കാശ്മീരിന്റെ കാവലാള്‍ ആയി മാറിയ മലയാളി പെണ്ണ്... കേരളത്തിന്റെ അഭിമാനമായ കായംകുളത്തെ ആതിര എന്ന ആര്‍മി വുമണിന്റെ കഥ..

അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്കു വരാന്‍ കഴിയാതിരുന്ന ഒരു കാലം സ്ത്രീകള്‍ക്കുണ്ടായിരുന്നു. പിന്നീട് പതിയെ സമൂഹത്തിലെ എല്ലാ മേഖലകളിലും സ്ത്രീകള്‍ എത്തി. സ്ത്രീയെ അബലയെന്നു വിളിച്ചവർ ഇന്ന് അവളാണ് ശക്തിയെന്നു പറയുന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തി. അങ്ങനെ എത്രയോ മേഖലയില്‍ എത്രയോ സ്ത്രീകള്‍ അഭിമാനമായി മാറി. ഇപ്പോഴിതാ ഇന്ത്യന്‍ ആര്‍മിയിലെ മിടുക്കിയായ ഒരു മലയാളി പെണ്‍കുട്ടിയുടെ ജീവതം ഏവര്‍ക്കും പ്രചോദനമാവുകയാണ്. ആതിര എന്ന പട്ടാളക്കാരിയുടെ കഥ ഇതിനോടകം തന്നെ പലയിടത്തും വൈറലായി മാറിയതാണ്.

ആതിര കെ. പിള്ള എന്ന പെണ്‍കുട്ടി 
കായംകുളംകാരിയായിരുന്നു. കാശ്മീര്‍ അതിര്‍ത്തിയെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ആദ്യ വനിത പട്ടാളക്കാരിലെ ഏക മലയാളി ആയിരുന്നു ആതിര. വലിയ ബാഗും ഒപ്പം റൈഫിളുമായി മാസ്‌കൊക്കെ വച്ച് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം രാജ്യമൊട്ടാകെ വൈറലായിരുന്നു അന്ന് അതൊന്നുമറിയാതെ തന്നെ ഓര്‍ത്ത് തന്റെ കുടുംബവും കൂട്ടുകാരും നാട്ടുകാരുമൊക്കെ അഭിമാനിക്കുമ്പോള്‍ തന്റെ ദൗത്യം പൂര്‍ണ്ണതയോടെ നിര്‍വ്വഹിക്കുന്ന തിരക്കിലായിരുന്നു ആതിര.

പുതിയ ബാച്ചിലൊക്കെ മലയാളി കുട്ടികളുണ്ട്. ഒരുപാട് പെണ്‍കുട്ടികള്‍ പട്ടാളത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ആതിര പറയുന്നു. ആതിരയുടെ അച്ചന്‍ ഒരു പട്ടാളക്കാരനായിരുന്നു. അതുകൊണ്ട് തന്നെ പട്ടാളത്തില്‍ ചേരുക എന്നത് ചെറുപ്പകാലത്ത് തന്നെ ആതിരയുടെ മനസില്‍ കയറിക്കൂടിയ ഒരു ആഗ്രഹമായിയരുന്നു.അച്ഛന്‍ കേശവപിള്ള ആസാം റൈഫിളിലായിരുന്നു. പതിമൂന്ന് വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചപ്പോൾ തനിക്ക് ആ ജോലി ലഭിച്ചു. ചേട്ടനായിരുന്നു അത് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ചേട്ടന് പട്ടാളത്തില്‍ ചേരാന്‍ താല്‍പര്യമില്ലായിരുന്നു, ആശ്രിത ജോലിയാണെങ്കില്‍കൂടി മതിയായ യോഗ്യതകള്‍ ജോലി ലഭിക്കാന്‍ വേണമായിരുന്നു. പരീക്ഷ മാത്രമേ ഇല്ലാതിരുന്നുള്ളു. ബാക്കി ഫിസിക്കല്‍ ടെസ്റ്റും കഠിന പരിശീലനങ്ങളും ഉണ്ടായിരുന്നു.

അഞ്ച് ബിപി ഇടി,പന്ത്രണ്ടു കിലോമീറ്റര്‍ പിപിടി,എട്ട്, പതിനാറ്, മുപ്പത്തിരണ്ടു കിലോ മീറ്റര്‍ റോഡ് മാര്‍ച്ച് പിന്നെ ഫയറിങ് എന്നീ കടമ്പകളെല്ലാം വളരെ പരീക്ഷണങ്ങളായിരുന്നു. അത് കടക്കാതെ മുന്നോട്ടു പോകാന്‍ പറ്റില്ല. ഇരുപത്തഞ്ചു കിലോ ഭാരമുള്ള ബാഗും ആയുധങ്ങളും ഒപ്പം ഉണ്ട്. കൂടെ ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുമിട്ടായിരുന്നു പരിശീലനം. ഓപ്പറേഷനു പോകുമ്പോള്‍ ഇതെല്ലാം ആയിട്ടാണ് പോകുന്നത്.മകള്‍ ഓപ്പറേഷനു പോകുന്നതിന് മുന്‍പ് ഫോണില്‍ വിളിക്കും. പിന്നെ പ്രാര്‍ത്ഥനയും ടെന്‍ഷനുമാെക്കെയാണ്. പിന്നീട് തിരിച്ചെത്തിയാലേ അവള്‍ വിളിക്കുകയുള്ളൂ. തന്റെ ആദ്യ ഓപ്പറേഷന്‍ മണിപ്പൂരിലായിരുന്നു.

വളരെ ബുദ്ധിമുട്ടായിരുന്നു. ഉള്‍ക്കാടുകളിലും മലമുകളിലുമൊക്കെയായിരുന്നു ഓപ്പറേഷന്‍. ഭക്ഷണവും വെള്ളവുമില്ല. അരുവി കണ്ടാല്‍ വെള്ളം കുടിക്കാം. ദിവസങ്ങളോളം ദാഹം സഹിക്കണം. പിന്നെ കാശ്മീര്‍ ഓപ്പറേഷന് ചെങ്കുത്തായ മല മുകളില്‍ ആയിരുന്നു. ഒന്നു പിടിവിട്ടാല്‍ വലിയ കൊക്കയിലേയ്ക്കാണ് പോകുന്നത്. ഇതൊക്കെ പറ്റുന്നവർ മാത്രമേ ഈ മേഖല തെരെഞ്ഞെടുക്കാവുവെന്നും ആതിര പറയുന്നു.റിപ്പബ്ലിക് റാലിയില്‍ പങ്കെടുക്കാന്‍ സാധിച്ചത് തനിക്ക് ഏറെ അഭിമാനം തോന്നിയെന്നും ആതിര പറയുന്നു. വിവാഹം കഴിഞ്ഞു രണ്ടു വര്‍ഷമായെന്നും ജോലി ലഭിച്ചിട്ട് നാലു വര്‍ഷമായി എന്നും എല്ലാ പിന്തുണയുമായി ഭര്‍ത്താവ് സ്മിതേഷും കുടുംബവും കൂടെ ഉണ്ടെന്നും ആതിര പറയുന്നു.