോദരന്‍ അറിയിച്ചതായി കൃഷി മന്ത്രി പ്രസാദ് വ്യക്തമാക്കി.

◾തുടര്‍ ചികിത്സയ്ക്ക് കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുനാസര്‍ മഅദ്‌നി സുപ്രീംകോടതിയെ സമീപിച്ചേക്കും. ബെംഗളുരു വിട്ടു പോകരുത് എന്നതായിരുന്നു മഅദ്‌നിയുടെ ജാമ്യവ്യവസ്ഥകളിലൊന്ന്. വിദഗദ്ധ പരിശോധനയില്‍ തലച്ചോറിലേക്ക് രക്തയോട്ടം കുറവാണെന്ന് കണ്ടെത്തിയതോടെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിലവില്‍ ശസ്ത്രക്രിയയ്ക്ക് പറ്റിയ ആരോഗ്യസ്ഥിതിയിലല്ല മഅദ്‌നി എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

◾എസ്എഫ്‌ഐ തനിക്കെതിരെ അപവാദ പ്രചാരണം തുടരുന്നുവെന്നും തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നും ആരോപിച്ച് കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായിരുന്നു ഡോ രമ വാര്‍ത്താക്കുറിപ്പിറക്കി. താന്‍ ഒരു മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ കൊണ്ട് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങള്‍ക്കും കോളേജിന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിനും നിര്‍വ്യാജം മാപ്പു പറയുന്നുവെന്നും ഡോ രമ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

◾പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ തിരുവല്ല തിരുമൂലപുരം ആടുംമ്പട കോളനിയില്‍ രതീഷിന്റേയും രഞ്ജുവിന്റേയും മകള്‍ ഗ്രീഷ്മ ദേവിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുമൂലപുരം ബാലികാമഠം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു ഗ്രീഷ്മ ദേവി.

◾ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് വിധവയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കണ്ണൂര്‍ തലശ്ശേരി പോയനാട് മാമ്പറം കറുവാരത്ത് ഹൗസില്‍ നഷീല്‍ (31) പിടിയിലായി. എറണാകുളം സ്വദേശിനിയായ വിധവയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ പീഡപ്പിച്ച കേസിലാണ് പിടിയിലായത്.

◾അരയന്‍കാവ് സ്വദേശിനിയായ യുവതിയില്‍ നിന്ന് വിവാഹ വാഗ്ദാനം നല്‍കി 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. ആലപ്പുഴ പുന്നപ്ര സൗത്ത് ദുന്നജാത്ത് വീട്ടില്‍ മുഹമ്മദ് അജ്മല്‍ ഹുസൈനാണ് (28 ) ഐഎഎസ് ട്രെയിനി ചമഞ്ഞ് 30 ലക്ഷം രൂപ തട്ടിയെടുത്തത്.

◾കാറിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തൃശൂര്‍ പനങ്കുളം സ്വദേശി കൈതക്കപ്പുഴ ത്യാഗരാജന്റെ മകന്‍ സത്യരാജന് (47) വെട്ടേറ്റു. കാറിലെത്തിയ ആറംഗസംഘമാണ് സത്യരാജനെ വെട്ടിയത്. കരുവന്നൂര്‍ പനങ്കുളം എസ്.എന്‍.ഡി.പി ഹാളിന് സമീപത്ത് വച്ചായിരുന്നു സംഭവം.

◾മാനസിക വെല്ലുവിളി നേരിട്ട യുവതിയെ നിര്‍ത്തിയിട്ട ബസില്‍ വച്ച് കൂട്ടബലാല്‍ത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രധാന പ്രതി കുന്നമംഗലം പന്തീര്‍പാടം സ്വദേശി ഇന്ത്യേഷ് കുമാര്‍ അറസ്റ്റിലായി. 2021 ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍നിന്നു പിണങ്ങി ഇറങ്ങിയ മാനസിക വെല്ലുവിളി നേരിട്ട യുവതിയെ യുവാക്കള്‍ ബൈക്കില്‍ കയറ്റി നിര്‍ത്തിയിട്ട ബസില്‍ എത്തിച്ചു ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

◾കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നതിന്റെ ഭാഗമായി നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടില്‍ സംസ്ഥാനത്ത് ഇന്നലെ 12 പേര്‍ അറസ്റ്റില്‍. 142 കേസുകളാണ് സംസ്ഥാനത്താകെ റജിസ്റ്റര്‍ ചെയ്തത്. ചെറുപ്പക്കാരായ ഐടി വിദഗ്ധരാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും.

