*കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് ഇന്ന് മൂന്ന് വര്‍ഷം*

തിരുവനന്തപുരം: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കൊറോണ വൈറസ് കേരളത്തിലെത്തിയിട്ട് തിങ്കളാഴ്ച മൂന്ന് വര്‍ഷം തികയുന്നു.സംസ്ഥാനത്തെയും രാജ്യത്തെയും ആദ്യ കോവിഡ് കേസ് തൃശൂരില്‍ സ്ഥിരീകരിച്ചത് 2020 ജനുവരി 30നായിരുന്നു.

ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്.

നിയന്ത്രണങ്ങളും അടച്ചുപൂട്ടലും സമ്ബര്‍ക്കവിലക്കുമൊക്കെയായി രണ്ട് വര്‍ഷവും ആശ്വാസത്തിന്റെ മറ്റൊരു വര്‍ഷവുമാണ് കടന്നുപോയത്. ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്ത് രണ്ടുമാസത്തിനുശേഷം മാര്‍ച്ച്‌ 30നാണ് സംസ്ഥാനത്ത് ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചത്. 

ഫെബ്രുവരി മൂന്നിന് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മാര്‍ച്ച്‌ 24ന് രാജ്യത്ത് ആദ്യമായി അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു. പിന്നീട് കോവിഡിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിരോധം തീര്‍ക്കുന്നതാണ് കണ്ടത്.

ഇതുവരെ 67,56,874 കോവിഡ് കേസ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 71,574 മരണവും. നിലവില്‍ 50ല്‍ താഴെ രോഗികള്‍ മാത്രമാണ് ചികിത്സയിലുള്ളത്.