മൂന്നുവയസുകാരന്‍ കിണറ്റില്‍ വീണു, രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തശ്ശിക്ക് ദാരുണാന്ത്യം

കൊടുവള്ളി: കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 48കാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളിയിലായിരുന്നു അപകടമുണ്ടായത്. മുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീണ മകന്‍റെ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ മുഹമ്മദ് കോയയുടെ ഭാര്യ റംല മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് റംലയുടെ മകന്‍റെ മൂന്നുവയസുള്ള മകന്‍ കിണറ്റില്‍ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനായി റംലയും കിണറ്റിലേക്ക് ചാടുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ എത്തുമ്പോള്‍ കിണറിനുള്ളിലെ പൈപ്പില്‍ പിടിച്ചു കിടക്കുകയായിരുന്നു മൂന്നുവയസുകാരന്‍. ആദ്യം കുട്ടിയെ അയല്‍വാസികള്‍ പുറത്തെടുത്തു. റംലയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നരിക്കുനിയിൽനിന്ന് അഗ്നിശമന സേനയെത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്. അബ്ദുൽ അസീസ്, നുസ്രത്ത് ബീവി എന്നിവർ മക്കളും മുഹമ്മദ് ഷഹീദ്, ജംഷിദ എന്നിവർ മരുമക്കളുമാണ്.