◾സീനിയര്‍ വിദ്യാര്‍ഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിനി ഡോ. പ്രീതി മരിച്ചു. വാറങ്കല്‍ സ്വദേശിനിയും കകാതിയ മെഡിക്കല്‍ കോളേജിലെ അനസ്തീഷ്യ വിഭാഗത്തില്‍ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനിയുമായ പ്രീതി സ്വയം വിഷം കുത്തി വെച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പ്രീതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന് പിന്നില്‍ ലവ് ജിഹാദ് ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബണ്ടി സഞ്ജയ് ആരോപിച്ചിരുന്നു. കേസില്‍ ആരോപണ വിധേയനായ ഡോ. സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

◾ദില്ലി ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെ സിബിഐ മദ്യനയ കേസില്‍ അറസ്റ്റ് ചെയ്തു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. സിബിഐ രജിസ്റ്റര്‍ ചെയ്ത മദ്യ നയ കേസില്‍ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ.

◾മദ്യനയ കേസിലെ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി എഎപിയും അരവിന്ദ് കെജ്രിവാളടക്കമുള്ള നേതാക്കളും. ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് വിശേഷിപ്പിച്ച ആംആദ്മി, സിസോദിയയുടെ അറസ്റ്റ് ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും തുറന്നടിച്ചു.

◾മേഘാലയയിലും നാഗാലാന്‍ഡിലും ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ്. 60 മണ്ഡലങ്ങളാണ് ഇരു സംസ്ഥാനങ്ങളിലുമുള്ളത്. മേഘാലയയില്‍ സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് ഒരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയും, നാഗാലാന്‍ഡിലെ ഒരു മണ്ഡലത്തില്‍ ബിജെപി എതിരില്ലാത്ത തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ഇതോടെ 59 ഇടങ്ങളിലേക്കാണ് രണ്ടിടങ്ങളിലും മത്സരം നടക്കുന്നത്.

◾രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിന് സജ്ജമാകാന്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ആഹ്വാനം. രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണ്ണാടകം, ഛത്തീസ്ഘട്ട് തെരഞ്ഞെടുപ്പുകള്‍ അതി നിര്‍ണ്ണായകമാണെന്നും വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഉണ്ടാകണമെന്നും പ്ലീനറി സമ്മേളനം ചൂണ്ടികാട്ടി. ഈ നിയമസഭകളിലെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാണെന്നും അതുകൊണ്ടുതന്നെ വിജയം നേടാന്‍ സാധിക്കണമെന്നും നേതൃത്വം വ്യക്തമാക്കി.

◾വരുന്നു കോണ്‍ഗ്രസിന്റെ കിഴക്ക് പടിഞ്ഞാറ് യാത്ര. ഭാരത് ജോഡോ യാത്ര വന്‍ വിജയമാണെന്നു വിലയിരുത്തിയ കോണ്‍ഗ്രസ് നേതൃത്വം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായിയായാണ് രാജ്യത്തിന്റെ കിഴക്കുനിന്ന് തുടങ്ങി പടിഞ്ഞാറ് അവസാനിക്കുന്ന യാത്രക്കൊരുങ്ങുന്നത്. അരുണാചല്‍ പ്രദേശിലെ പാസിഘട്ട് മുതല്‍ ഗുജറാത്തിലെ പോര്‍ബന്തര്‍ വരെയായിരിക്കും കിഴക്ക് - പടിഞ്ഞാറ് യാത്ര.

