തൃശൂർ: ഉപഭോക്താക്കൾക്ക് ഉടൻ വൈദ്യുതി ബിൽ തുക നൽകാൻ സൗകര്യമൊരുക്കും വിധം സ്പോട്ട് ബില്ലിങ് മെഷീനുകളുമായി കെ.എസ്.ഇ.ബി. യെസ് ബാങ്കുമായി സഹകരിച്ചാണ് പരീക്ഷണ പദ്ധതി കൊണ്ടുവരുന്നത്. ആദ്യഘട്ടം തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കും.ഇതിന്റെ ഭാഗമായി 200 സ്പോട്ട് ബില്ലിങ് മെഷീനുകൾ പ്രതിമാസം 90 രൂപ വാടകക്ക് യെസ് ബാങ്ക് നൽകും. മീറ്റർ റീഡർമാരുടെ കൈയിൽ മെഷീനുകൾ നൽകി പണം പിരിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച കെ.എസ്.ഇ.ബി മുഴുസമയ ഡയറക്ടർമാരുടെ തീരുമാന ഉത്തരവ് ഇറങ്ങി.ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ വഴി പണം സ്വീകരിക്കാനാവുന്ന ആൻഡ്രോയ്ഡ് സോഫ്റ്റ്വെയർ ഉപയോഗിച്ചാകും പ്രവർത്തനം. കാർഡുകൾ സ്വൈപ് ചെയ്ത് പണം ഈടാക്കി തിരിച്ചുനൽകാം. ഇതിൽ ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് സോഫ്റ്റ്വെയർ, എയ്സ് വെയർ ഫിൻടെസ് സർവിസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയാണ് നിർമിച്ചത്. ആറുമാസം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.