◾മുഗള്‍ വംശത്തിലെ ഭരണകര്‍ത്താക്കളെ മുഴുവന്‍ വില്ലന്മാര്‍ ആക്കേണ്ട ആവശ്യമില്ലെന്നും അവര്‍ ചെയ്തതെല്ലാം ഭീകരമായിരുന്നുവെങ്കില്‍ അവര്‍ നിര്‍മിച്ച താജ്മഹലും ചെങ്കോട്ടയും ഇടിച്ചുകളയേണ്ടിവരുമെന്നും പ്രശസ്ത സിനിമാതാരം നസിറുദ്ദീന്‍ ഷാ. നമ്മള്‍ അവരെ മഹത്വവത്കരിക്കേണ്ട ആവശ്യമില്ല. പക്ഷേ അവഹേളിക്കേണ്ട ആവശ്യവുമില്ല. നസിറുദ്ദീന്‍ ഷാ പറഞ്ഞു.

◾സിദ്ദു മൂസേവാല കൊലപാതക കേസിലെ രണ്ട് പ്രതികള്‍ കൊല്ലപ്പെട്ടു. ദുരന്‍ മന്‍ദീപ് സിംഗ് തൂഫാന്‍, മന്‍മോഹന്‍ സിംഗ് എന്നിവരാണ് പഞ്ചാബിലെ തന്‍താരന്‍ ജില്ലയിലെ ഗോവിന്ദ്വാല്‍ സാഹിബ് ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ജയിലിനകത്തെ രണ്ട് ഗ്യാങ്ങുകള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പഞ്ചാബ് പോലീസ് പറഞ്ഞു.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. നിലവിലെ ചാംപ്യന്മാാരായ ഹൈദരാബാദ് എഫ്സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. പ്ലേ ഓഫിലേക്ക് നേരത്തെ തന്നെ യോഗ്യത നേടിയ ബ്ലാസ്റ്റേഴ്സിന് 20 മത്സരങ്ങളില്‍ 31 പോയിന്റാണുള്ളത്. ഇത്രയും മത്സരങ്ങളില്‍ 42 പോയിന്റുള്ള ഹൈദരാബാദ് രണ്ടാം സ്ഥാനത്താണ്.

◾സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം പരാജയം. കര്‍ണാടക ബുള്‍ഡോസേഴ്‌സ് എട്ട് വിക്കറ്റിനാണ് കേരള സ്‌ട്രൈക്കേഴ്‌സിനെ പരാജയപ്പെടുത്തിയത്.

◾വനിതാ ക്രിക്കറ്റ് ടി20 ലോകകപ്പ് കിരീടം ആറാം തവണയും ഓസ്ട്രേലിയക്ക്. ഫൈനലില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 19 റണ്‍സിനാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് 6 വിക്കറ്റിന് 156 റണ്‍സ് എടുത്തു. 53 പന്തില്‍ പുറത്താവാതെ 74 റണ്‍സ് നേടിയ ബേത് മൂണിയുടെ ബാറ്റിംഗാണ് ഓസ്‌ട്രേലിയക്ക് തുണയായത്. 157 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളു.

◾ഇന്ത്യയുടെ വിദേശ നാണയശേഖരം പെബ്രുവരി 17ന് അവസാനിച്ച ആഴ്ചയില്‍ 570 കോടി ഡോളര്‍ ഇടിഞ്ഞ് 56,127 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തുടര്‍ച്ചയായ മൂന്നാം ആഴ്ചയാണ് ശേഖരം ഇടിയുന്നത്. വിദേശ കറന്‍സി ആസ്തിയിലെ (എഫ്.സി.എ) ഇടിവാണ് പ്രധാന തിരിച്ചടി. 450 കോടി ഡോളര്‍ താഴ്ന്ന് 49,607 കോടി ഡോളറാണ് വിദേശ കറന്‍സി ആസ്തി. കരുതല്‍ സ്വര്‍ണശേഖരം 100 കോടി ഡോളര്‍ ഇടിഞ്ഞ് 4,182 കോടി ഡോളറായി. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആക്കംകുറയ്ക്കാന്‍ വിദേശ നാണയശേഖരത്തില്‍ നിന്ന് വന്‍തോതില്‍ ഡോളര്‍ വിറ്റൊഴിയാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായിട്ടുണ്ട്. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും വിദേശ നാണയശേഖരത്തില്‍ യൂറോ, യെന്‍, പൗണ്ട്, സ്വര്‍ണം, ഐ.എം.എഫിലെ കരുതല്‍ ശേഖരം തുടങ്ങിയവയുണ്ട്. ജനുവരി 27ലെ കണക്കുപ്രകാരം ഇന്ത്യയുടെ വിദേശ നാണയശേഖരം 9.4 മാസത്തെ ഇറക്കുമതിച്ചെലവിന് തുല്യമാണ്.

◾ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന 'എന്താടാ സജിയിലെ' ആദ്യ വീഡിയോ സോംഗ് പുറത്തിറങ്ങി. വില്യം ഫ്രാന്‍സിസ് സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അര്‍ഷാദ് റഹീം ആണ്. മൃദുല വാര്യരും വില്യവും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. നിവേദ തോമസ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ,ജയസൂര്യയും വീണ്ടും ഒരു ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. ഒരു ഫാമിലി കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം വില്യം ഫ്രാന്‍സിസ് നിര്‍വഹിക്കുന്നു.

◾വാടിപ്പോയ പെണ്‍കരുത്ത് പ്രകൃതിയുടെ ലാളനയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. അതിജീവനത്തിന്റെ കഥ പറയുന്ന 'മറിയം' സമകാലിക സമൂഹത്തിലെ മരവിച്ച പെണ്‍മനസുകള്‍ക്കു ഉണര്‍വേകുന്ന ചിത്രമാണ്. കപ്പിള്‍ ഡയറക്ടേഴ്സായ ബിബിന്‍ജോയ് ഷിഹാബിബിന്‍ സംവിധാനം ചെയ്യുന്ന മറിയം മാര്‍ച്ച് മൂന്നിന് തീയേറ്ററുകളിലെത്തുന്നു. മൃണാളിനി സൂസണ്‍ ജോര്‍ജാണ് മറിയമാകുന്നത്. ജോസഫ് ചിലമ്പന്‍ , ക്രിസ് വേണുഗോപാല്‍, പ്രസാദ് കണ്ണന്‍, അനിക്സ് ബൈജു , രേഖ ലക്ഷ്മി, ജോണി ഇ വി , സുനില്‍ , എബി ചാണ്ടി, ബോബിന്‍ ജോയി, അരുണ്‍ ചാക്കോ , മെല്‍ബിന്‍ ബേബി, ചിന്നു മൃദുല്‍ , ശ്രീനിക്, അരുണ്‍ കുമരകം, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യന്‍ പെരുമ്പാവൂര്‍, ദീപു, വിജീഷ്, ഷാമോന്‍ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു. രചന -ബിജു ജോയ്.

◾അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവുമായി 2023 ടാറ്റ ഹാരിയര്‍ ഇന്ത്യയില്‍ പുറത്തിറക്കി. പുതുക്കിയ എസ്യുവിയുടെ വില 15 ലക്ഷം രൂപയില്‍ തുടങ്ങി 24.07 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം, ന്യൂഡല്‍ഹി). 15 ലക്ഷം മുതല്‍ 22.60 ലക്ഷം രൂപ വരെയായിരുന്നു (എക്‌സ് ഷോറൂം) നിലവിലുള്ള ഹാരിയറിന്റെ വില. ടാറ്റ ഹാരിയാര്‍ 2023 മോഡലില്‍ 10 എഡ്എസ് സവിശേഷതകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫോര്‍വേഡ് കൊളീഷന്‍ മുന്നറിയിപ്പ്, ഓട്ടോണോമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ഹൈ ബീം അസിസ്റ്റ്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ മുന്നറിയിപ്പ്, ലെയിന്‍ മാറ്റ അലേര്‍ട്ട്, ബ്ലൈന്‍ഡ് സ്പോട്ട് ഡിറ്റക്ഷന്‍, ഡോര്‍ ഓപ്പണ്‍ അലേര്‍ട്ട്, ട്രാഫിക് സൈന്‍ റെക്കഗ്നിഷന്‍, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട്, റിയര്‍ കൊളിഷന്‍ മുന്നറിയിപ്പ്. 360-ഡിഗ്രി ക്യാമറ, വയര്‍ലെസ് ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയുള്ള പുതിയ 10.3-ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ 7-ഇഞ്ച് ഡിജിറ്റല്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് പുതിയ ഹാരിയറിലെ മറ്റ് പ്രധാന കൂട്ടിച്ചേര്‍ക്കലുകള്‍.

◾ജീവപ്രപഞ്ചത്തെക്കുറിച്ചുള്ള ബഹുസ്വരദര്‍ശനങ്ങള്‍ ഗൗരവപൂര്‍വ്വം സമാഹരിക്കപ്പെട്ടിട്ടുള്ള കനത്ത പുസ്തകം. വേദേതിഹാസങ്ങള്‍ മുതല്‍ക്ക് വിവിധ മതദര്‍ശനങ്ങള്‍ പ്രകൃതി/മനുഷ്യര്‍ പാരസ്പര്യത്തെയും വൈരുദ്ധ്യത്തെയും എങ്ങനെ കണ്ടു, വ്യാഖ്യാനിച്ചു, വിലയിരുത്തി എന്നതിലേക്കുള്ള അന്വേഷണമാണ് ഇതിന്റെ ഉള്ളടക്കം. ചരിത്രാതീതകാലം മുതല്‍ക്കേ മുഴങ്ങിക്കൊണ്ടിരിക്കുന്ന ഘനഗംഭീരമായ മണിനാദംപോലെ ഇത് അനുഭവപ്പെടുന്നു. ഇതരജീവജാലങ്ങളില്‍നിന്നു ഭിന്നമായി മനുഷ്യര്‍ മാത്രം പ്രകൃതിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഘോരഭയാനക ചൂഷണങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കും റവ. ഡോ. മോത്തി വര്‍ക്കിയുടെ ഈ പുസ്തകം. 'പരിസ്ഥിതി ദര്‍ശനം മതങ്ങളില്‍'. മാതൃഭൂമി. വില 272 രൂപ.

◾കോവിഡ് 19 ന്റെ പ്രഭാവം കുറഞ്ഞെങ്കിലും ഇന്നും പലരിലും അതിന്റെ പാര്‍ശ്വഫലങ്ങള്‍ കാണപ്പെടുന്നുണ്ട്. അടിക്കടിയുണ്ടാകുന്ന പനിയും മറ്റു രോഗങ്ങളുമൊക്കെ ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞതിന്റെ അടയാളങ്ങളാകാം. ഇതു കൂടാതെ ഇത്തവണ കടുത്ത ചൂടാണ് അനുഭവപ്പെടാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. താപനിലയിലെ ഈ ഏറ്റക്കുറച്ചിലുകള്‍ കാരണവും വൈറല്‍ പനി, ജലദോഷം, അലര്‍ജി തുടങ്ങി നിരവധി രോഗങ്ങള്‍ ഉണ്ടാകാം. ഇവയില്‍ നിന്ന് രക്ഷനേടാന്‍ നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനായി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വിറ്റാമിന്‍ സി ആവശ്യമാണ്. ശക്തമായ പ്രതിരോധശേഷി ശരീരത്തെ പല വൈറല്‍ അണുബാധകളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന്, പൈനാപ്പിള്‍, നാരങ്ങ, ഓറഞ്ച്, പപ്പായ, കിവി തുടങ്ങിയ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. വെള്ളം ശരീരത്തില്‍ നിന്ന് വിഷ ഘടകങ്ങള്‍ നീക്കം ചെയ്യുന്നു. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ഭാരം നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു. ആവശ്യമായ എല്ലാ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നതിനാല്‍ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തെ മികച്ചതാക്കുന്നു. പച്ച ഇലക്കറികളില്‍ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങള്‍ ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ മാത്രമല്ല, ശരീരത്തെ ഉള്ളില്‍ നിന്ന് ശക്തമാക്കാനും സഹായിക്കും. ഈ സീസണില്‍, നിങ്ങളുടെ ഭക്ഷണത്തില്‍ തീര്‍ച്ചയായും ഇലക്കറികള്‍ ഉള്‍പ്പെടുത്തണം. തൈര് ദിവസവും കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.പ്രോട്ടീന്‍, കാല്‍സ്യം, റൈബോഫ്‌ലേവിന്‍, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 12 തുടങ്ങിയ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട. ഇത് ശരീരത്തെ പല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്നു. കൂണ്‍ വിറ്റാമിന്‍-ഡിയുടെ നിധിയായി കണക്കാക്കപ്പെടുന്നു. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു. അതിനാല്‍ നിങ്ങള്‍ക്ക് വൈറസുകള്‍ക്കും ബാക്ടീരിയകള്‍ക്കും എതിരെ എളുപ്പത്തില്‍ പോരാടാനാകും. ഈ സീസണില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ കൂണ്‍ ഉള്‍പ്പെടുത്തുന്നത് അഭികാമ്യമാണ്.

*ശുഭദിനം*

കൊട്ടാരത്തില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ചയാളെ കണ്ടെത്താന്‍ രാജാവ് ബീര്‍ബലിന്റെ സഹായം തേടി. സേവകരെയെല്ലാം ചോദ്യം ചെയ്‌തെങ്കിലും എല്ലാവരും കുറ്റം നിഷേധിച്ചു. ബീര്‍ബല്‍ എല്ലാവര്‍ക്കും തുല്യനീളമുള്ള ഒരു കമ്പ് നല്‍കിയശേഷം പറഞ്ഞു: ഇതു കള്ളം തെളിയിക്കാനുപയോഗിക്കുന്ന വടിയാണ്. മോഷ്ടിച്ചയാളുടെ കമ്പിന് നാളെ രണ്ടിഞ്ചു നീളം കൂടും. നാളെ ഇതേ സമയത്ത് എല്ലാവരും ഈ വടിയുമായി എത്തുക. പിറ്റേന്ന് എല്ലാവരും എത്തി. കമ്പിന്റെ നീളം നോക്കിയപ്പോള്‍ ഒരാളുടെ മാത്രം കമ്പിന് രണ്ടിഞ്ചു നീളം കുറവായിരുന്നു. ബീര്‍ബല്‍ പറഞ്ഞു: ഇയാളാണ് മോഷ്ടാവ്. ഇതെങ്ങിനെ തിരിച്ചറിഞ്ഞുവെന്ന് രാജാവ് ചോദിച്ചപ്പോള്‍ ബീര്‍ബല്‍ പറഞ്ഞു: വടിയുടെ നീളം കൂടുമെന്ന് പേടിച്ച് ഇയാള്‍ ഇന്നലെ തന്നെ രണ്ടിഞ്ച് നീളം മുറിച്ചുകളഞ്ഞു! തെറ്റ് ചെയ്യുന്നതിനേക്കാള്‍ ശ്രമകരമാണ് അത് ഒളിപ്പിക്കൂന്നത്. ഏത് കര്‍മ്മത്തിലും അറിഞ്ഞോ അറിയാതെയോ ഒരു തെളിവ് അവശേഷിക്കും. മറ്റുളളവര്‍ സ്ഥാപിക്കുന്ന നിരീക്ഷണ ക്യാമറകളെ ഭയപ്പെടുന്നതിനേക്കാള്‍ അവനവന്റെ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ എല്ലാ പ്രവൃത്തികളിലും ശരിയുടെ നാമ്പുകള്‍ ഉണ്ടായിരിക്കും. ഓരോ കുറ്റവാളിയും ഗവേഷണം ചെയ്യുന്നത് ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ എങ്ങനെയാ കര്‍മ്മം നിര്‍വ്വഹിക്കാമെന്നാണ്. എന്നാല്‍ അതേ താല്‍പര്യവും ക്രിയാത്മകതയും നന്മ ചെയ്യുന്ന കാര്യത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ എത്രമാത്രം സാമൂഹ്യപ്രസക്തമായേനെ ഓരോ ജീവിതവും. നമ്മുടെ സ്വസ്ഥതനശിപ്പിക്കുന്നതോ ഭയപ്പടുത്തുന്നതോ ആയ തെറ്റില്‍ നിന്നും നമുക്ക് ഒഴിഞ്ഞ് നില്‍ക്കാന്‍ ശ്രമിക്കാം- *ശുഭദിനം